കൊന്നൊടുക്കിയ താറാവുകളുടെ നഷ്ടപരിഹാരം ലഭിച്ചില്ല: കര്‍ഷകര്‍ ആശങ്കയില്‍
അമ്പലപ്പുഴ: പക്ഷിപ്പനിയെത്തുടര്‍ന്ന് കൊന്നൊടുക്കിയ താറാവുകളുടെ നഷ്ടപരിഹാരം ലഭിച്ചില്ല. കര്‍ഷകര്‍ ആശങ്കയില്‍. ഒന്നര വര്‍ഷം മുമ്പാണ് പക്ഷിപ്പനിയെ തുടര്‍ന്ന് സര്‍ക്കാര്‍ നിര്‍ദേശ പ്രകാരം മൃഗസംരക്ഷണ വകുപ്പിന്റെ നേതൃത്വത്തിലാണ് താറാവുകളെ കൊന്നൊടുക്കിയത്.
60 ദിവസം പ്രായമായ താറാവുകള്‍ക്ക് 200 ഉം ഇതിന് താഴെ പ്രായമായ താറാവുകള്‍ക്ക് 100 രൂപയുമാണ് നഷ്ടപരിഹാരം പ്രഖ്യാപിച്ചത്. നൂറുകണക്കിന് കര്‍ഷകരുടെ ലക്ഷക്കണക്കിന് താറാവുകളെയാണ് പക്ഷിപ്പനി ബാധയെത്തുടര്‍ന്ന് കൊന്നൊടുക്കിയത്. ഏതാനും കര്‍ഷകര്‍ക്ക് നഷ്ടപരിഹാരം നല്‍കിയിരുന്നു.ഭൂരിഭാഗം പേര്‍ക്കും ഒന്നര വര്‍ഷം പിന്നിട്ടിട്ടും നഷ്ട പരിഹാരം ലഭിച്ചിട്ടില്ല. അതേസമയം, പക്ഷിപ്പനി ബാധിച്ചു ചത്ത താറാവുകളുടെ നഷ്ട പരിഹാരം കര്‍ഷകര്‍ക്ക് ലഭിക്കില്ല.
ഒന്നര വര്‍ഷം മുമ്പ് താറാവൊന്നിന് 23.50 രൂപ നിരക്കിലാണ് ഹാച്ചറികളില്‍ നിന്ന് കര്‍ഷകര്‍ വാങ്ങിയത്. ഒരു ദിവസം പ്രായമായ താറാവിനും ഈ വിലയായിരുന്നു. ഈ വിലക്കു വാങ്ങിയ ആയിരക്കണക്കിന് താറാവുകളാണ് പക്ഷിപ്പനി മൂലം ചത്തത്. മിക്ക കര്‍ഷകരും സ്വര്‍ണം പണയം വെച്ചും സ്വകാര്യ ധനകാര്യ സ്ഥാപനങ്ങളില്‍ നിന്ന് കൂടിയ പലിശക്ക് പണമെടുത്തുമാണ് താറാവു കൃഷി ചെയ്തത്. നഷ്ട പരിഹാരം ലഭിക്കാത്തതിനാല്‍ മിക്ക കര്‍ഷകരും കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണ്.കരുമാടി സ്വദേശിയായ കര്‍ഷകന് 8732 താറാവുകളെ കൊന്നൊടുക്കിയ ഇനത്തില്‍ 17,46,400 രൂപയോളം ലഭിക്കാനുണ്ട്.
ഇതു പോലെ അനേകം കര്‍ഷകര്‍ക്ക് ലക്ഷക്കണക്കിന് രൂപയാണ് ലഭിക്കാനുള്ളത്. സാമ്പത്തിക പ്രതിസന്ധിയാണ് നഷ്ട പരിഹാര വിതരണം വൈകാന്‍ കാരണമെന്നും പറയുന്നു. പണം ആവശ്യപ്പെട്ട് കര്‍ഷകര്‍ മൃഗ സംരക്ഷണ മന്ത്രിയെ സമീപിച്ചെങ്കിലും ഫലമുണ്ടായിട്ടില്ല. ലക്ഷങ്ങള്‍ നഷ്ടപരിഹാരം കിട്ടാനുണ്ടെങ്കിലും വീണ്ടും പലിശക്ക് പണമെടുത്ത് കൃഷി നടത്തുകയാണ് പല കര്‍ഷകരും.