ഇ.പി. ജയരാജനല്ല, സിതാറാം യച്ചൂരി വിളിച്ചാലും പുല്ലുപോലെ തള്ളിക്കളയും ; ദീപ്‌തി മേരി വർഗീസ്
തൃക്കാക്കര ഉപതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് എൽഡിഎഫ് കൺവീനർ ഇ.പി.ജയരാജനും വിവാദ ദല്ലാൾ നന്ദകുമാറും തന്നെ സമീപിച്ചിരുന്നുവെന്ന് വ്യക്തമാക്കി കോൺഗ്രസ് നേതാവ് ദീപ്‌തി മേരി വർഗീസ്. അതിനുള്ള മറുപടി അന്നുതന്നെ അവർക്ക് കൃത്യമായി കൊടുത്തിരുന്നുവെന്നും ദീപ്‌തി വ്യക്തമാക്കി.
അന്ന് ഞാൻ ഉൾപ്പെടെയുള്ള പെൺകുട്ടികളെ തിരഞ്ഞെടുപ്പിനു ശേഷം ക്രൂരമായി ആക്രമിക്കുന്നതിനും മർദ്ദിക്കുന്നതിനും എസ്എഫ്ഐയ്ക്ക് കൃത്യമായി ക്ലാസ് നടത്തിയിരുന്ന വ്യക്തിയാണ് പി.രാജീവ്. കോളജുകളിൽ എങ്ങനെയാണ് സിദ്ധാർഥൻമാരെ സൃഷ്ടിക്കേണ്ടത് എന്ന് ക്ലാസെടുത്തിരുന്നയാൾ. അദ്ദേഹം എന്തിന്റെ അടിസ്ഥാനത്തിലാണ് മന്ത്രിയായി വളർന്നത് എന്നൊക്കെ എനിക്ക് കൃത്യമായിത്തന്നെ അറിയാം. പി.രാജീവ് ഇനിയും കൂടുതൽ സംസാരിച്ചാൽ ചരിത്രം ഉൾപ്പെടെ പറയാൻ താൻ തയാറാണെന്നും ദീപ്തി വെല്ലുവിളിച്ചു.
“എന്റെ ഉൾപ്പെടെ പേരുകൾ പരാമർശിച്ച് വെളിപ്പെടുത്തലുകൾ നടത്തുമ്പോൾ, അതിനു മറുപടി പറയേണ്ടത് അത്യന്താപേഷിതമായതുകൊണ്ടു മാത്രമാണ് ഇന്നലെ ഇവരുടെ ദല്ലാൾ എന്റെ പേരു പരാമർശിച്ചപ്പോൾ ഞാൻ പ്രതികരിച്ചത്. തൃക്കാക്കര ഉപതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഈ ദല്ലാളും ഇ.പി.ജയരാജനും എന്നെ സമീപിക്കുകയുണ്ടായി. അന്നുതന്നെ ഞാൻ അതിനു വ്യക്തമായ മറുപടി നൽകിയതാണ്.“
മന്ത്രിയായ ശേഷം അദ്ദേഹം അച്ചടി ഭാഷയിൽ വളരെ അച്ചടക്കത്തോടെ സംസാരിക്കുന്നുണ്ടെങ്കിലും അന്ന് പെൺകുട്ടിക്കളെ ഉൾപ്പെടെ അദ്ദേഹം വിളിച്ചിരുന്നത് ഇന്ന് ആർഷോ വിളിക്കുന്ന അതേ ഭാഷയിൽത്തന്നെയായിരുന്നു. ആർഷോയേക്കാൾ വലിയ ഭീകരതയാണ് അന്ന് മഹാരാജാസ് കോളജിൽ പി.രാജീവ് സൃഷ്ടിച്ചിരുന്നത്. സത്യത്തിൽ അദ്ദേഹം ഒരു ഡമ്മി മന്ത്രിയാണ്. എന്താണ് സിപിഎമ്മിൽ നടക്കുന്നതെന്ന് അദ്ദേഹത്തിന് അറിയില്ല. അതിന്റെ ഏറ്റവും വലിയ തെളിവാണ് ഇ.പി.ജയരാജൻ വന്ന് സംസാരിച്ചതിനെക്കുറിച്ച് അദ്ദേഹത്തിന് അറിയില്ല എന്നു പറഞ്ഞത്.
എന്തുകൊണ്ട് അവർ സമീപിച്ച കാര്യം അന്നു പുറഞ്ഞുപറഞ്ഞില്ല എന്നു ചോദിച്ചാൽ, അതിന് അത്രയ്ക്കു വിലയേ അന്നു ഞാൻ കണ്ടിരുന്നുള്ളു. ഇ.പി. ജയരാജനല്ല, സിതാറാം യച്ചൂരി വിളിച്ചാലും പുല്ലുപോലെ തള്ളിക്കളയാനുള്ള രാഷ്ട്രീയ ഔന്നത്യവും സംഘടനാപരമായ പാരമ്പര്യവും എനിക്കുണ്ട്.