പെൻഷനും ഉച്ചക്കഞ്ഞിക്കും പണമില്ല; അഴിമതിക്കും ധൂർത്തിനും മുൻഗണനയെന്ന് വി.ഡി സതീശൻ
തിരുവനന്തപുരം: പാവങ്ങളുടെ പെൻഷനും കുട്ടികളുടെ ഉച്ചക്കഞ്ഞിയുമല്ല, ധൂർത്തിനും അഴിമതിക്കും പണം ചെലവഴിക്കുന്നതിനാണ് സർക്കാരിന്റെ മുൻഗണനയെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. പെന്‍ഷനോ കുഞ്ഞള്‍ക്ക് ഭക്ഷണം നല്‍കുന്നതോ അല്ല നവകേരളവും കേരളീയവും നടത്തുകയെന്നതാണ് ഈ സര്‍ക്കാരിന്റെ മുന്‍ഗണന. ധൂര്‍ത്തും അഴിമതിയുമാകരുത് സര്‍ക്കാരിന്റെ മുന്‍ഗണന. ഭക്ഷണം കഴിക്കാനും മരുന്ന് വാങ്ങാനും പണമില്ലാത്ത 50 ലക്ഷത്തോളം പേര്‍ക്ക് നിങ്ങള്‍ പണം കൊടുക്കേ മതിയാകൂ. ഫെബ്രുവരി ആദ്യ ആഴ്ച പെന്‍ഷന്‍ നല്‍കുമെന്ന് ഉറപ്പ് നല്‍കാന്‍ സര്‍ക്കാര്‍ തയാറുണ്ടോയെന്നും പ്രതിപക്ഷ നേതാവ് ചോദിച്ചു. പെന്‍ഷന്‍ ലഭിക്കാതെ ചക്കിട്ടപ്പാറയില്‍ ഭിന്നശേഷിക്കാരനായ ജോസഫ് ആത്മഹത്യ ചെയ്തത് സംബന്ധിച്ച് പ്രതിപക്ഷം നിയമസഭയിൽ ഉന്നയിച്ച അടിയന്തര പ്രമേയത്തിൽ ഇടപെട്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ആത്മഹത്യയ്ക്കുള്ള കാരണം മരുന്നിന്റെ കുറിപ്പടിയില്‍ എഴുതിവച്ചിട്ടിട്ടും അങ്ങനെയല്ലെന്ന് എന്ത് തെളിവിന്റെ അടിസ്ഥാനത്തിലാണ് ധനകാര്യമന്ത്രി പറയുന്നത്. തൊഴിലുറപ്പ് പദ്ധതിയില്‍ ജോലി ചെയ്ത് ഒരു വര്‍ഷം 28,000 രൂപ കിട്ടിയതിനാല്‍ ആത്മഹത്യ ചെയ്യേണ്ട കാര്യമില്ലായിരുന്നെന്ന് പറയുന്നതില്‍ എന്ത് വസ്തുതയാണുള്ളതെന്നും പ്രതിപക്ഷ നേതാവ് ചോദിച്ചു. ആത്മഹത്യാ കുറിപ്പിന്റെ ആധികാരികതയെ കുറിച്ചാണ് പൊലീസ് ഇപ്പോഴും അന്വേഷിക്കുന്നത്. അഞ്ച് മാസം പെന്‍ഷന്‍ നല്‍കാത്തതില്‍ ഒരു കുഴപ്പവും ഇല്ലെന്ന തരത്തിലാണ് മന്ത്രി സംസാരിക്കുന്നത്. പെന്‍ഷന്‍ ലഭിക്കാത്തതിനാല്‍ മരുന്ന് പോലും വാങ്ങാന്‍ സാധിക്കാത്ത അവസ്ഥയിലാണ് പാവങ്ങള്‍. പെന്‍ഷന്‍ കിട്ടാത്തതിനെ തുടര്‍ന്ന് ഭിക്ഷാപാത്രവുമായി ഇറങ്ങിയ മറിയ ചേട്ടത്തിക്കെതിരെ തെറ്റായ വാര്‍ത്ത നല്‍കിയ ദേശാഭിമാനിക്ക് ഒടുവില്‍ മാപ്പ് പറയേണ്ടി വന്നു. എന്നിട്ടും അവരെ സൈബര്‍ ഇടങ്ങളില്‍ ഇപ്പോഴും ആക്രമിക്കുകയാണ്. ഇതുതന്നെയാണ് ജോസഫിന്റെ കാര്യത്തിലും ആന്തൂരിലെ സാജന്റെ കാര്യത്തിലും ചെയ്തത്. മരിച്ചവരെയും നിങ്ങള്‍ വെറുതെ വിടില്ലെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു.
കഴിഞ്ഞ തെരഞ്ഞെടുപ്പ് ജയിക്കാന്‍ തോമസ് ഐസക്ക് പുറത്ത് നിന്ന് പണമുണ്ടാക്കി പെന്‍ഷന്‍ നല്‍കി. അതിന്റെ പരിണിത ഫലമാണ് കെ.എന്‍ ബാലഗോപാല്‍ ഇപ്പോള്‍ അനുഭവിക്കുന്നത്. വരാനിരിക്കുന്ന സര്‍ക്കാരുകള്‍ ഇതിന്റെ ഫലം അനുഭവിക്കുമെന്ന് പ്രതിപക്ഷം അന്നേ മുന്നറിയിപ്പ് നല്‍കിയതാണ്. കിഫ്ബിയും പെന്‍ഷന്‍ ഫണ്ടും ബജറ്റിന് പുറത്താണെങ്കിലും അന്തിമ ബാധ്യത ബജറ്റിലേക്ക് വരും. അന്ന് ഞങ്ങള്‍ നല്‍കിയ മുന്നറിയിപ്പ് ഇപ്പോള്‍ യാതാര്‍ത്ഥ്യമായിരിക്കുകയാണ്. സഞ്ചിത നിധിയില്‍ നിന്നും പണമെടുത്ത് കടം വീട്ടേണ്ട അവസ്ഥയിലേക്ക് സർക്കാർ എത്തിയിരിക്കുകയാണ് -വി.ഡി സതീശൻ ചൂണ്ടിക്കാട്ടി.