നിരക്കിൽ മാറ്റമില്ല, ഭവന വാഹന വായ്പകൾക്ക് ആശ്വാസം
മുംബൈ: നടപ്പ് സാമ്പത്തിക വർഷത്തിന്റെ രണ്ടാം പാദത്തിലും പണപ്പെരുപ്പം നിയന്ത്രിക്കാനായെന്ന് റിസർവ് ബാങ്ക്. പലിശ നിരക്ക് ഉയർത്താതെ പണലഭ്യത കൂട്ടാൻ തീരുമാനം. ഭവന-വാഹന വായ്പകളുടെ നിരക്ക് നിലവിലുള്ളതു പോലെ തുടരും. തുടർച്ചയായ രണ്ടാം തവണയും റിപ്പോ നിരക്കിൽ റിസർവ് ബാങ്ക് ഓഫ് ഇന്ത്യ മാറ്റം വരുത്തിയില്ല. പണപ്പെരുപ്പം തുടർച്ചയായി കുറഞ്ഞതോടെയാണ് ആർബിഐ വായ്പ നിരക്ക് വർദ്ധിപ്പിക്കാതിരുന്നതെന്ന് ആർബിഐ ഗവർണർ ശക്തികാന്ത ദാസ് പറഞ്ഞു.
6.50 ശതമാനത്തിൽതന്നെയാണ് റിപ്പോ നിരക്ക്. നടപ്പ് സാമ്പത്തിക വർഷത്തെ ജിഡിപി വളർച്ചാ പ്രവചനം 6.5 ശതമാനത്തിൽ നിലനിർത്തി, നടപ്പ് സാമ്പത്തിക വർഷത്തിലെ രണ്ടാമത്തെ പണനയ യോഗമാണ് അവസാനിച്ചത്. സ്റ്റാൻഡിംഗ് ഡെപ്പോസിറ്റ് ഫെസിലിറ്റി നിരക്ക് 6.25% ആയി തുടരും. മാർജിനൽ സ്റ്റാൻഡിംഗ് ഫെസിലിറ്റി നിരക്കും ബാങ്ക് നിരക്കും 6.75 ശതമാനത്തിൽ തന്നെ തുടരുമെന്ന് ആർബിഐ ഗവർണർ പറഞ്ഞു.
ഉപഭോക്തൃ വിലസൂചിക പ്രകാരമുള്ള പണപ്പെരുപ്പം ഇപ്പോഴും 4 ശതമാനത്തിന് മുകളിലാണെന്നും അത് ആർബിഐയുടെ ലക്ഷ്യത്തിനും മുകളിലാണെന്നും ആർബിഐ ഗവർണർ ശക്തികാന്ത ദാസ് പറഞ്ഞു. നാണയപ്പെരുപ്പം, ലക്ഷ്യം വെച്ചിരിക്കുന്ന 4 ശതമാനത്തിൽ എത്തുകയാണ് വേണ്ടത് എന്ന് ശക്തികാന്ത ദാസ് പറഞ്ഞു പണപ്പെരുപ്പ പ്രവചനം നേരത്തെയുണ്ടായിരുന്ന 5.2 ശതമാനത്തിൽ നിന്ന് 5.1 ശതമാനമായി ആർബിഐ കുറച്ചു.