സ്ത്രീത്വത്തിനെതിരെ
ജനാധിപത്യ പ്രഹസന ഭരണം
- നിരീക്ഷകൻ
ഗോപിനാഥ് മഠത്തിൽ
പി.ബി. അനിത ജോലിയിൽ പ്രവേശിച്ചു. എങ്കിലും അതിനെപ്പറ്റി ചില കാര്യങ്ങൾ വിശകലനം ചെയ്യേണ്ടതുണ്ട്. ജോലിയിൽ തിരികെ പ്രവേശിക്കുവാൻ അതിജീവിതയ്ക്കൊപ്പം നിന്നതിൻറെ പേരിൽ സീനിയർ നഴ്സിംഗ് ഓഫീസർ പി.ബി. അനിത നെട്ടോട്ടമോടിക്കൊണ്ടിരിക്കുകയായിരുന്നു. അവരുടെ ഓട്ടം കണ്ട് ആരോഗ്യമന്ത്രി വീണാജോർജ്ജ് ഉൾപ്പെടെയുള്ള അധികാരികൾ നീറോ ചക്രവർത്തിയെപ്പോലെ വീണ വായിച്ചു രസിച്ചുകൊണ്ടിരുന്നു. ഒഴിവുകഴിവിൻറെ വാറോലകൾ നിരത്തി ഭരണതന്ത്രജ്ഞന്മാർ ഓതിക്കൊടുത്ത തന്ത്രപ്രകാരം അനിതയുടെ ഓട്ടം എത്രനാൾ നീട്ടാം എന്ന് കൂലംകഷമായി ചിന്തിക്കുകയായിരുന്നു ആരോഗ്യരംഗത്തെ അനാരോഗ്യകരമായ അവസ്ഥയിലേക്ക് അനുദിനം നയിച്ചുകൊണ്ടിരിക്കുന്നു വൈറസ് മേലാളന്മാർ. പിണറായി ഭരണത്തിൻറെ ലോക്സഭാ തിരഞ്ഞെടുപ്പിനു മുമ്പായുള്ള സാംപിൾ വെടിക്കെട്ടായി വേണം അതിനെ കാണാൻ. നീതിരഹിത ഭരണത്തിൻറെ ഏറ്റവും ഒടുവിലത്തെ സാക്ഷ്യം. ഇതുപോലെ പല സാക്ഷ്യങ്ങളും മനസ്സിൽ സൂക്ഷിച്ചിട്ടുള്ള ജനങ്ങൾക്ക് പ്രതികരണത്തിൻറെ ചെറിയൊരു ഉറുമ്പുകടിയെങ്കിലും കൊടുക്കാനുള്ള അനുകൂല സന്ദർഭമാണിത്. ഇവിടെ അനിതയുടെ കാര്യം തന്നെ നോക്കൂ. അവർ മെഡിക്കൽ കോളേജ് ഐസിയു പീഡനക്കേസിൽ അതിജീവിതയ്ക്കൊപ്പം നിന്നതാണ് പിണറായി സർക്കാരിൻറെ കണ്ണിലെ കരടാക്കിയത്. അനിത മെഡിക്കൽ കോളേജിൽ നടന്ന ഈ സർക്കാർ വക ലൈംഗിക ഒത്താശയ്ക്ക് സമ്മതം നൽകിയിരുന്നെങ്കിൽ അവർക്ക് ജോലിയിൽ ഇങ്ങനൊരു സങ്കടസാഹചര്യം വരികയില്ലായിരുന്നു. ആരോഗ്യമന്ത്രിയും ആരോഗ്യമേഖലയും അനിതയ്ക്കെതിരെ ജോലിയിൽ തടസ്സവാദങ്ങൾ ഉന്നയിക്കുന്നവരും ഒരുപക്ഷേ, അനുകൂല പെരുമഴ കൊണ്ട് കുളിപ്പിക്കുകയും ചെയ്തേനെ. പക്ഷെ അനിതയിലെ സ്ത്രീത്വം മറ്റൊരു സ്ത്രീയുടെ ദുഃഖം തിരിച്ചറിഞ്ഞതാണ് സർക്കാരിൽ ഇത്രയധികം പ്രതിഷേധം വളർത്തിയത്. അനിതയും ഒരുപക്ഷെ ഇതൊരു സർക്കാർ വക ചീപ്പ് സ്പോൺസേർഡ് പ്രോഗ്രാമാണെന്ന് അറിഞ്ഞുകാണില്ലായിരിക്കും. ഏതായാലും അനിതയെപ്പോലെ കേരളത്തിലെ സാധാരണക്കാരും തിരിച്ചറിയുന്ന ഒരു കാര്യമുണ്ട്. ഇത്ര തരംതാഴ്ന്ന സർക്കാർ കേരളത്തിൽ മുമ്പൊരിക്കലും ഉണ്ടായിട്ടില്ല. ഫ്യൂഡലിസത്തിൻറെ ഏറ്റവും മോശവും വൈകൃതവുമായ വശമാണ് പാവം പെൺകുട്ടികളെ ലൈംഗിക പ്രവൃത്തിക്ക് വിധേയമാക്കുക എന്നത്. അതിന് സഹായകരമാകത്തക്കവിധത്തിൽ കുളപ്പുരയുടെ വാതിൽക്കൽ റാന്തലും പിടിച്ച് ചില കാര്യസ്ഥന്മാരും കാവൽ നിൽക്കുമായിരുന്നു. ഇവിടെ റാന്തൽ പിടിച്ച് കാവൽ നിന്ന മുൻകാല കാര്യസ്ഥന്മാർക്ക് തുല്യമായിരിക്കുന്നു ആരോഗ്യരംഗത്തെ മേലധികാരികൾ. അവർക്ക് അതിജീവിതയെക്കുറിച്ച് യാതൊരു ദുഃഖവുമില്ല. കാരണം അവരുടെ ആരുടെയും സഹോദരിയായിരുന്നില്ല അതിജിവിത. അതുകൊണ്ടുതന്നെയാകണം ആരോഗ്യവനിതാമന്ത്രിക്ക് അതിജീവിതയുടെ സ്ത്രീത്വത്തിൻറെ അവഹേളനം മനസ്സിലാകാതെ പോയതും. അത് തിരിച്ചറിഞ്ഞ വനിതാ നഴ്സിംഗ് ഓഫീസറെ ആന്തരിക-ബാഹ്യ ഉഷ്ണത്തിൻറെ പുറം വാതിലിൽ കാത്തിരിത്തി മൂന്നുദിവസം മുമ്പുവരെ ദണ്ഡിപ്പിച്ചുകൊണ്ടിരുന്നത്.
ഇവിടെ മനസ്സിലാകേണ്ട മറ്റൊരു കാര്യം ഒരു ഹൈക്കോടതി വിധിക്ക് സംസ്ഥാന സർക്കാർ എത്ര കണ്ട് മൂല്യം കല്പിച്ചു എന്ന കാര്യമാണ്. അതിജീവിതയ്ക്ക് അനുകൂലമായി മൊഴി നൽകിയതിൻറെ പേരിൽ ശിക്ഷാസ്ഥലം മാറ്റാമെന്നോണം അനിതയെ ഇടുക്കി മെഡിക്കൽ കോളേജിലേക്ക് സ്ഥലം മാറ്റിയിരുന്നു. ഇതിനെതിരെ അവർ ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഏപ്രിൽ ഒന്നിന് കോഴിക്കോട് മെഡിക്കൽ കോളേജിൽ തന്നെ ജോലിയിൽ പ്രവേശിക്കാനുള്ള ഉത്തരവ് കിട്ടി. രാവിലെ എത്തിയപ്പോൾ പ്രിൻസിപ്പൽ അവധിയിലാണെന്നറിഞ്ഞു. അഥവാ മനഃപൂർവ്വം അനിതയുടെ വരവ് മുൻകൂട്ടി അറിഞ്ഞ് അവധിയിൽ പ്രവേശിച്ചതാണോ എന്നുമറിയില്ല. പിന്നെ ആ ഉത്തരവുമായി സീനിയർ അഡ്മിനിസ്ട്രേറ്റീവ് ഓഫീസറെ കാണാൻ പുറപ്പെട്ടു. കണ്ടു, പക്ഷെ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ പറഞ്ഞത് സീനിയർ സൂപ്രണ്ടിനെ കാണാനാണ്. സൂപ്രണ്ട് അവധിയിൽ പോകാത്തതുകൊണ്ട് ഒഴിഞ്ഞുമാറലിൻറെ മാർഗ്ഗം കണ്ടെത്തി പറഞ്ഞത്, മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടറുടെ ഓഫീസ് അറിയിച്ച സർക്കാരിൽ നിന്നുള്ള ഉത്തരവുപ്രകാരമുള്ള സ്ഥലമാറ്റം ആയതിനാൽ സെക്രട്ടറിയേറ്റിൽ നിന്നുള്ള ഉത്തരവില്ലാതെ പ്രവേശനം നൽകാനാവില്ലെന്നാണ്. ലീവ് തീർന്നെന്നും ജോലിയിൽ പ്രവേശിക്കാൻ അനുവദിക്കണമെന്നും അനിത കരഞ്ഞിട്ടും, അധികൃതർ കനിഞ്ഞില്ല. ഇപ്പോൾ അനിത ജോലിയിൽ പ്രവേശിച്ചിരിക്കുന്നു. അതിന് സഹായിച്ചത് ഒരുപക്ഷെ മാധ്യമങ്ങളുടെ നിരന്തര സമ്മർദ്ദമായിരിക്കും. നിലവിളിക്കുന്ന സ്ത്രീത്വത്തിൻറെ മറ്റൊരവഹേളനം. കേരളത്തിൻറെ മനസ്സിൽ നീറുന്ന നൊമ്പരക്കാഴ്ചയായിരുന്നത്. സ്ത്രീകളെ ഇങ്ങനെ പീഡിപ്പിക്കാമോ? ദ്രോഹിക്കാമോ എന്നതിനപ്പുറം ഹൈക്കോടതി വിധിയെ ലംഘിക്കാനും തങ്ങൾക്കുകഴിയും എന്ന വെറുപ്പിൻറെ രാഷ്ട്രീയവും ധാർഷ്ട്യവുമാണ് ഇവിടെ പിണറായി സർക്കാർ പ്രകടിപ്പിച്ചിരുന്നത്. ഇനി ആരെങ്കിലും ഇതുപോലെ ഹൈക്കോടതി വിധിയുമായി വന്ന് ഭയപ്പെടുത്താൻ ശ്രമിച്ചാൽ അനിതയുടെ അനുഭവമാകും ഉണ്ടാവുക എന്ന താക്കീതും ഈ പ്രവൃത്തിയിൽ ഉള്ളടങ്ങിയിരിക്കുന്നു. ഒരു സ്ത്രീ വിരുദ്ധ ഗവൺമെൻറിൻറെ ഏറ്റവും നല്ല ഉദാഹരണങ്ങളാണ് അനിതയും അതിജീവിതയും തുടരുന്ന സഹനജീവിതം. ഇങ്ങനെയുള്ള ജനാധിപത്യപ്രഹസന ഭരണത്തിനെതിരെ പ്രതികരിക്കാനുള്ള ഏറ്റവും അനുകൂല സന്ദർഭമാണിത്. യുക്തിയും ബുദ്ധിയും പക്വമായി ഉപയോഗിക്കാൻ ഓരോ കേരളീയനും ദത്തശ്രദ്ധമായിരിക്കേണ്ട സമയം. ഈ അവസരം പാഴാക്കിയ ശേഷം വിലപിച്ചിട്ട് യാതൊരു കാര്യവുമില്ല.
വാൽക്കഷണം:
സിപിഎമ്മിൻറെ അക്രമരാഷ്ട്രീയം ഒരിക്കൽക്കൂടി ബോധ്യപ്പെടുത്തി കണ്ണൂരിലെ പാനൂരിൽ ഒരു സിപിഎം പ്രവർത്തകൻ മരിച്ചു. ബോംബ് നിർമ്മാണത്തിനിടയിലാണ് ഷെറിൻ എന്നയാൾ മരിച്ചത്. തെരഞ്ഞെടുപ്പ് അടുത്തവേളയിൽ ബോംബ് നിർമ്മിക്കുന്നത് പ്രതിയോഗികളെ വകവരുത്താൻ വേണ്ടിയാണ്. കണ്ണൂരിൽ ദീർഘനാളായി തുടരുന്ന സിപിഎം ബിജെപി സംഘർഷത്തിന് അടുത്തകാലത്താണ് അല്പം അയവു ലഭിച്ചത്. തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സമയത്ത് വ്യാപകമായ അക്രമണം ആസൂത്രണം ചെയ്യുന്നിൻറെ തെളിവായി വേണം ഇതിനെ കാണാൻ. സമാധാനമല്ല സിപിഎം കേരളത്തിൽ ആഗ്രഹിക്കുന്നത്. ഇലക്ഷൻ നടക്കുമ്പോഴും കഴിഞ്ഞും എതിരാളികളെ പ്രതിരോധിക്കാൻ മുൻകൂട്ടി തയ്യാറാക്കുന്ന അക്രമ പദ്ധതികളെല്ലാം സ്വയം വിനയായി മാറുന്ന ദുരന്തക്കാഴ്ചയാണ് ബോംബ് നിർമ്മാണവും മരണവും. അനുഭവത്തിൽ നിന്ന് പാഠം പഠിക്കാത്ത പാർട്ടിയാണ് സിപിഎം എന്ന് വീണ്ടും തെളിയിച്ച സംഭവമാണിത്.
**