‘ഭർതൃവീട്ടിലെ എല്ലാ പീഡനവും ക്രൂരതയല്ല’: ബോംബെ ഹൈക്കോടതി
മുംബൈ: ഭർതൃഗൃഹത്തിൽ ഉണ്ടാകുന്ന എല്ലാ പീഡനങ്ങളും ക്രൂരതയുടെ പരിധിയിൽ വരില്ലെന്ന് ബോംബെ ഹൈക്കോടതി. വിവാഹം കഴിഞ്ഞ് ആറു മാസത്തിനുശേഷം വധു ആത്മഹത്യ ചെയ്ത കേസിൽ പ്രതികളായ വരനെയും കുടുംബത്തെയും വെറുതെവിട്ടാണ് ജസ്റ്റിസ് അഭയ് വാഗ്‌വാസെ ഇക്കാര്യം പരാമർശിച്ചത്.
‘‘ടിവി കാണാൻ അനുവദിക്കാതിരിക്കുക, കാർപറ്റിൽ ഉറങ്ങാൻ നിർബന്ധിക്കുക, പാകം ചെയ്ത ഭക്ഷണത്തിന്റെ പേരിൽ കുറ്റപ്പെടുത്തുക, രോഗിയായിരിക്കെ വീട്ടുജോലികൾ ചെയ്യിപ്പിക്കുക, അയൽവാസികളെ കാണാനോ ക്ഷേത്രം സന്ദർശിക്കാനോ ഒറ്റയ്ക്കു പോകാൻ അനുവദിക്കാതിരിക്കുക, രാത്രിയിൽ ശുദ്ധജല വിതരണം നടത്തുന്ന ഗ്രാമത്തിൽ രാത്രി തന്നെ വെള്ളം ശേഖരിച്ചുവയ്ക്കാൻ ആവശ്യപ്പെടുക തുടങ്ങിയ കാര്യങ്ങൾ ‘ക്രൂരത’യുടെ പരിധിയിൽ വരില്ല. കുടുംബത്തിന്റെ ക്രൂരമായ പീഡനം മൂലമാണ് പെൺകുട്ടി ആത്മഹത്യ ചെയ്തതെന്ന് അന്വേഷണ സംഘത്തിനു തെളിയിക്കാനായില്ല’’– ഹൈക്കോടതി പറഞ്ഞു.
കുറ്റാരോപിതർക്കു ശിക്ഷ വിധിച്ച സെഷൻസ് കോടതിയെയും ഹൈക്കോടതി വിമർശിച്ചു. 2002 ഡിസംബറിലായിരുന്നു പ്രതിയുടെയും മരിച്ച യുവതിയുടെയും വിവാഹം. ഭർതൃഗൃഹത്തിലെ പീഡനവും അപമാനവും സഹിക്കവയ്യാതെ 2003 മേയ് മാസം യുവതി ആത്മഹത്യ ചെയ്തുവെന്നാണ് കേസ്.