തൊഴിലാളികളെ അവഗണിച്ച് ഒരു സർക്കാരിനും
മുന്നോട്ടു പോകാനാവില്ല: ആർ. ചന്ദ്രശേഖരൻ
കൊല്ലം: തൊഴിലാളികളെ അവഗണിച്ച് കേന്ദ്രത്തിലും സംസ്ഥാനത്തും ഒരു സർക്കാരിനും മുന്നോട്ടു പോകാനാകില്ലെന്ന് ഐഎൻടിയുസി സംസ്ഥാന പ്രസിഡന്റ് ആർ. ചന്ദ്രശേഖരൻ. കോൺഗ്രസ് നേതൃത്വത്തിലുള്ള സർക്കാരുകൾ കൊണ്ടു വന്ന പല പദ്ധതികളും അട്ടിമറിക്കുകയും തൊഴിലാളി ദ്രോഹ നടപടികൾ വ്യാപകമാക്കുകയുമാണ് കേന്ദ്രത്തിലെ നരേന്ദ്ര മോദി സർക്കാരും കേരളത്തിലെ ഇടതു മുന്നണി സർക്കാരും. ഇതിനെതിരേ തൊഴിലാളികൾ ഉയർത്തുന്ന അതിശക്തമായ പ്രതിഷേധമാണ് വിവിധ ജില്ലകളിൽ ഐഎൻടിയുസി നേതൃത്വത്തിൽ നടക്കുന്ന ജില്ലാ റാലികളെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
രണ്ടു ദിവസമായി കൊല്ലത്തു നടക്കുന്ന ഐഎൻടിയുസി ജില്ലാ സമ്മേളനത്തിന്റെ പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്ത് ബ്രാഹ്മണ ഹാളിൽ പ്രസംഗിക്കുകയായിരുന്നു ചന്ദ്രശേഖരൻ.
ഡോ. മൻമോഹൻ സിംഗ് പ്രധാനമന്ത്രിയായിരിക്കെ നടപ്പാക്കിയ തൊഴിലുറപ്പ് പദ്ധതി വലിയൊരു ജനകീയ പദ്ധതി ആയിരുന്നു. ഇന്ത്യയുടെ സമ്പദ് രംഗത്തിന്റെ നട്ടെല്ല് താഴെക്കിടയിലുള്ള സാധാരണക്കാരും കർഷകരുമാണ്. അവരുടെ കൈകളിൽ പണമെത്തിക്കാനുളള പദ്ധതിയായിരുന്നു തൊഴിലുറപ്പ്. എന്നാൽ ഈ പദ്ധതി പോലും അട്ടിമറിക്കാനുള്ള നീക്കങ്ങളാണ് കേന്ദ്ര സർക്കാർ നടത്തുന്നത്. ഇതിനെതിരേ തൊഴിലാളികൾ ജാഗ്രത പുലർത്തണം.
ആശ വർക്കർമാർ, അംഗനവാടി ജീവനക്കാർ തുടങ്ങിയവരെ കാലാവധി കഴിയുന്ന മുറയ്ക്ക് സർക്കാർ സർവീസിലെ ലാസ്റ്റ് ഗ്രേഡ് പരിധിയിൽ ഉൾപ്പെടുത്തി നിയമനവും ആനുകൂല്യങ്ങളും നല്കണം. കർഷകർക്ക് ആശ്വാസം നൽകുന്നതിന് രാഹുൽ ഗാന്ധി വിഭാവന ചെയ്ത ന്യായ് പദ്ധതികൾ കൂടുതൽ സംസ്ഥാനങ്ങളിൽ നടപ്പാക്കേണ്ടതുണ്ട്. അതിന് കോൺഗ്രസ് അധികാരത്തിലെത്തണമെന്നും ചന്ദ്രശേഖരൻ ചൂണ്ടിക്കാട്ടി. രാജ്യത്താകമാനമായി നാലു കോടിയിൽപ്പരം അംഗസംഖ്യയുള്ള ഐഎൻടിയുസിക്ക് ഇന്ത്യൻ പാർലമെന്റിലും നിയമസഭകളിലും അർഹമായ പ്രാതിനിധ്യം ഉറപ്പാക്കാൻ കോൺഗ്രസ് നേതൃത്വം തയാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പാർട്ടിയും ഐഎൻടിയുസിയും തമ്മിൽ ആദ്യകാലത്തുണ്ടായിരുന്ന ബന്ധം ഇപ്പോഴില്ല. ഗാന്ധിജി രൂപം നൽകിയ തൊഴിലാളി സംഘടനയാണിത്. അതിനെ പാർട്ടിയുടെ അവിഭാജ്യഘടകമായി നിലനിർത്തി അർഹമായ പ്രാതിനിധ്യം നൽകണമെന്നും ചന്ദ്രശേഖരൻ ആവശ്യപ്പെട്ടു.
ജില്ലാ പ്രസിഡന്റ് എ.കെ. ഹഫീസ് അധ്യക്ഷത വഹിച്ചു. അഡ്വ. ഷാനവാസ്ഖാൻ, കെ.സി. രാജൻ കൃഷ്ണവേണി ശർമ, തമ്പി കണ്ണാടൻ, അൻസാർ അസീസ്, ചിറ്റുമൂല നാസർ, എസ് നസറുദീൻ തുടങ്ങിയവർ പ്രസംഗിച്ചു.