സീറ്റ് കിട്ടാത്തതിൽ മനോവിഷമം, ആത്മഹത്യയ്ക്ക് ശ്രമിച്ച ഈറോഡ് എംപി മരണത്തിന് കീഴടങ്ങി
ഈറോഡ്: അമിതമായി ഉറക്കഗുളിക കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ച തമിഴ്നാട് ഈറോഡ് എംപിയും എംഡിഎംകെ നേതാവുമായ ഗണേശമൂർത്തി(76) അന്തരിച്ചു. ദിവസങ്ങൾക്ക് മുമ്പ് വീട്ടിലെ കിടപ്പുമുറിയിൽ അബോധാവസ്ഥയിൽ കണ്ടെത്തിയ ഗണേശമൂർത്തി ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്ന് പുലർച്ചെ മരണത്തിന് കീഴടങ്ങുകയായിരുന്നു.
ലോക്സഭാ തിരഞ്ഞെടുപ്പിൽ സീറ്റ് നിഷേധിക്കപ്പെട്ടതിനെ തുടർന്ന് കഴിഞ്ഞ 24നാണ് ഗണേശമൂർത്തി ആത്മഹത്യയ്ക്ക് ശ്രമിച്ചതെന്ന് കുടുംബം പറയുന്നു. വീട്ടിൽ അബോധാവസ്ഥയിൽ കണ്ടെത്തിയ ഇദ്ദേഹത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ഗുരുതരാവസ്ഥയിൽ ആയതിനാൽ ഐസിയുവിലേക്കും പിന്നീട് വെന്റിലേറ്ററിലേക്ക് മാറ്റിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
2019ലെ തെരഞ്ഞെടുപ്പിൽ ഈറോഡ് മണ്ഡലത്തിൽ നിന്നുമുള്ള ലോകസഭാ അംഗമായിരുന്നു ഗണേശമുർത്തി. ഡിഎംകെ മുന്നണിയുടെ ഭാഗമായ ഡിഎംഡികെക്ക് ഇത്തവണ ഈറോഡിനു പകരം മറ്റൊരു സീറ്റ് ആണ് അനുവദിച്ചത് . ഈറോഡ് സീറ്റിൽ ഡിഎംകെ ആണ് മത്സരിക്കുന്നത്. എന്നാൽ പകരം ലഭിച്ച സീറ്റിൽ പരിഗണിക്കാത്തതിലുള്ള മനോവിഷമത്തെ തുടർന്നാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചതെന്ന് കുടുംബം പറയുന്നത്. അമിതമായി ഉറക്കഗുളിക കഴിച്ചാണ് ആത്മഹത്യക്ക് ശ്രമിച്ചതെന്ന് പോലീസ് പറഞ്ഞു. സംഭവത്തിൽ പോലീസ് അന്വേഷണം നടന്നുവരികയാണ്.