പൂച്ചയെപ്പോലെ വീണ്ടും
നാലുകാലിൽവീണ് ബി.ജെ.പി
- നിരീക്ഷകൻ
ഗോപിനാഥ് മഠത്തിൽ
ഇന്ത്യൻരാഷ്ട്രീയത്തിൽ മലർന്നുവീഴാതെ, പല അഭ്യാസങ്ങൾ കാട്ടി നാലുകാലിൽ കമഴ്ന്നുവീഴുന്ന പൂച്ചയാണ് ബി.ജെ.പി എന്ന് ഒരിക്കൽക്കൂടി തെളിയിച്ച സംസ്ഥാന തെരഞ്ഞെടുപ്പുകളാണ് അടുത്തകാലത്ത് നടന്നത്. രാജസ്ഥാൻ, മധ്യപ്രദേശ്, തെലങ്കാന, ഛത്തീസ്ഗഢ്, മിസോറാം എന്നീ അഞ്ചുസംസ്ഥാനങ്ങളിൽ നടന്ന തെരഞ്ഞെടുപ്പുകളിൽ രാജസ്ഥാനിലും മധ്യപ്രദേശിലും ബി.ജെ.പി ഭരണവാതിൽ തുറന്നുകഴിഞ്ഞു. ഛത്തീസ്ഗഢിൽ കോൺഗ്രസ്സിന് ഒപ്പത്തിനൊപ്പം നിന്നു ബി.ജെ.പി. നേരിയ മുൻതൂക്കത്തോടെ ഭരണത്തിലെത്താനുള്ള സാധ്യതയുമുണ്ട്. തെലങ്കാനയിൽ കെ. ചന്ദ്രശേഖരറാവുവിൻറെ നേതൃത്വത്തിലുള്ള ബി.ആർ.എസ്. ഹാട്രിക് വിജയം നേടാൻ കൊതിച്ചെങ്കിലും ആ സ്വപ്നത്തെ തകർക്കാൻ കോൺഗ്രസ്സിനു കഴിഞ്ഞു. ആകെക്കൂടി നോക്കുമ്പോൾ ഹിന്ദി ബെൽറ്റിൽ ബി.ജെ.പിക്ക് അനുകൂലമായ ചെറിയൊരു തിരയിളക്കം കാണാൻ കഴിയുന്നുവെന്നാണ് മാധ്യമഭാഷ്യം. എങ്കിലും ചില വസ്തുതകളെ അംഗീകരിക്കാതെയും പറയാതെയും തരമില്ല. രാജസ്ഥാനിൽ കോൺഗ്രസ്സിനു ഭരണം നഷ്ടപ്പെട്ടത് അശോക്ഗെഹ്ലോത്തും സച്ചിൻപൈലറ്റും തമ്മിലുള്ള അധികാരത്തർക്കത്തിൻറെ ഫലമാണ്. അത് ഒഴിവാക്കിയിരുന്നെല്ലെങ്കിൽ രാജസ്ഥാനിൽ കോൺഗ്രസ്സിന് തുടർഭരണം ലഭിക്കാനുള്ള എല്ലാ സാധ്യതയുമുണ്ടായിരുന്നു. പാർട്ടിക്ക് അതീതമായി വ്യക്തികൾ വളരുമ്പോഴുണ്ടാകുന്ന ദുരന്താന്തരീക്ഷമാണ് രാജസ്ഥാനിൽ കോൺഗ്രസ്സ് ഭരണം നഷ്ടപ്പെടാൻ കാരണം. ഗെഹ്ലോത്തും പൈലറ്റും മാനസികവൈരം ഒഴിവാക്കി പരസ്പരധാരണയോടെ ഒരുമിച്ചു നീങ്ങിയാൽ വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പിൽ കൂടുതൽ കോൺഗ്രസ്സ് അംഗങ്ങളെ പാർലമെൻറിൽ അയയ്ക്കാൻ കഴിയും. തർക്കം വീണ്ടും തർക്കമായി അവശേഷിച്ചാൽ അത് ബി.ജെ.പിക്ക് കൂടുതൽ കരുത്തുപകരാൻ കാരണമാവുകയും ചെയ്യും. ഭരണം സുതാര്യവും സമസ്തമേഖലയിലും കൈയൊപ്പു ചാർത്തുന്നതുമായിരിക്കണം. അതനുസരിച്ച് ഭരണത്തെളിച്ചം ആദിവാസി മേഖലയിൽ വ്യാപിക്കാൻ കഴിയാത്തതാണ് ഛത്തീസ്ഗഢിലെ ഭൂപേഷ്ബാഗൽ സർക്കാരിൻറെ ഭരണപരാജയത്തിന് കാരണം. ആ മേഖലയിൽ ഭരണവിരുദ്ധവികാരം സൃഷ്ടിക്കാൻ ബി.ജെ.പിക്ക് തന്ത്രപൂർവ്വം കഴിഞ്ഞു. അതാണ് നേരിയ മാർജിനെങ്കിലും ബി.ജെ.പി.യെ അധികാരത്തിലെത്തിച്ച പ്രധാനഘടകം. അതുതന്നെയാണ് മധ്യപ്രദേശിലും സംഭവിച്ചത്. മധ്യപ്രദേശിലെ ആദിവാസി മേഖലകൾ കൂടുതൽ പിന്തുണച്ചത് ബി.ജെ.പിയെയായിരുന്നു. അത് കമൽനാഥ് എന്ന രാഷ്ട്രീയക്കാരൻറെയും മുഖ്യമന്ത്രിയുടെയും പാളിച്ചയായി ഒരുപോലെ പരിണമിക്കുകയായിരുന്നു. ചത്തീസ്ഗഢിൽ ഡോ. രമൺസിംഗും മധ്യപ്രദേശിൽ ശിവരാജ്സിംഗ് ചൗഹാനും ബി.ജെ.പി മുഖ്യമന്ത്രിമാരാകാനുള്ള സാധ്യതയുണ്ട്. രാജസ്ഥാനിൽ മുൻ ബി.ജെ.പി മുഖ്യമന്ത്രി വിജയരാജ് സിന്ധ്യ വീണ്ടും മുഖ്യമന്ത്രിയാകുമെന്നറിയുന്നു.
കോൺഗ്രസ്സിന് തെരഞ്ഞെടുപ്പുഫലം ആശ്വാസമായി മാറിയത് തെലങ്കാനയിലാണ്. ഹാട്രിക് വിജയം കൊതിച്ച ബി.ആർ.എസ്. മുഖ്യമന്ത്രിയായ കെ. ചന്ദ്രശേഖരറാവുവിൻറെ സ്വപ്നങ്ങളെ തർത്തുകൊണ്ടാണ് കോൺഗ്രസ് വമ്പിച്ച വിജയം കൊയ്തത്. തുടരധികാരം ഒരാളെ എത്രമാത്രം ദുഷിപ്പിക്കും എന്നതിന് മികച്ച തെളിവായിരുന്നു കെ.സി.ആർ. അധികാരത്തിൻറെ മികച്ച ഇടങ്ങളിൽ ബന്ധുക്കളെ തിരുകിക്കയറ്റാനുള്ള ബോധപൂർവ്വമായ ശ്രമം തന്നിഷ്ടപ്രകാരം നടത്തിയ ഭരണാധികാരിയായിരുന്നു ചന്ദ്രശേഖരറാവു. തെലങ്കാന സംസ്ഥാന രൂപീകരണത്തിനുവേണ്ടി കോൺഗ്രസ്സുമായി തികഞ്ഞ സൗഹാർദ്ദം പുലർത്തിയ അദ്ദേഹം പിൽക്കാല രാഷ്ട്രീയത്തിൽ കോൺഗ്രസ് വിരുദ്ധ നിലപാടുകളായിരുന്നു കൈക്കൊണ്ടിരുന്നത്. മൻമോഹൻസിംഗ് പ്രധാനമന്ത്രിയായിരുന്ന കാലത്താണ് ചന്ദ്രശേഖരറാവുവിൻറെ സമ്മർദ്ദപ്രകാരം തെലങ്കാന സംസ്ഥാനം ജന്മം കൊള്ളുന്നത്. അതിനുശേഷം കെ.സി.ആർ. കൈക്കൊണ്ട നിലപാടുകളെല്ലാം കോൺഗ്രസ്സുമായി നിലനിർത്തിയിരുന്ന ധാരണകളെ തകിടം മറിക്കുന്നതായിരുന്നു. അതിൻറെ ഫലമായി തെലങ്കാനയ്ക്കൊപ്പം ആന്ധ്രപ്രദേശും കോൺഗ്രസ്സിനെ കൈവിട്ടു. അതിനുള്ള ഒരു മധുരപ്രതികാരമാണ് ഇപ്പോഴത്തെ കോൺഗ്രസ്സിൻറെ വിജയം. ചില കണക്കുകൂട്ടലുകൾ അനുകൂലമാകുമ്പോൾ അത് നന്നായിരുന്നുവെന്നും പിഴയ്ക്കുമ്പോൾ അങ്ങനെയല്ല ഇങ്ങനെയായിരുന്നെങ്കിൽ നന്നായിരുന്നേനെയെന്നു പറയുന്നത് മനുഷ്യസഹജമാണ്. പക്ഷേ ഇവിടെ 'ഇന്ത്യ' എന്ന മുന്നണിയുടെ സകല കണക്കുകൂട്ടലുകളെയും കടപുഴക്കിക്കൊണ്ടാണ് ബി.ജെ.പി അഞ്ചിൽ മൂന്ന് സംസ്ഥാനങ്ങളിൽ നിർണ്ണായക സ്വാധീനം നേടിയത്. ഏതുമുന്നണിയായാലും അത് സ്വാർത്ഥതയുടെ കൂട്ടായ്മയ്ക്കപ്പുറം ജനപക്ഷത്തു നിന്നുള്ള മാറ്റത്തിനു വേണ്ടിയുള്ള, ഒരേ ഹൃദയത്തോടുള്ള സംഘടിത ശ്രമമാകുമ്പോഴെ ലക്ഷ്യത്തെ വേധിക്കുകയുള്ളൂ. ഇന്ത്യ മുന്നണിയെ ഈ സംസ്ഥാന തെരഞ്ഞെടുപ്പുകളുടെ ഫലം വെച്ച് ഉചിതമായ തീരുമാനത്തോടെ ആസൂത്രണത്തോടെ എങ്ങനെ ലോക്സഭാ ഇലക്ഷനിൽ അവതരിപ്പിക്കാൻ കഴിയുമെന്ന് അതിൻറെ നേതാക്കൾ ചിന്തിക്കേണ്ട സമയമാണിത്. അതിനുള്ള മനഃസ്ഥൈര്യവും മനോധൈര്യവും അവർക്കുണ്ടാകാൻ പ്രാർത്ഥിക്കാം.
വാൽക്കഷണം:
എം.എൻ.കാരശ്ശേരിയുടെ ഒരു പ്രസ്താവന അടുത്തിടെ കണ്ടു. കേരള സർക്കാർ ഇപ്പോൾ നിലനിൽക്കുന്നത് അടിക്കുന്ന മദ്യത്തിലും അടിക്കാത്ത ലോട്ടറിയിലുമാണെന്നാണ് അദ്ദേഹം പറഞ്ഞത്. ഇതിൽ കൂടുതൽ ശ്രദ്ധിക്കപ്പെട്ടത് അടിക്കാത്ത ലോട്ടറിയെപ്പറ്റിയാണ്. ഒരിക്കൽ നടന്നുപോകും വഴി യാദൃച്ഛികമായി ഒരു ലോട്ടറി വിൽപ്പനക്കാരനിൽ നിന്നു കേട്ട വാക്കുകൾ ഇതാണ്: ഞാൻ ഇരുന്നൂറ്റമ്പത് ലോട്ടറിയെടുത്തു. അതിൽ ഒന്നിൽപ്പോലും നൂറു രൂപപോലുമടിച്ചില്ല. അടുത്ത ദിവസം വിൽക്കേണ്ട ലോട്ടറിയുമായി എത്തിയ പ്രധാന ഏജൻറിനോടാണ് ചില്ലറ ലോട്ടറി വിൽപ്പനക്കാരൻറെ പരിഭവം. പരിഭവം പറഞ്ഞയാൾ മുൻപ് ഒരു മരം കയറ്റത്തൊഴിലാളിയായിരുന്നു. അതിന് ശരീരം വഴങ്ങാത്തതുകൊണ്ടാണ് ഈ പണിക്കിറങ്ങിയത്. അപ്പോൾ എൻറെ ചെറിയ ബുദ്ധിയിൽ തോന്നിയ കാര്യം വിൽപ്പനയ്ക്ക് അയയ്ക്കാത്ത ടിക്കറ്റുകളുടെ നമ്പരുകൾ വച്ചാണോ ഇവർ ടിവിയിൽ ചക്രം കറക്കിക്കാണിക്കുന്നതെന്നാണ്. കാരണം ഒന്നാമത് സർക്കാർ പണമില്ലാതെ ചക്രശ്വാസം വലിക്കുന്നു, മറ്റൊന്ന് ഇത് നിർമ്മിതബുദ്ധിയുടെ കാലമാണ് ഇതും ഇതിനപ്പുറവും കാട്ടി ജനങ്ങളെ പറ്റിക്കുകയും ചെയ്യാം. സത്യം ആരറിയുന്നു?
*