വിജയനെ വേണ്ട
ബംഗാള്‍ ഘടകം കലിപ്പില്‍
ന്യൂഡല്‍ഹി/കോഴിക്കോട്: രാഹുല്‍ഗാന്ധിക്കെതിരെ കേരള മുഖ്യമന്ത്രിയും പോളിറ്റ് ബ്യൂറോ അംഗവുമായ പിണറായി വിജയന്‍ നടത്തുന്ന വ്യക്തിപരമായ വിമര്‍ശനത്തില്‍ കടുത്ത അതൃപ്തിയുമായ് സിപിഎം ബംഗാള്‍ ഘടകം. സംസ്ഥാന സെക്രട്ടറി മുഹമ്മദ് സലീം ഉള്‍പ്പെടെയുള്ള സ്ഥാനാര്‍ഥികളെല്ലാം തങ്ങളുടെ അതൃപ്തി ദേശീയ നേതൃത്വത്തെ അറിയിച്ചു കഴിഞ്ഞു. പിണറായി വിജയനെ പ്രചരണത്തിന് വേണ്ടെന്ന നിലപാടിലാണ് ബംഗാള്‍, ത്രിപുര, ബീഹാര്‍, രാജസ്ഥാന്‍ പാര്‍ട്ടി ഘടകങ്ങള്‍.
രാഹുല്‍ ഗാന്ധിയുടെ ഫോട്ടോ ഉപയോഗിച്ച് വോട്ടുതേടുന്ന തങ്ങളെയാണ് പിണറായി വിജയന്റെ രാഹുല്‍ വിമര്‍ശനം പ്രതിരോധത്തിലാക്കിയതെന്ന് സിപിഎം സ്ഥാനാര്‍ഥികള്‍ തുറന്ന് സമ്മതിക്കുന്നു. കോണ്‍ഗ്രസിന് ശക്തമായ സ്വാധീനമുള്ള മുര്‍ഷിദാബാദില്‍ മത്സരിക്കുന്ന സിപിഎം സംസ്ഥാന സെക്രട്ടറി മുഹമ്മദ് സലീം, രാജസ്ഥാനില്‍ കോണ്‍ഗ്രസ് വിട്ടുകൊടുത്ത സിക്കാര്‍ സീറ്റില്‍ മത്സരിക്കുന്ന സംസ്ഥാന സെക്രട്ടറി അമ്രാ റാം എന്നിവര്‍ പിണറായിയെ പ്രചരണത്തിന് വിളിക്കില്ലെന്ന നിലപാടിലാണ്. ബംഗാളിലെ റാണാ ഘട്ടില്‍ മത്സരിക്കുന്ന അലോകേഷ് ദാസും സമാന നിലപാടിലാണ്. പിണറായി വിജയന്‍ പാര്‍ട്ടിയുടെ പരമോന്നത സമിതി അംഗമാണെന്നും അദ്ദേഹമാണ് രാഹുലിനെതിരെ ആദ്യം വിമര്‍ശനം തൊടുത്തതെന്നും മോദിയും രാഹുലും തുല്യരാണെന്ന് പ്രസംഗിച്ചത് തങ്ങളെ ഞെട്ടിച്ചെന്നും മാധ്യമ വാര്‍ത്തകള്‍ ഉദ്ധരിച്ച് മറ്റു സംസ്ഥാനങ്ങളിലെ സിപിഎം നേതാക്കള്‍ ചൂണ്ടിക്കാട്ടുന്നു. ഇത് ബിജെപിയെ സഹായിക്കാനാണെന്ന വാദം തള്ളാതെയാണ് ഇവരുടെ വിമര്‍ശനം.
ആദ്യഘട്ടത്തില്‍ തെരഞ്ഞെടുപ്പ് നടന്ന തമിഴ്‌നാട് ഘടകവും പിണറായിയെ പ്രചരണത്തിന് വിളിച്ചിരുന്നില്ല. ഇതോടെ സിപിഎമ്മിന്റെ ഏക മുഖ്യമന്ത്രിയായിട്ടും കേരളത്തിന് പുറത്ത് ഒരു കമ്മിറ്റിയും പ്രചരണത്തിന് വിളിക്കാത്തത് വിജയന് വ്യക്തിപരമായ തിരിച്ചടി കൂടിയാണ്. കഴിഞ്ഞ ദിവസം 'ഇടതുണ്ടെങ്കിലേ നമ്മുടെ ഇന്ത്യയുള്ളൂ' എന്ന മുദ്രാവാക്യവുമായ് പത്രങ്ങളിലുള്‍പ്പെടെ പിണറായി വിജയന്റെ മുഖംവെച്ച് പരസ്യം പ്രസിദ്ധീകരിച്ചിരുന്നു. സിപിഎം, സിപിഐ ജനറല്‍ സെക്രട്ടറിമാരുടെ പടംപോലും വെക്കാതെ പിണറായിയെ മാത്രം ഉയര്‍ത്തിക്കാട്ടുകയായിരുന്നു പരസ്യത്തിന്റെ ലക്ഷ്യം. എന്നാല്‍ കേരളത്തിന് പുറത്ത് എടുക്കാ ചരക്കായ് മാറിയതോടെ പരസ്യത്തിലും അദ്ദേഹം അപഹാസ്യനാവുകയുമാണ്.
രാഹുലിന് പ്രധാനമന്ത്രിയാവാന്‍ പക്വതയില്ലെന്ന രീതിയിലാണ് പിണറായി വിജയന്‍ ഒടുവില്‍ പ്രതികരിച്ചത്. എന്നാല്‍ പിബി അംഗം കൂടിയായ മുഹമ്മദ് സലീം 'രാഹുല്‍ ഉയര്‍ത്തെഴുന്നേല്‍ക്കുന്ന പ്രതീകം' എന്ന് നേരത്തെ തന്നെ വിശേഷിപ്പിച്ചിരുന്നു. നേതൃതലത്തിലെ ഈ വൈരുദ്ധ്യവും പാര്‍ട്ടിക്കുള്ളില്‍ വലിയ ആശയസംഘര്‍ഷത്തിന് കാരണമാവും. മുഖ്യമന്ത്രിയെ അറസ്റ്റ് ചെയ്യാന്‍ ആവശ്യപ്പെടുകയല്ല രാഹുല്‍ ചെയ്തതെന്നും സാധാരണ കമ്യൂണിസ്റ്റ് നേതാക്കള്‍ക്കു കിട്ടാത്ത ഒരാനുകൂല്യം മോദിയില്‍ നിന്ന് പിണറായി വിജയന് കിട്ടുന്നു എന്ന് ചൂണ്ടിക്കാണിക്കുകയായിരുന്നുവെന്നും ബംഗാള്‍, ത്രിപുര ഘടകങ്ങള്‍ വിലയിരുത്തുന്നുണ്ട്. മലയാളികളായ എ.കെ.ജി, ഇ.എം.എസ്, പ്രകാശ് കാരാട്ട് എന്നിവര്‍ക്ക് ദേശീയ രാഷ്ട്രീയത്തില്‍ ഒരുകാലത്ത് ലഭിച്ച പരിഗണന പോലും പിണറായിക്ക് ആരും നല്‍കുന്നില്ല. ചുരുക്കത്തില്‍ രാഹുല്‍ വിമര്‍ശനം പിണറായിയുടെ ബുദ്ധിശൂന്യതയും കേരളമെന്ന വട്ടത്തിലേക്ക് സ്വയം ഒതുക്കലുമായ് മാറുകയാണ്.