Kerala | ThiruvananthapuramWayanadErnakulamIdukkiThrissur
National
Global | Kuwait
TechnologySportsEducationAgricultureEntertainmentFeatured
Advertisement

ക്രൈംതില്ലർ സിനിമപോലെ
ഭരണം

11:20 AM Dec 20, 2023 IST | veekshanam
Advertisement

കേരളത്തിലെ പുതിയ രാഷ്ട്രീയാന്തരീക്ഷം ക്ലൈമാക്സും ആൻറിക്ലൈമാക്സും സൃഷ്ടിച്ചുകൊണ്ട് നിരീക്ഷകരെ അഥവാ പ്രേക്ഷകരെ അത്ഭുതപ്പെടുത്തുകയും വിസ്മയപ്പെടുത്തുകയും ചെയ്യുന്നു. രണ്ടാംപിണറായി സർക്കാർ സൃഷ്ടിക്കുന്ന നിരന്തര ട്വിസ്റ്റുകൾക്ക് അതിൽ പ്രധാനപങ്കുണ്ട്. ഒരു ക്രൈംതില്ലർ ചിത്രംപോലെ അത് രാഷ്ട്രീയപ്രേക്ഷകരെ ഉദ്വോഗത്തിൻറെ മുൾമുനയിൽ നിർത്തുകയും ചെയ്യുന്നു. പര്യവസാനത്തിലേക്ക് അടുത്തുകൊണ്ടിരിക്കുന്ന നവകേരള സദസ്സിൻറെ ഭാഗമായുള്ള മന്ത്രിസഞ്ചയ സഞ്ചാരത്തിലൂടനീളമുള്ള കരിങ്കൊടി സംഘർഷങ്ങളും ഗവർണർ ആരിഫ് മുഹമ്മദ്ഖാൻറെ നേർക്കുള്ള സി.പി.എം. വിദ്യാർത്ഥിസംഘടനയായ എസ്.എഫ്.ഐയുടെ കരിങ്കൊടി പ്രകടനങ്ങളും വാഹനഅക്രമണവുമൊക്കെ 'രണ്ടാംപിണറായി സർക്കാർ' എന്ന വിനോദ ചലച്ചിത്രത്തെ ഒട്ടും ലാഗിങ്ങില്ലാത്തവിധം രാഷ്ട്രീയ പ്രേക്ഷകരെ ആസ്വാദനത്തിൻറെ എവറസ്റ്റ് കയറ്റുകയും ചെയ്യുന്നു.

Advertisement

ഒരിടത്ത് ആർഷോയ്ക്ക് ആർപ്പോ വിളിക്കുന്നവർ മറ്റൊരുവശത്ത് 'ഇതുതാൻടാ ഗവർണർ' എന്നുപറഞ്ഞ് ഉശിരോടെ പ്രതികരിക്കുന്ന ബിജെപി പ്രഭൃതികൾ. ഇതിനിടയിൽ കറുത്ത ആഡംബരവണ്ടിയുടെ മുന്നിൽ ചാടി കറുത്ത കൊടി വീശി മർദ്ദനമേറ്റു തളരുന്ന യൂത്തുകോൺഗ്രസ്സുകാർ. മുൻകാലങ്ങളിൽ ചില മലയാളചിത്രങ്ങൾ അവസാനിക്കുന്നത് കൂട്ടയടിയോടെയാണ്. അതുപോലൊരു പ്രതീതി ജനിപ്പിക്കുകയാണ് ഇപ്പോൾ പിണറായി സർക്കാർ. ഇതിൽ അല്പം കണ്ണുനനയ്ക്കുന്നത് എഴികളിൽ കുരുങ്ങി വേദനയാലും സഹനത്താലും ശരണം വിളിച്ചുപോകുന്ന മാളികപ്പുറങ്ങളും അയ്യപ്പന്മാരായ താപസവൃദ്ധന്മാരുമാണ്.
ഗവർണറുടെ സഞ്ചാരപഥം ചോർത്തി ആർഷോമാർക്ക് നല്കിയും അദ്ദേഹത്തിനുവേണ്ടത്ര സുരക്ഷ ഒരുക്കാത്തതും പോലീസിൻറെ ആസൂത്രണപാളിച്ചയും വളഞ്ഞബുദ്ധിയുമാണെന്ന് പരക്കെ പരാതി ഉയർന്നിരുന്നു. ശബരിമലയിലെ അനിയന്ത്രിത തിരക്ക് ലഘൂകരിക്കുന്നതിലും പോലീസിന് വീഴ്ച പറ്റിയിരുന്നു. പോലീസുകാരുടെ കരുതലും രോമാഞ്ചവുമെല്ലാം കറുത്തവണ്ടിക്ക് ചുറ്റുമായതാണ് ഈ സംവിധാനങ്ങളെ ആകെ തകർത്തുകളഞ്ഞത്. തുച്ഛമായ പോലീസുകാരും ലക്ഷക്കണക്കായ തീർത്ഥാടകരും തമ്മിലുള്ള അനുപാതവും അന്തരവുമെല്ലാം പുണ്യഭൂമിയെ ജയിലറയ്ക്കുതുല്യം ശ്വാസം മുട്ടിക്കുന്ന തരത്തിലുള്ളതായിരുന്നു. ഈ സംഭവമുമായി ബന്ധപ്പെട്ട് ദേവസ്വം മന്ത്രി രാധാകൃഷ്ണന് പറയാനുണ്ടായിരുന്നത് വളരെ ബാലിശമായ കാര്യമായിരുന്നു. അയ്യപ്പഭക്തന്മാർ കൂട്ടമായി എത്തിയതാണ് അനിയന്ത്രിത തിരക്കിന് കാരണമെന്നാണ് അദ്ദേഹത്തിൻറെ ന്യായം. അയ്യപ്പന്മാർ ഒറ്റയ്ക്ക് ഒറ്റയ്ക്ക് വരണം എന്നാണ് മന്ത്രി പറഞ്ഞതിൻറെ മറുന്യായം. ഇത്രയും നാൾ സംഘം ചേർന്ന് ശരണം വിളിച്ചെത്തിയ അയ്യപ്പഭക്തന്മാർ മന്ത്രിയുടെ വാക്കുകളുടെ അർത്ഥശൂന്യത അപ്പാടെ തള്ളിക്കളഞ്ഞുകാണും.
അല്ലെങ്കിലും ശബരിമല എന്നു കേൾക്കുമ്പോൾ തന്നെ സിപിഎം ഭരണക്കാർക്ക് കട്ട കലിപ്പാണ്. മുൻപ് ക്ഷേത്ര വിശ്വാസത്തെ തകർത്ത് സ്ത്രീകൾക്കു കൂടി ദർശന സാധ്യത ഒരുക്കാൻ കൊണ്ടുപിടിച്ച ശ്രമമായിരുന്നു പിണറായി സർക്കാർ നടത്തിയത്. അന്ന് ഒന്നുരണ്ടു സ്ത്രീകളെ പാതിരാത്രിയിൽ പോലീസ് അകമ്പടിയോടെ സന്നിധാനത്ത് എത്തിച്ച് സർക്കാർ സായൂജ്യം നേടുകയും ചെയ്തു. അതിൻറെ ഭാഗമായി സ്ത്രീകളെ നവോത്ഥാനത്തിൻറെ പേരും പറഞ്ഞ് ദേശീയപാതയിൽ തെക്കുവടക്കു നിർത്തുകയും ചെയ്തു. കുറ്റം പറയാത്തവിധം സ്ത്രീകൾ അതിൽ സഹകരിക്കുകയും ചെയ്തു. പക്ഷേ അതിനോടനുബന്ധിച്ച് നടന്ന ലോക്സഭാ തിരഞ്ഞെടുപ്പിൽ റോഡിൽ നിരന്ന സ്ത്രീകൾ അടക്കം പലരും വോട്ട് ചെയ്തില്ലെന്നത് ചരിത്രം. ആ ശബരിമല ഈർഷ്യ ഇപ്പോഴും പിണറായി സർക്കാരിനുണ്ടെന്നുവേണം കരുതാൻ. അവിടെ തിങ്ങിഞെരുക്കി കുറെ മറുനാടൻ അയ്യപ്പഭക്തന്മാർ നിർവാണം പൂകിയാൽ കറുത്ത വണ്ടിയിലെ യാത്രക്കാരായ തങ്ങൾ മന്ത്രിമാർക്ക് യാതൊരു ചേതവുമില്ലാത്ത പോലെയാണ്. അവർ ശബരിമലയിലെ കെഎസ്ആർടിസി ഗതാഗത സംവിധാനത്തെ തകർത്തതും ജലദൗർലഭ്യം സൃഷ്ടിച്ചതും അവശ്യമരുന്നുകൾ നൽകാതെ ഡിസ്പെൻസറികൾ തുറന്ന് വച്ചതും ആവശ്യത്തിന് ഉപകരിക്കാത്തവിധം പോലീസ് സേനയെ പിൻവലിച്ചതും ഈ പോലീസുകാരെല്ലാം ശബരിമല തീർത്ഥാടനപരിസരത്തുനിന്നും ഗവർണറുടെ സംരക്ഷണ സംവിധാനത്തിൽ നിന്നും ആരുടെ നിഗൂഢനിർദ്ദേശപ്രകാരമാണ് പോലീസ് മന്ത്രി കൂടിയായ പിണറായി സഞ്ചരിക്കുന്ന കറുത്തവണ്ടിക്ക് സൗരയൂഥ ഭ്രമണം നടത്തിയതെന്ന് ആർക്കുമറിയില്ല. അതുപോലെ ആ ർക്കുമറിയാത്ത മറ്റൊരു കാര്യമാണ് പോലീസുകാർ ഗവർണറുടെ സഞ്ചാരപഥം ആർഷോമാർക്ക് ചോർത്തിക്കൊടുത്തതും. സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ പറയുന്നത് എസ്എഫ്ഐ പിള്ളേർ ഇനിയും ഗവർണറെ വഴിയിൽ തടയുമെന്നാണ്. ഇനി ഈ നിർദ്ദേശം പോയത് ഏ.കെ.ജി. സെൻററിൽ നിന്നാണോ, ആവോ? ബാക്കിയെല്ലാം കാലമാകുന്ന സ്ക്രീനിൽ കാണാൻ പോകുന്ന കാഴ്ചകളാണ്. അത് പറയുന്നതിൽ ഒരർത്ഥവുമില്ല.

വാൽക്കഷണം:
വണ്ടിപ്പെരിയാറിൽ ആറുവയസ്സുകാരിയെ പീഡിപ്പിച്ചശേഷം കെട്ടിത്തൂക്കി കൊലപ്പെടുത്തിയ കേസിലെ പ്രതിയെ കട്ടപ്പന അതിവേഗ കോടതി വെറുതെ വിട്ടു. പ്രതി കൊലപാതകം, ബലാത്സംഗം എന്നിവ നടത്തിയെന്ന് തെളിയിക്കാൻ പ്രോസിക്യൂഷന് കഴിഞ്ഞിട്ടില്ലെന്നാണ് ജഡ്ജിയുടെ വിധിയിൽ പറയുന്നത്. പ്രതി ഡിവൈഎഫ്ഐ പ്രവർത്തകനാണ്. അയാളെ രക്ഷപ്പെടുത്താൻ പല നിർണ്ണായ തെളിവുകൾ ശേഖരിക്കാനും രേഖപ്പെടുത്താനും പോലീസ് കാട്ടിയ അലംഭാവമാണ് ക്രൂരനായ പ്രതിയുടെ ശിക്ഷ ഒഴിവാക്കലിൽ കലാശിച്ചത്. ഭരണസ്വാധീനം ജോലിയോടുള്ള ആത്മാർത്ഥതയ്ക്ക് വെല്ലുവിളി സൃഷ്ടിക്കുമ്പോൾ ജനങ്ങൾക്ക് നഷ്ടപ്പെടുന്നത് സത്യത്തോടും നീതിയോടുമുള്ള ആശാ കിരണമാണെന്ന് ഓർക്കുക.

Advertisement
Next Article