For the best experience, open
https://m.veekshanam.com
on your mobile browser.
Advertisement

ഉന്നതവിദ്യാഭ്യാസമേഖലയിലാകെ
കിന്നരഭരണം

11:17 AM Feb 29, 2024 IST | veekshanam
ഉന്നതവിദ്യാഭ്യാസമേഖലയിലാകെ br കിന്നരഭരണം
Advertisement
  • നിരീക്ഷകൻ
    ഗോപിനാഥ് മഠത്തിൽ

അധികാര മത്സരങ്ങളുടെ കാലമാണിത്. അത് പലമേഖലകളിൽ പലവിധത്തിൽ നടന്നുവരുന്നു. വിദ്യാഭ്യാസരംഗത്ത് യൂണിവേഴ്സിറ്റി തലത്തിൽ സംസ്ഥാന സർക്കാരും ഗവർണറും തമ്മിലുള്ള മത്സരം അതിൻറെ ഉച്ചസ്ഥായിയിൽ എത്തിനിൽക്കുന്നു. സുപ്രീംകോടതി ഉത്തരവിൻറെ അടിസ്ഥാനത്തിൽ സർവ്വകലാശാലകളിൽ പുതിയ വൈസ് ചാൻസിലർമാരെ നിയമിക്കാൻ ഗവർണർ തയ്യാറെടുക്കുന്നതിനിടയിൽ ശ്രീനാരായണഗുരു ഓപ്പൺ സർവ്വകലാശാലാ വിസി ഡോ. പി.എം. മുബാറക്ക്പാഷ രാജി വച്ചത് ആ മത്സരത്തിൻറെ പരിണിതഫലമായിവേണം കാണേണ്ടത്. രാജ്ഭവനിൽ ഗവർണർ നടത്തിയ വിസി വിചാരണയിൽ പങ്കെടുക്കുന്നതിൽ മുബാറക്ക്പാഷയ്ക്കുള്ള വൈമനസ്സ്യമാണോ രാജിയിൽ കലാശിച്ചതെന്നും അറിയില്ല. കുറ്റവാളികളെപ്പോലെ ഗവർണർ സമക്ഷം വിസിമാർ ചെയ്യാത്ത കുറ്റത്തിന് അപരാധം ഏറ്റുപറയുന്ന ശൈലി പലപ്പോഴും പലർക്കും അത്ര ഹിതകരമായി തോന്നുകയില്ല. വിസിമാർ അങ്ങനെ ഗവർണർക്ക് മുമ്പാകെ പഞ്ചപുച്ഛമടക്കി നിൽക്കേണ്ടിവരുന്ന സാഹചര്യം ആത്മാഭിമാനമുള്ളവർക്ക് ദഹിക്കാത്ത കാര്യം തന്നെയാണ്. അത്തരം ഒരു അവസ്ഥയിലേയ്ക്ക് വിസിമാരെ എത്തിച്ചതിൽ പ്രധാനപങ്ക് സംസ്ഥാന സർക്കാരിന് തന്നെയാണ്. അധികാരം നൽകുന്ന സ്വാർത്ഥതയും ഉളുപ്പില്ലായ്മയുമാണ് ഭംഗ്യന്തരേണയെങ്കിലും വിസിമാരെ ഇപ്പോൾ പ്രതികൂട്ടിലാക്കിയിരിക്കുന്നത്. സത്യത്തിൽ ഗവർണറും സർക്കാരും തമ്മിലുള്ള അധികാര തർക്കത്തിൽ ഏറെ വീർപ്പുമുട്ടൽഅനുഭവിക്കുന്നത് ഇതിലൊന്നും പെടാത്ത സത്യസന്ധരായ കുറെ വിദ്യാഭ്യാസ വിചക്ഷണന്മാരാണ്. പാഷയും അതിൽ അറിയാതെ പെട്ടുപോയതിലുള്ള മനക്ലേശമായിരിക്കാം രാജിയിൽ എത്താൻ കാരണം. ഏതായാലും ഇത് എഴുതുന്ന നിമിഷം വരെ ഗവർണർ അദ്ദേഹത്തിൻറെ രാജി സ്വീകരിച്ചിട്ടില്ല. ഒരുപക്ഷേ നാളെ അതുണ്ടാകുമോ എന്നറിയില്ല.
ഗവർണറും സർക്കാരും ചേർന്ന് നടത്തുന്ന ഉന്നതവിദ്യാഭ്യാസരംഗത്തെ ഒളിച്ചുകളിക്ക് ഏതാണ്ട് ഒന്നരവർഷത്തോളം പഴക്കമുണ്ട്. ഗവർണർ പദവി സർക്കാരിൻറെ സകല തോന്ന്യാസങ്ങൾക്കും വെറുതെ മുദ്രവച്ച് അംഗീകാരം നൽകുന്ന പ്രവൃത്തിമാത്രമല്ലെന്നും സംശയമുണ്ടെങ്കിൽ സമയത്തിന് ചോദിച്ച് നിവൃത്തി വരുത്താനും തെറ്റുകൾ കണ്ടെത്തി നേർവഴിക്ക് നയിക്കാനുള്ളതുമാണെന്നും ആരിഫ് മുഹമ്മദ് ഖാൻ ചില പ്രവൃത്തികളിലൂടെ സാധൂകരിക്കുന്നു. പക്ഷെ അത് അധികമായിപ്പോയ പല സന്ദർഭങ്ങളും ഖാനെ, ഗവർണറെക്കാളുപരി ബിജെപിയുടെ അജണ്ട നടപ്പിലാക്കുന്ന വ്യക്തിയാക്കി മാറ്റുകയും ചെയ്തിട്ടുണ്ട്. എസ്എഫ്ഐയുടെ കരിങ്കൊടി മുഷ്ക്കിനെതിരെ പ്രതികരിച്ച് ഒരു ഗവർണർ കടത്തിണ്ണയിൽ ഇരിക്കേണ്ടി വരുന്ന സാഹചര്യം ആ പദവിയുടെ അന്തസ്സിനെ കെടുത്തുന്ന പ്രവൃത്തി എന്നതിനൊപ്പം പിണറായി ഭരണത്തിൻറെ നീതി നിഷേധത്തെയും കെടുകാര്യസ്ഥതയെയും അടയാളപ്പെടുത്തുന്നതുകൂടിയായിരുന്നു. പരസ്പരം കൊണ്ടും കൊടുത്തും ഗോദയിലെ മല്ലന്മാരെപ്പോലെ പിണറായിയും മുഹമ്മദ്ഖാനും മുന്നേറുമ്പോൾ ഭരണവും അതിൻറെ നിയന്ത്രണവും തെരുവാധാരമായി മാറുന്നു.
ഒടുവിൽ കേട്ടവർത്തമാനം മന്ത്രി ആർ.ബിന്ദു അധ്യക്ഷത വഹിച്ച കേരളസർവകലാശാലയിലെ വിവാദ സെനറ്റിലെ തീരുമാനത്തിൽ ഗവർണർ അവിശ്വാസം പ്രകടിപ്പിച്ചു എന്നതാണ്. സെനറ്റിൽ നിയമപരമായി അധ്യക്ഷ സ്ഥാനം വഹിക്കേണ്ട വിസി യോഗത്തിൻറെ മിനിറ്റ്സിൽ ഒപ്പിടാൻ തയ്യാറായിരുന്നില്ല. അതിൽ ഒപ്പിട്ടതാകട്ടെ അധ്യക്ഷയായ മന്ത്രിയും രജിസ്ട്രാർ ഡോ.കെ.എസ്.അനിൽക്കുമാറുമാണ്. ആ മിനിറ്റ്സ് ആണ് സർവ്വകലാശാല ഗവർണർക്ക് അയച്ചുകൊടുത്തത്. പതിവിന് വിരുദ്ധവും നിയമത്തെ അതിലംഘിക്കുന്നതുമായ ഈ പ്രവൃത്തി സർവ്വകലാശാലാ പ്രവർത്തനത്തിൻറെ അന്തസ്സാര ശൂന്യതയെ സൂചിപ്പിക്കുന്നു. മുമ്പും സർവകലാശാലകളെ പാർട്ടി പ്രവർത്തകരെക്കൊണ്ട് നിറയ്ക്കാനും പിൻവാതിൽ നിയമനം നടത്താനും മറ്റും ശ്രമിച്ച സർക്കാരിൻറെ വിപരീതനയങ്ങളുടെ ആവർത്തനമാണ് സെനറ്റിലെ അദ്ധ്യക്ഷ സ്ഥാനത്തേയ്ക്കുള്ള കടന്നുകയറ്റം. ഇവിടെ ഗവർണർ ഉന്നയിച്ച സംശയം സ്വാഭാവികമായും അദ്ദേഹത്തിൻറെ പദവിക്ക് ചേർന്നതാണ്. പലപ്പോഴും ഗവർണർ സ്ഥാനത്ത് അവരോധിതരാകുന്നത് പല്ലുകൊഴിഞ്ഞ പാർട്ടിസിംഹങ്ങളായിരിക്കും. ആരിഫ് മുഹമ്മദ്ഖാനും അക്കൂട്ടത്തിൽപ്പെടുന്ന ഒരാളാണ്. എന്നാൽ അദ്ദേഹത്തിൻറെ വാർദ്ധക്യത്തിലെ ചെറുപ്പത്തിൻറെ അവശേഷിപ്പിക്കുകൾക്ക് മൂർച്ചകൂട്ടാൻ അഴിമതിയിൽ തിളയ്ക്കുന്ന പിണറായി ഭരണം പലപ്പോഴും നിമിത്തമായിട്ടുണ്ട്. അത് മുഹമ്മദ്ഖാനെ ഒരു എടുത്തുചാട്ടക്കാരനായും മോശക്കാരനായും ചിത്രീകരിക്കാൻ കാരണമായിട്ടുണ്ട്. എന്നാൽ ഇവിടെ ഖാൻ ഉന്നയിച്ചിട്ടുള്ള മിനിറ്റ്സുമായി ബന്ധപ്പെട്ട സംശയങ്ങൾ വസ്തുതയ്ക്ക് നിരക്കുന്നതാണ്. മുഖ്യമന്ത്രിയെപ്പോലെ ഭരണം ലഹരിപോലെ തലയ്ക്കുപിടിച്ച ബിന്ദുവിനെപ്പോലുള്ള ചില മന്ത്രിമാർക്കെങ്കിലും മുഹമ്മദ്ഖാൻ കണ്ണിലെ കരടാണ്. ഗവർണറുടെ നിർദ്ദേശമനുസരിച്ച് സെനറ്റ് വിളിച്ച് ചേർത്തത് താനാണെന്നും അപ്രതീക്ഷിതമായി മന്ത്രി യോഗത്തിനെത്തി നിയന്ത്രണം ഏറ്റെടുത്തെന്നുമായിരുന്നു വൈസ്ചാൻസിലർ ഡോ.മോഹനൻ കുന്നുമ്മലിൻറെ മറുപടി. ഈ അരവും അരവും ചേർന്നുള്ള കിന്നരഭരണം ഉന്നതവിദ്യാഭ്യാസരംഗത്ത് സമാധാനം സൃഷ്ടിക്കുന്ന കാലം എന്നാണാവോ വരിക?

Advertisement

വാൽക്കഷണം:
പിണറായിയുടെ ഒന്നുംരണ്ടും സർക്കാരുകൾ മസ്റ്ററിംഗ് കാര്യത്തിൽ മുൻപന്തിയിലാണ്. ഒന്നാംസർക്കാരിൽ ധനകാര്യമന്ത്രി ഡോ. തോമസ് ഐസക് അത് തുടങ്ങിവച്ചു. രണ്ടാംസർക്കാരിൽ കെ.എൻ.ബാലഗോപാൽ അത് പൂർവ്വാധികം ഭംഗിയാക്കുകയും ചെയ്തു. ഇപ്പോൾ മസ്റ്ററിംഗിലൂടെ ജനങ്ങൾക്ക് അരിവിഹിതം കുറയ്ക്കാമെന്നാണ് ഭക്ഷ്യമന്ത്രി അനിൽ ചിന്തിക്കുന്നത്. മാർച്ചിനകം മഞ്ഞ, പിങ്കു കാർഡുകൾ മസ്റ്ററിംഗ് നടത്തിയില്ലെങ്കിൽ അരി കിട്ടില്ലെന്നാണ് ഭീഷണി. ഈ രംഗത്തെ അനാവശ്യ ആനുകൂല്യം പറ്റുന്നവരെ പുറത്താക്കാനായിരിക്കും ശ്രമം. അപ്പോൾ കേന്ദ്രം പറയുന്നു ഇനി സംസ്ഥാനങ്ങൾക്ക് എഫ്.സി.ഐ. വഴി അരി തരില്ലെന്ന്. അതിനുവേണ്ടി സംസ്ഥാനങ്ങൾ മസ്റ്ററിംഗ് നടത്തണമെന്നാണോ കേന്ദ്രം പറയുന്നതിൻറെ അർത്ഥം. മോദിയുടെ ഭാരത് അരിയെ തോൽപ്പിക്കാൻ പിണറായി കെ. അരി കാണിച്ചതാണ് ആകെക്കുഴപ്പമായതെന്നു തോന്നുന്നു.
**

Author Image

veekshanam

View all posts

Advertisement

.