ശിവനും പാപിയും
കളിത്തട്ടുകളിക്കുന്ന രാഷ്ട്രീയം
*നിരീക്ഷകൻ
ഗോപിനാഥ് മഠത്തിൽ
തെരഞ്ഞെടുപ്പു ദിവസം കേന്ദ്രകമ്മിറ്റി അംഗവും ഇടതുകൺവീനറുമായ ഇ.പി. ജയരാജൻ തൃശ്ശൂർ പൂരത്തിന് ഉപേക്ഷിക്കപ്പെട്ട രീതിയിലുള്ള രാഷ്ട്രീയ കതിന ഒരെണ്ണമെടുത്തു പൊട്ടിച്ചു. താൻ ബിജെപി നേതാവ് പ്രകാശ് ജാവഡേക്കറെ കണ്ടിരുന്നു എന്ന തുറന്നുപറച്ചിലായിരുന്നു അത്. വോട്ടെടുപ്പ് ദിനത്തിൽ രാവിലെ തന്നെയുള്ള ഇ.പിയുടെ വെളിപ്പെടുത്തൽ അക്ഷരാർത്ഥത്തിൽ സിപിഎമ്മിനെയും മറ്റ് ഇടതുപക്ഷ കക്ഷികളെയും ആകെതന്നെ നടുക്കിക്കളഞ്ഞു. ഒരർത്ഥത്തിൽ പറഞ്ഞാൽ ഇ.പി ജയരാജൻ സിപിഎമ്മിലെ ബിജെപി മനസ്സുള്ള നേതാവാണ്. അത് ഒരുപക്ഷേ മുഖ്യമന്ത്രിക്കും അറിയാവുന്ന കാര്യമാണ്. അല്ലെങ്കിലും മുഖ്യമന്ത്രിയുടെ താൽപ്പര്യപ്രകാരമാണല്ലോ ഇ.പി, പാപിയുടെയോ ശിവൻറെയോ വേഷം കെട്ടി ജാവഡേക്കറെ കണ്ടത്. മുഖ്യമന്ത്രിയുടെ ഈ മനസ്സറിയാവുന്ന ജയരാജൻ തെരഞ്ഞെടുപ്പിനു മുമ്പുതന്നെ ഒരു ബിജെപി അനുകൂല ചെറുപടക്കം പൊട്ടിച്ചത് ഇനിയും കേരളത്തിലെ ജനങ്ങൾ മറന്നിട്ടില്ല. അന്ന് അദ്ദേഹം പറഞ്ഞത് കേരളത്തിൽ ബിജെപി നിർത്തിയിരിക്കുന്ന സ്ഥാനാർത്ഥികളെല്ലാം പരമയോഗ്യരാണെന്നാണ്. അതിൽ തിരുവനന്തപുരത്തെ ബിജെപി സ്ഥാനാർത്ഥി രാജീവ് ചന്ദ്രശേഖറുമുണ്ടെന്ന് പ്രത്യേകം ജയരാജനെ ഓർമ്മപ്പെടുത്തേണ്ടതില്ലല്ലോ. അദ്ദേഹത്തിൻറെ വൈദേഹം ആയുർവേദ റിസോർട്ടുമായി അത്രയ്ക്ക് ആത്മബന്ധവും സാമ്പത്തിക ബന്ധവുമാണ് രാജീവ് ചന്ദ്രശേഖറിന് ഉള്ളതെന്ന് കേരളം ഇതിനകം തിരിച്ചറിഞ്ഞ കാര്യമാണ്.
ഇവിടെ ബിജെപിയുടെ തുറന്നുപറച്ചിലിലൂടെ ഒരുകാര്യം തീർച്ചയായിരിക്കുന്നു. കേരളത്തിൽ നിന്ന് ഒരു ബിജെപി അംഗത്തെ ലോക്സഭയിലേക്ക് പറഞ്ഞയയ്ക്കാൻ ബിജെപി-സിപിഎം അവിശുദ്ധ കൂട്ടുകെട്ട് നടന്നിരിക്കുന്നു. അതൊരുപക്ഷെ രാജീവ് ചന്ദ്രശേഖറായാലും സുരേഷ്ഗോപിയായാലും തരക്കേടില്ല എന്ന സ്ഥിതിയിലാണിപ്പോൾ കേരളത്തിലെ സിപിഎം നേതൃത്വം. ആ അന്തർധാരയിൽ മുഖ്യമന്ത്രിയുടെ മനമറിഞ്ഞ് പ്രവൃത്തിക്കുകയായിരുന്നു ജയരാജൻ ചെയ്തത്. ജയരാജന് രാജീവ് ചന്ദ്രശേഖറുമായുള്ള റിസോർട്ടുമായി ബന്ധപ്പെട്ട ബിസിനസ് സൗഹൃദം ഒടുവിൽ പ്രകാശ് ജാവഡേക്കറുമായുള്ള കൂടിക്കാഴ്ചയിലേക്ക് നിമിത്തമായി തീരുകയായിരുന്നു. ഇവിടെ ഇപ്പോൾ ബിജെപിയുമായുള്ള ദൃഢസ്നേഹം അടിയൊഴുക്കായി നിലനിർത്തേണ്ടത് ഇ.പി. ജയരാജനെക്കാൾ മുഖ്യമന്ത്രിയുടെ ആവശ്യമാണ്. തൻറെ ലാവ്ലിൻ കേസിനൊപ്പം മകളുടെ എക്സാലോജിക്കും മാസപ്പടി വിവാദവുമൊക്കെ നിർവീര്യമാക്കണമെങ്കിൽ ബിജെപിയുടെ തോളിൽ കയ്യിട്ടു നടന്നേ കാര്യമുള്ളൂ എന്ന് മുഖ്യമന്ത്രിക്ക് അറിയാം. അതിന് ഇ.പി ജയരാജനെ കരുവാക്കപ്പെടുകയായിരുന്നു.
ഏതായാലും സിപിഎം ഒത്താശയോടെ ഒരു ബിജെപി അംഗം കേരളത്തിൽ നിന്ന് പാർലമെൻറിൽ എത്തുമെന്ന് ഉറപ്പായിരിക്കുന്നു. അതിനുവേണ്ടിയാണ് തൃശ്ശൂർ പൂരം അലങ്കോലമാക്കാൻ സിറ്റി പോലീസ് കമ്മീഷണർ അങ്കിത് അശോകനെ നിയോഗിക്കപ്പെട്ടത്. അയാൾ ആനയ്ക്ക് പനമ്പട്ട കൊണ്ടുപോകുന്നവരെ തെറിവിളിച്ചതും ശ്രീരാമക്കുട കണ്ട് വിളറി പിടിച്ചതും രാത്രിയിൽ പൊട്ടിക്കേണ്ട അമിട്ടുകൾ പകൽ പൊട്ടിച്ച് പൂര ചാരുത നശിപ്പിച്ചതും വെറുതെയല്ല; മനഃപൂർവ്വമാണ്, ആഭ്യന്തരവകുപ്പിൻറെ കൃത്യമായ പദ്ധതികളോടെയാണ്. ഹൈന്ദവ വികാരത്തെ പ്രതികൂലമാക്കുകയും അത് തൃശ്ശൂരിലെ ബിജെപി സ്ഥാനാർത്ഥിക്ക് അനുകൂലമാക്കുകയും ചെയ്യുക എന്ന തന്ത്രം. സംഭവം അറിഞ്ഞ ഉടൻ ആദ്യം പാഞ്ഞെത്തിയ സ്ഥാനാർത്ഥിയും സുരേഷ് ഗോപി തന്നെയാണ്. അദ്ദേഹത്തിന് കാര്യത്തിൻറെ പോക്ക് എങ്ങനെയെന്ന് കൃത്യമായി അറിയാം.
പക്ഷെ, ഇവിടെ പരിതാപം അർഹിക്കുന്നത് സിപിഐയ്ക്കാണ്. തിരുവനന്തപുരത്തും തൃശ്ശൂരും ഇടതുപക്ഷ സ്ഥാനാർത്ഥികളായി അരിവാളും നെൽക്കതിരും അടയാളമാക്കി മത്സരിക്കുന്നത് സാക്ഷാൽ പന്ന്യൻ രവീന്ദ്രനും വിഎസ് സുനിൽകുമാറുമായിരുന്നു. അവരുടെ സ്ഥാനാർത്ഥിത്വത്തിന് തെല്ലും വില കൽപ്പിക്കാത്ത വിധമാണ് ഈ രണ്ട് ലോക്സഭാ മണ്ഡലങ്ങളിലും സിപിഎം-ബിജെപി അന്തർധാര ഇ.പി. ജയരാജനും പിണറായിയും ജാവഡേക്കറും സൃഷ്ടിച്ചത്. യഥാർത്ഥത്തിൽ ഇതൊരു വഞ്ചന തന്നെയാണ്. സ്വന്തം സ്വാർത്ഥതയ്ക്കുവേണ്ടി ഇടതുപക്ഷ കൂട്ടായ്മയിലെ പ്രബല കക്ഷിയായ സിപിഐയെ കൊന്നു കൊലവിളിക്കുന്ന പ്രവൃത്തി. ഈ പ്രവൃത്തിയിലൂടെ പിണറായിക്ക് പ്രത്യക്ഷ ശിവനായ ഇ.പി. ജയരാജൻ ബിനോയ് വിശ്വത്തിന് പരോക്ഷപാപിയായിത്തീരുകയായിരുന്നു. സിപിഐയുടെ ലോക്സഭാ അംഗത്വ നഷ്ടംകൊണ്ട് എന്തൊക്കെ നേട്ടങ്ങളാണ് സിപിഎം അതിലൂടെ മുഖ്യമന്ത്രിയും നേടുന്നതെന്ന് അറിയാമോ? അനന്തമായ നീട്ടിവയ്ക്കലിലൂടെ ലാവ്ലിൻ കേസും അതിനുകാരണക്കാരനായ പിണറായി വിജയനും ഗിന്നസ് ബുക്കിൽ കടന്നുകൂടുകമാത്രമല്ല, മകൾ വീണാവിജയന് തുടർന്നും മാസപ്പടി കൈപ്പറ്റാനുള്ള അനുമതി ലഭ്യമാകുകയും ചെയ്യും.
എങ്കിലും തൻറെ പാർട്ടി ഈ തെരഞ്ഞെടുപ്പിൽ പറ്റിക്കപ്പെട്ടുവെന്നും സിപിഎം വഞ്ചിച്ചു എന്ന തിരിച്ചറിവ് ബിനോയ് വിശ്വത്തിന് അത്രയ്ക്കങ്ങ് മനസ്സിലായില്ലെന്ന് തോന്നുന്നു. അതുകൊണ്ടാണ് ഇടതുപക്ഷത്തിന് വർഗ്ഗീയ ശക്തികളുമായി യാതൊരു ബന്ധവുമില്ലെന്നും ഏതെങ്കിലും വ്യക്തികൾക്ക് പാളിച്ച പറ്റിയാൽ അത് വ്യക്തികളുടെ വീഴ്ചയാണെന്നും ബിനോയ് പറയുന്നത്. അത് അദ്ദേഹത്തിന് മനസ്സിലാകണമെങ്കിൽ വരുന്ന ജൂൺ നാലുവരെ കാത്തിരിക്കുകയേ വേണ്ടൂ. ഇത്രയ്ക്ക് പച്ചവെള്ളം ചവച്ചുകുടിക്കുന്ന നേതാക്കളുണ്ടായതാണ് സിപിഐയുടെ അധഃപതനത്തിന് കാരണം. പാപിയായ പാർട്ടിക്കൊപ്പം ശിവനായി പാർട്ടി ചേർന്ന് പാപിയായി തീരുന്നതിന് ഉദാഹരണമാണ് കേരളത്തിൽ സിപിഐ. അനുഭവം പാഠം പഠിപ്പിക്കുന്നില്ലെങ്കിൽ ദുരിതമനുഭവിച്ച് മരിക്കുകയേ ആ പാർട്ടിക്കു തരമുള്ളൂ.
വാൽക്കഷണം:
പ്രകാശ് ജാവഡേക്കർ ബിജെപിയുടെ പാചകപ്പുരയിലാണ്. ഊണുകാലമാകുമ്പോൾ എല്ലാവരെയും ഉണ്ണാൻ വിളിക്കാമെന്നാണ് അദ്ദേഹം പറയുന്നത്. ഊണുകാലം എന്നതുകൊണ്ട് ജാവഡേക്കർ ഉദ്ദേശിക്കുന്നത് തെരഞ്ഞെടുപ്പ് ഫലം അറിയുന്ന ജൂൺ നാലാണ്. അതുകൊണ്ടാണ് ബിജെപി സംസ്ഥാന അധ്യക്ഷൻ പറഞ്ഞത് ആ തീയതിക്കുശേഷം മറ്റുപാർട്ടികളിൽ നിന്ന് ഒരുപാടുപേർ ക്ഷണിക്കാതെയും ബിജെപിയുടെ തീൻമേശയിൽ ഉണ്ണാനെത്തുമെന്ന് പറഞ്ഞത്. സിപിഎമ്മിൽ അതിന് തുടക്കം കുറിക്കുന്നത് ഇ.പി.ജയരാജൻറെ നേതൃത്വത്തിലായിരിക്കും. അതിനു ബലം നൽകുന്നതാണ് ഇ.പി. ജയരാജൻറെ മകൻറെ തിരുവനന്തപുരത്തെ ഫ്ളാറ്റിൽവച്ച് ജയരാജനുമായി കൂടിക്കാഴ്ച നടത്തിയെന്നുള്ള ജാവഡേക്കറുടെ മൊഴി. ഭാഗ്യം, ഇവിടെ ജയരാജനും ജാവഡേക്കറും സത്യം നിഷേധിച്ചില്ല. പക്ഷെ അത് വോട്ടു ദിവസം തന്നെ പറയേണ്ടി വന്നതിലെ നിർബന്ധമാണ് ആർക്കും മനസ്സിലാകാതെ പോകുന്നത്.
*