സബ്‌സിഡി സാധനങ്ങള്‍ ഒന്നുമില്ല; തൃശ്ശൂരില്‍ സപ്ലൈകോ ക്രിസ്മസ് ചന്തയുടെ ഉദ്ഘാടനം മുടങ്ങി
തൃശ്ശൂര്‍: സബ്‌സിഡി സാധനങ്ങള്‍ ഇല്ലാത്തതിനാല്‍ തൃശ്ശൂരില്‍ സപ്ലൈകോയുടെ ക്രിസ്മസ് ചന്തയുടെ ഉദ്ഘാടനം മുടങ്ങി. നാട്ടുകാര്‍ പ്രതിഷേധിച്ചതിനെ തുടര്‍ന്ന് ഉദ്ഘാടന ചടങ്ങിനെത്തിയ മേയറും എംഎല്‍എയും ഉദ്ഘാടനം നിര്‍വഹിക്കാതെ മടങ്ങിപ്പോയി. ഉദ്ഘാടനത്തിന് മുമ്പ് സാധനങ്ങള്‍ എത്തുമെന്നാണ് കരുതിയിരുന്നത് എന്നാണ് അധികൃതരുടെ വിശദീകരണം. സബ്‌സിഡി സാധനങ്ങള്‍ ലഭിക്കുമെന്ന് കരുതി സപ്ലൈകോയിലെത്തിയ നിരവധി പേരാണ് നിരാശരായി മടങ്ങിയത്. ജോലിക്ക് പോലും പോകാതെയാണ് പലരും സാധനങ്ങള്‍ വാങ്ങാനെത്തിയത്.
പതിമൂന്നിനം സബ്‌സിഡി സാധനങ്ങള്‍ ഓണച്ചന്തയില്‍ നിന്ന് വാങ്ങാമെന്ന സര്‍ക്കാര്‍ പ്രഖ്യാപനം വിശ്വസിച്ച് നിരവധി പേരാണ് ഇന്ന് തൃശൂരിലെ സപ്ലെകോ ഓണച്ചന്തയിലെത്തിയത്. വടക്കാഞ്ചേരിയില്‍ നിന്നും പുതുക്കാടുനിന്നും കാലത്ത് വണ്ടി കയറി തൃശൂരെത്തി പൊരി വെയിലത്ത് വരി നിന്ന് ടോക്കണെടുത്ത് അകത്ത് കയറി. ഉദ്ഘാടന മാമാങ്കത്തിന് തൃശൂര്‍ എംഎല്‍എയും മേയര്‍ എം.കെ വര്‍ഗ്ഗീസുമെത്തി. ചടങ്ങ് തുടങ്ങും മുമ്പ് വരിനിന്നവര്‍ക്ക് സാധനങ്ങള്‍ കൊടുത്ത് തുടങ്ങാന്‍ മേയര്‍ നിര്‍ദ്ദേശം നല്‍കി. സബ്‌സിഡി സാധനങ്ങള്‍ ആളുകള്‍ ചോദിച്ചതോടയാണ് കള്ളി വെളിച്ചത്തായത്.
13 ല്‍ നാലെണ്ണം മാത്രമാണ് സ്റ്റോറിലുള്ളത്. അരിയും ചെറുപയറും മല്ലിയും വെളിച്ചെണ്ണയും മാത്രം. അതില്‍ വെളിച്ചെണ്ണയ്ക്ക് 141 രൂപയാണ് വില. പൊതുവിപണിയിലെ വിലയേക്കാള്‍ കൂടുതലാണെന്നാണ് നാട്ടുകാര്‍ പറയുന്നു. പരാതിയും ചോദ്യം ചെയ്യലുമായതോടെ ഉദ്യോഗസ്ഥര്‍ പരുങ്ങി. ഉദ്ഘാടനത്തിന് വിളിച്ചപമാനിച്ചവരോട് പ്രതിഷേധമറിയിച്ച് എംഎല്‍എയും മേയറും വേദി വിട്ടു. ഓഡര്‍ നല്‍കിയിട്ടുണ്ടെന്നും സാധനങ്ങള്‍ 23 ന് എത്തിയേക്കും എന്നുമാത്രമാണ് ഉദ്യോഗസ്ഥര്‍ പറയുന്നത്.
ഇത്തവണ ക്രിസ്തുമസ് ചന്തയില്ലാത്ത ജില്ലകളില്‍ ഒന്നായ ആലപ്പുഴയിലെ സപ്ലൈകോ ബസാറുകളിലും സബ്‌സിഡി സാധനങ്ങള്‍ ഒന്നുമില്ല. സപ്ലൈകോ സ്റ്റോറില്‍ ജയ അരിയും മട്ട അരിയും ഉണ്ടെങ്കിലും സബ്‌സിഡി ഇല്ലാത്തതിനാല്‍ ഉയര്‍ന്ന വില നല്‍കണം. വാങ്ങാന്‍ ആളില്ലാത്തതിനാല്‍ പല കടളിലും ജീവനക്കാര്‍ മാത്രമേയുള്ളൂ. പത്തനംതിട്ടയില്‍ ഇന്നലെ തുടങ്ങിയ സപ്ലൈകോ പ്രത്യേക ക്രിസ്തുമസ് ഫെയറില്‍ അഞ്ച് സബ്‌സിഡി ഇനങ്ങള്‍ മാത്രമാണുള്ളത്. സബ്‌സിഡി ഇനങ്ങള്‍ ഇല്ലാത്തതിനാല്‍ ആളും നന്നേ കുറവാണ്. വൈകാതെ ഉത്പന്നങ്ങള്‍ എത്തുമെന്നാണ് ഉദ്യോഗസ്ഥരുടെ പ്രതീക്ഷ.