പൗരത്വ നിയമഭേദഗതിക്ക് ഇടക്കാല സ്റ്റേയില്ല; ഉപഹർജികളിൽ കേന്ദ്രസർക്കാരിന് നോട്ടീസ് അയച്ച്, സുപ്രീംകോടതി
ന്യൂഡൽഹി: പൗരത്വ ഭേദഗതി നിയമവും ഭേദഗതി ചട്ടങ്ങളും സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജികളിൽ കേന്ദ്രസർക്കാരിന് സുപ്രീം കോടതിയുടെ നോട്ടീസ്. ഉപഹര്‍ജികളില്‍ കേന്ദ്ര സര്‍ക്കാര്‍ മൂന്നാഴ്ചയ്ക്കകം മറുപടി നല്‍കണമെന്ന് സുപ്രീം കോടതി ആവശ്യപ്പെട്ടു.
മറുപടി സത്യവാങ്മൂലംസമര്‍പ്പിക്കാന്‍ നാലാഴ്ച സമയം കേന്ദ്ര സര്‍ക്കാര്‍ തേടിയെങ്കിലും മൂന്നാഴ്ചയ്ക്കകം മറുപടി നല്‍കാനാണ് ചീഫ് ജസ്റ്റീസ് ആവശ്യപ്പെട്ടത്. കേന്ദ്ര സർക്കാരിനു സമയം ചോദിക്കാൻ അവകാശമുണ്ടെന്നു പറഞ്ഞ കോടതി കേസിൽ കക്ഷികൾക്ക് നോട്ടീസ് അയയ്ക്കാമെന്നും വ്യക്തമാക്കി. ഹര്‍ജികള്‍ ഏപ്രില്‍ ഒമ്പതിന് വീണ്ടും പരിഗണിക്കും.
പൗരത്വ ഭേദഗതി നിയമം ഒരാളുടേയും പൗരത്വം എടുത്ത് കളയില്ലെന്നും ഹർജികൾ മുൻവിധിയോടെയാണെന്നും കേന്ദ്ര സര്‍ക്കാരിന് വേണ്ടി ഹാജരായ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത വാദിച്ചു.
മുസ്ലിം ലീഗിനു വേണ്ടി ഹാജരായ കപിൽ സിബൽ, ഹാരിസ് ബീരാൻ എന്നിവരാണ് അടിയന്തര വാദം കേൾക്കണമെന്ന ആവശ്യം ഉന്നയിച്ചത്. പൗരത്വനിയമത്തിന്റെ ചട്ടം വിജ്ഞാപനം ചെയ്തത് സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ടുള്ള 236 ഹര്‍ജികളാണ് ചീഫ് ജസ്റ്റീസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് പരിഗണിച്ചത്.
മുസ്ലീം ലീഗ്, മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, കോൺഗ്രസ് നേതാവും മുൻ കേന്ദ്രമന്ത്രിയുമായിരുന്ന ജയറാം രമേശ്, ആസാം കോൺഗ്രസ് നേതാവ് ദേബബത്ര സൈകിയ, ഇടതു പാർട്ടികൾ വിവിധ മുസ്ലീം സംഘടനകള്‍, തൃണമൂൽ കോൺഗ്രസ് നേതാവ് മഹുവ മൊയ്ത്ര, എഐഎംഐഎം അധ്യക്ഷൻ അസദുദ്ദീൻ ഒവൈസി, , സന്നദ്ധ സംഘടനകൾ, ആസാം അഭിഭാഷക സംഘടന, നിയമ വിദ്യാർഥികൾ തുടങ്ങിയവരാണ് ഹർജി സമർപ്പിച്ചിരിക്കുന്നത്.