മാനദണ്ഡം പാലിക്കാത്ത കൂട്ട സ്ഥലം മാറ്റം : ഡി എം ഇ ഓഫീസ് ധർണ്ണ നടത്തി കെജിഎംസിടിഎ
തിരുവനന്തപുരം; കേരളത്തിലെ സർക്കാർ മെഡിക്കൽ കോളേജുകളിലെ അധ്യാപകരുടെ മാനദണ്ഡങ്ങൾക്ക് വിരുദ്ധമായ കൂട്ട സ്ഥലം മാറ്റ നടപടിയിൽ പ്രതിക്ഷേധിച്ചു കെജിഎംസിടിഎയുടെ നേതൃത്വത്തിൽ തിരുവനന്തപുരത്ത് ഇന്ന് ഡിഎംഇ ഓഫീസിന് മുന്നിൽ ധർണ്ണ നടത്തി. സംസ്ഥാന പ്രസിഡന്റ് ഡോ റോസ്നാരാ ബീഗം ടി ധർണ്ണ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് ഡോ ഹരിപ്രസാദ്, മുൻ സംസ്ഥാന പ്രസിഡന്റ് ഡോ. കവിത രവി തുടങ്ങിയവർ സംസാരിച്ചു.
വിവിധ ജില്ലകളിലെ മെഡിക്കൽ കോളേജു പ്രിൻസിപ്പൽമാരെയും അതാതു യൂണിറ്റിന്റെ നേതൃത്വത്തിൽ പ്രതിഷേധം അറിയിച്ചു
കൂട്ട സ്ഥലംമാറ്റപട്ടികയിൽ ഉൾപ്പെടുത്തിയവരെ എത്ര നാളേയ്ക്ക് ആണെന്നോ, എപ്പോൾ തിരികെ നിയമിക്കുമെന്ന കാര്യത്തിലോ ഡി.എം.ഇ ക്ക് വ്യക്തമായ മറുപടി നൽകാനായില്ല. എന്നാൽ സ്ഥാനക്കയറ്റ നടപടികളും, എൻട്രി കേഡറിലേക്ക് ഉള്ള പി.എസ്.സി പരീക്ഷയും തുടർ നടപടികളും വേഗത്തിൽ ആക്കുന്നത് പരിഗണിക്കാമെന്ന് ഡിഎംഇ അറിയിച്ചു.
നിയമവിരുദ്ധമായ സ്ഥലംമാറ്റ നടപടികൾ വേഗത്തിൽ തന്നെ പിൻവലിക്കണമെന്ന ആവശ്യത്തിൽ ഉറച്ചു നിൽക്കുന്നതായും, അക്കാര്യത്തിൽ തീരുമാനം ഉണ്ടാകുന്നതു വരെ
ഫെബ്രുവരി 1 മുതൽ മെഡിക്കൽ കോളേജുകളിലെ അധ്യായനത്തിൽ നിന്ന് മാറി നിൽക്കുവാനും അധ്യാപകരുടെ സംഘടനയായ കെജിഎംസിടിഎ തീരുമാനിച്ചു.
ഒരു വർഷം മുൻപ് നടത്തിയ പൊതു സ്ഥലംമാറ്റ പട്ടികയിൽപ്പെട്ടവർ ഉൾപ്പെടെയുള്ളവരെ കോന്നി, ഇടുക്കി മെഡിക്കൽ കോളേജുകളിലേക്ക് സ്ഥലം മാറ്റിയ നടപടിയിൽ വേണ്ടത്ര വ്യക്തത വരുത്തുവാൻ സർക്കാരിനോ , ഡിഎംഇയുടെ ഭാഗത്ത് നിന്നോ കഴിഞ്ഞിട്ടില്ല. ഈ സാഹചര്യത്തിലാണ് സമരം ശക്തമാക്കാൻ കെജിഎംസിടിഎ തീരുമാനിച്ചത്.