Kerala | ThiruvananthapuramWayanadErnakulamIdukkiThrissur
National
Global | Kuwait
TechnologySportsEducationAgricultureEntertainmentFeatured
Advertisement

എസ്എഫ്ഐയെ എസ്എഫ്ഐഒ
വിഴുങ്ങിയ പ്രതികാരകഥ

12:13 PM Feb 22, 2024 IST | Veekshanam
Advertisement

പണ്ടൊക്കെ ദൈവം പിന്നെപ്പിന്നെയായിരുന്നു. ഇപ്പോൾ അപ്പോഴപ്പോഴാണ് പണികൊടുക്കുന്നത്. ഒരു മാസത്തിനുമുമ്പ് ഗവർണ്ണറെ വഴി നടക്കാൻ കഴിയാത്തവിധം കേരളം ഭരിക്കുന്ന പ്രധാന പാർട്ടിയുടെ കുട്ടിസഖാക്കന്മാരായ എസ്എഫ്ഐക്കാർ കരിങ്കൊടി കാട്ടുക മാത്രമല്ല ആക്രമണത്തിനൊരുമ്പെടുകയും ചെയ്തു. പലപ്പോഴും തന്നെ കരിങ്കടി കാട്ടുന്നവർക്കെതിരെ അമർഷം കൊള്ളുകയും പോലസീനെ വിട്ട് തല്ലിക്കുകയുമൊക്കെ ചെയ്തിരുന്ന മുഖ്യമന്ത്രിക്ക് അതിൽ രോമഹർഷം വന്നത് പാർട്ടിപ്പിള്ളേര് ഗവർണ്ണറെ കരിങ്കൊടി കാണിച്ചപ്പോൾ മാത്രമാണ്. കരിങ്കൊടി തന്നെ കാണിച്ചപ്പോൾ ദേഷ്യപ്പെടുകയും ഗവർണ്ണറെ കാണിച്ചപ്പോൾ സന്തോഷിക്കുക മാത്രമല്ല അതിന് എസ്.എഫ്.ഐക്കാർ മൗനസമ്മതം നൽകുകയും ചെയ്ത മുഖ്യമന്ത്രിയും മകൾ വീണയും ഇപ്പോൾ ഭയക്കുന്നത് മറ്റൊരു എസ്.എഫ്.ഐക്കാരെക്കൊണ്ടാണ്. അതായത് സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻകാരെക്കൊണ്ട്. അതാണ് ദൈവമെന്നോ നിയതിയെന്നോ ഒക്കെപ്പറയാവുന്ന അദൃശ്യശക്തിയുടെ പെരുങ്കളിയാട്ടം. ഇതിനു പിന്നിൽ ഗവർണ്ണറുടെ പങ്ക് നിഷേധിക്കാനാവുന്നതല്ല. കാരണം അന്ന് നിലമേലിൽ എസ്.എഫ്.ഐക്കാർ ഗവർണ്ണറെ ആക്രമിച്ചപ്പോൾ ക്ഷുഭിതനായി ഒരു മണിക്കൂർ കടയ്ക്കുമുന്നിൽ ഇരിപ്പുറപ്പിച്ചപ്പോൾ അദ്ദേഹം വിളിച്ചത് പ്രധാനമായും പ്രധാനമന്ത്രിയെയും ആഭ്യന്തരമന്ത്രിയെയുമാണ്. അതിൻറെ ഫലമായാണ് ഗവർണ്ണറുടെ സംരക്ഷണം കേന്ദ്രസേന ഏറ്റെടുത്തത്. ഗവർണ്ണറുടെ കേന്ദ്ര ആഭ്യന്തരവകുപ്പുമന്ത്രിയുമായുള്ള നിരന്തര സംഭാഷണത്തിൽ സ്വാഭാവികമായും കടന്നുവരാൻ സാധ്യതയുള്ള വാക്കുമായിരുന്നു എസ്.എഫ്.ഐ എന്നത്. ആ എസ്.എഫ്.ഐയെക്കൊണ്ട് മറ്റൊരുവിധത്തിൽ മുഖ്യമന്ത്രിയെയും മകളെയും അതേ നാണയത്തിൽ തിരിച്ചടിക്കാനുള്ള കോപ്പുകൂട്ടലായിരുന്നു പിന്നീട് നടന്നത്. വെറുതെ ഒന്നോരണ്ടോ പേരെ കേസിൽപ്പെടുത്തി സമൂഹത്തിൽ ചിത്രവധം ചെയ്യാനുള്ള പ്രതികാരബുദ്ധിയൊന്നും എസ്.എഫ്.ഐ ഓഫീസിനില്ല. അച്ഛൻറെ ഭരണത്തിലിരിക്കുന്നതുകൊണ്ടുള്ള ചില തരികിട സാമ്പത്തിക പരിപാടികൾക്കൊപ്പം മകളും ആ വഴിയെ സഞ്ചരിച്ചാൽ എത്ര കണ്ട് എസ്.എഫ്.ഐ.ഒയ്ക്ക് നിശബ്ദമായി കഴിയാനാകും. അച്ഛനെതിരെ സ്വപ്നയുടെ ആരോപണങ്ങൾ ചാരം മൂടിയ കനൽപോലെ അവസരം കാത്ത് ജ്വലിക്കാൻ നിൽക്കുമ്പോഴാണ് മകളുടെ എക്സാലോജിക്ക് കമ്പനി യാതൊരു സേവനവും ചെയ്യാതെ കോടികൾ കൈപ്പറ്റിയെന്ന ആരോപണം സജീവമാകുന്നത്. ഒരു സ്വകാര്യമണൽകമ്പനി യാതൊരു ഉപാധിയും കൂടാതെ വെറുതെ പണം കൊടുക്കാൻ നിർബന്ധിതമായത് എക്സാലോജിക് മുഖ്യമന്ത്രിയുടെ മകളുടെ കമ്പനിയായതുകൊണ്ടുമാണ്. മകൾക്ക് പണം കൊടുക്കുന്നത് മുഖ്യമന്ത്രിക്ക് കൊടുക്കുന്നതിന് തുല്യമാണ്. അതിലൂടെ വഴിവിട്ട് സഹായവും നേട്ടവും പ്രസ്തുത മണൽകമ്പനി പ്രതീക്ഷിക്കുകയും ചെയ്യുന്നു. ഏതായാലും പൊട്ടിച്ചിരി കൊണ്ട് രാജ്ഭവൻറെ ഇടനാഴി ഇപ്പോൾ മുഖരിതമാണെന്നാണ് അറിയാൻ കഴിയുന്നത്. അത് ചേരയെ രാജവെമ്പാല വിഴുങ്ങിയതുപോലെ എസ്.എഫ്.ഐയെ എസ്.എഫ്.ഐ.ഒ വിഴുങ്ങിയ യാദൃച്ഛികതകൊണ്ടാണെന്നും പ്രതികാരബുദ്ധികൊണ്ടാണെന്നുമാണെന്നാണ് അരമനരഹസ്യം.
കാര്യം എന്തൊക്കെപ്പറഞ്ഞാലും തൂറിയവനെ ചുമന്നാൽ ചുമന്നവനും നാറും എന്ന വ്യവസ്ഥപ്രകാരം കേരളത്തിലെ സി.പി.എം. ഇപ്പോൾ വലിയ നാറ്റം അനുഭവിക്കുന്നുണ്ടെന്നത് നിഷേധിക്കാനാവില്ല. അച്ഛൻറെ സകല അഴിമതിയെയും വെള്ള പൂശാൻ ശ്രമിച്ച ആ പാർട്ടിയിപ്പോൾ മകളുടെ എക്സാലോജിക് കമ്പനിയുമായി ബന്ധപ്പെട്ട സാമ്പത്തിക തിരിമറികളെയും ന്യായീകരിക്കാനും സംരക്ഷിക്കാനുമുള്ള പുറപ്പാടിലാണ്. സത്യം പറഞ്ഞാൽ കേരളത്തിൽ ഇപ്പോൾ സി.പി.എം. നടത്തിക്കൊണ്ടിരിക്കുന്ന അതിജീവന ശ്രമങ്ങളെല്ലാം അച്ഛൻറെയും മകളുടെയും ഫ്രോഡ് പ്രവർത്തനങ്ങൾക്ക് അലുക്കും തൊങ്ങലും ചാർത്താൻ മാത്രമാണ്. സാധാരണ അത്തരം പ്രവൃത്തികൾ ചെയ്തുകൊണ്ടിരിക്കുന്നത് എ.കെ.ബാലനും എം.വി. ഗോവിന്ദനും മാത്രമായിരുന്നു. കടുംവെട്ട് എന്ന നിലയിൽ തെറിപറയാൻ മാത്രം എം.എം. മണിയെയും ഉപയോഗിച്ചിരുന്നു. പക്ഷെ ഇപ്പോൾ മാസപ്പടി വിവാദവുമായി ബന്ധപ്പെട്ട് വീണയെ ന്യായീകരിക്കാൻ എത്തിയിരിക്കുന്നത് പോളിറ്റ് ബ്യൂറോ അംഗം എം.എ.ബേബിയാണ്. യഥാർത്ഥത്തിൽ സി.പി.എമ്മിൻറെ ആകെ പ്രവർത്തനം കഴിഞ്ഞ ഏഴരവർഷമായി മുഖ്യമന്ത്രിയുടെയും മകളുടെയും സാമ്പത്തിക കുറ്റകൃത്യങ്ങളെ ന്യായീകരിക്കാൻ മാത്രമാണ്. ഭരണപരമായി തികഞ്ഞ പരാജയമാണെന്ന് തെളിയിച്ചുകൊണ്ടിരിക്കുകയാണ് കഴിഞ്ഞ പലവർഷങ്ങളിലും ഇപ്പോഴും ഇടതുപക്ഷം. അവർക്ക് ഭരണത്തിൽ യാതൊരു താൽപ്പര്യവുമില്ലാതായിരിക്കുന്നു. അഴിമതിയെ ന്യായീകരിക്കുന്നതിനുമപ്പുറം മറ്റൊരു ലക്ഷ്യവും അവർക്കില്ല. പാർട്ടി അഴിമതിക്കാരെ സംരക്ഷിക്കുന്നതിലുള്ള അതീവ താൽപ്പര്യം എന്തുകൊണ്ട് ഭരണം മെച്ചപ്പെടുത്താനുള്ള നിർദ്ദേശങ്ങളായി മാറുന്നില്ല എന്നത് ജനങ്ങൾക്ക് വ്യക്തമായി അറിയാം. കേരളത്തിൽ സിപിഎം എന്നത് സാക്ഷാൽ പിണറായി വിജയൻ മാത്രമാണ്. അതിനെതിരെ വിപരീതത്തിൻറെ ചെറുശബ്ദമുയർന്നാൽ ആ വ്യക്തിയുടെ രാഷ്ട്രീയപ്രവർത്തനം അതോടെ അസ്തമിക്കും. ആ ബോധ്യം ബേബിക്കറിയാവുന്നതുകൊണ്ടാണ് അൽപ്പം നാറിയാലും വേണ്ടില്ല ചുമക്കാമെന്ന് കരുതിയത്. ബേബി ഉൾപ്പെടെയുള്ളവർ കരുതുന്നത് തങ്ങൾ മാത്രമാണ് ബുദ്ധിമാന്മാർ, ബാക്കിയെല്ലാവരും മണ്ടന്മാരാണെന്നുമാണ്. വാക്കുകൾ കൊണ്ട് എത്രമാത്രം അഭ്യാസം കാട്ടിയാലും സത്യം എപ്പോഴും അചഞ്ചലമായിരിക്കും. ആ സത്യമാണ് വീണാവിജയൻ നൽകിയ ഹർജി തള്ളിക്കൊണ്ട് കർണാടക ഹൈക്കോടതി ജസ്റ്റിസ് എം.നാഗപ്രസന്ന പുറപ്പെടുവിച്ച പരാമർശത്തിലുള്ളത്. ആരോപിക്കപ്പെടുന്ന അധാർമ്മിക ഇടപാടുകൾ വെളിച്ചത്തുകൊണ്ടുവരാനാണ് അന്വേഷണമെന്നും ഇടപാടുകളുടെ മുഴുവൻ വിശദാംശങ്ങളും വെളിപ്പെടുത്താൻ 'മൾട്ടി ഡിസിപ്ലിനറി ബോഡി'യായ എസ്.എഫ്.ഐ.ഒ അന്വേഷണം അനിവാര്യമാണെന്നും അതിൽ ഒരു തെറ്റും കാണാനില്ലെന്നുമായിരുന്നു ആ പരാമർശം. ഇത് രാജ്ഭവനിൽ മറ്റൊരു പൊട്ടിച്ചിരി സൃഷ്ടിച്ചുവെന്നാണ് കേൾക്കുന്നത്.

Advertisement

വാൽക്കഷണം:
മുഖ്യമന്ത്രിയുടെയും മകളുടെയും സാമ്പത്തിക അഴിമതിയുടെ കഥ തീരും മുമ്പ് പാർട്ടി തന്നെ സാമ്പത്തിക തിരിമറി നടത്തിയ മറ്റൊരു കഥ പുറത്തുവന്നിരിക്കുന്നു. ട്വൻറി 20 പാർട്ടിക്ക് നേതൃത്വം നൽകുന്ന കിറ്റെക്സ് കമ്പനിയിൽ നിന്ന് 30 ലക്ഷം രൂപ തിരഞ്ഞെടുപ്പു ഫണ്ട് വാങ്ങിയതാണ് സിപിഎമ്മിനെ കുടുക്കിയിരിക്കുന്നത്. സിപിഎമ്മുമായുള്ള തർക്കത്തെത്തുടർന്ന് കിറ്റെക്സ് പുതിയ പ്ലാൻറ് കേരളത്തിൽ നിന്ന് തെലങ്കാനയിലേയ്ക്ക് മാറ്റുന്നതടക്കമുള്ള വിവാദസമയത്തു തന്നെയാണ് കമ്പനിയിൽ നിന്ന് പണം വാങ്ങിയത്. ഇതേപ്പറ്റി കിറ്റെക്സ് എം.ഡി. സാബു എം. ജേക്കബ് പറഞ്ഞത് ഒരു സൈഡിലൂടെ അവർ നമ്മളെ ചവിട്ടുകയും മറുവശത്തുകൂടെ പണം വാങ്ങുകയുമായിരുന്നെന്നാണ്. ഇവിടെ അത്ഭുതപ്പെടാനൊന്നുമില്ല. പിണറായി വിജയൻ നയിക്കുന്ന, ഭരിക്കുന്ന ഒരു പാർട്ടിക്ക് ഇതൊക്കെയല്ലേ ചെയ്യാനാകൂ. മറിച്ചായാൽ അതെങ്ങനെ സി.പി.എമ്മാകും.

Advertisement
Next Article