Kerala | ThiruvananthapuramWayanadErnakulamIdukkiThrissur
National
Global | Kuwait
TechnologySportsEducationAgricultureEntertainmentFeatured
Advertisement

എം.ടിയുടെ വിമർശനം കുറിക്ക് കൊണ്ടു; പ്രതിരോധത്തിലായി മുഖ്യമന്ത്രിയും സിപിഎമ്മും

12:54 PM Jan 12, 2024 IST | veekshanam
Advertisement

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെ വേദിയിലിരുത്തി എം.ടി. വാസുദേവൻ നായർ നടത്തിയ രൂക്ഷമായ രാഷ്ട്രീയ വിമർശനത്തിൽ പ്രതിരോധത്തിലായി സിപിഎം. വിമർശനം കുറിക്ക് കൊണ്ടതോടെ വാക്കുകൾ വഴി തിരിച്ചു വിടാനാണ് സിപിഎമ്മിന്റെയും എൽഡിഎഫ് നേതാക്കളുടെയും ശ്രമം. എംടിയുടെ വിമർശനം മുഖ്യമന്ത്രിയെയും സർക്കാരിനെയും ഉദ്ദേശിച്ചല്ലെന്നാണ് പാർട്ടി മുഖപത്രം ദേശാഭിമാനിയും വിശദീകരിക്കുന്നത്.

Advertisement

ഇന്നലെ കേരള ലിറ്ററേച്ചർ ഫെസ്റ്റിന്റെ ഉദ്ഘാടന വേദില്‍ പിണറായി വിജയന്‍ ഇരിക്കെയാണ് എം ടി വാസുദേവന്‍ നായര്‍ രൂക്ഷമായ രാഷ്ട്രീയ വിമര്‍ശനം നടത്തിയത്. അധികാരമെന്നാൽ ആധിപത്യമോ സർവ്വാധിപത്യമോ ആകാമെന്നും രാഷ്ട്രീയ പ്രവർത്തനം അധികാരത്തിലെത്താനുള്ള അംഗീകൃതമാർഗമായി മാറിയെന്നും എംടി തുറന്നടിച്ചു. ആൾക്കൂട്ടത്തെ എളുപ്പം ക്ഷോഭിപ്പിക്കുകയോ ആരാധകരാക്കുകയോ ചെയ്യാം. തെറ്റു പറ്റിയാൽ അത് സമ്മതിക്കുന്ന പതിവ് ഒരു മഹാരഥനും ഇവിടെയില്ലെന്നും എംടി പറഞ്ഞു. കോഴിക്കോട് കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവെലിലായിരുന്നു എം ടിയുടെ വിമര്‍ശനം.

തന്റെ വാക്കുകളിലൂടെ താൻ ചൂണ്ടിക്കാട്ടിയത് ഇന്നത്തെ രാഷ്ട്രീയ യാഥാർത്ഥ്യങ്ങളാണെന്നായിരുന്നു ഇതിനെക്കുറിച്ച് എംടി പിന്നീട് വിശദീകരിച്ചത്. അത് ആർക്കെങ്കിലും ആത്മവിമർശനത്തിന് വഴിയൊരുക്കിയാൽ അത്രയും നല്ലതെന്നും അദ്ദേഹം പറഞ്ഞു. എഴുത്തുകാരൻ എൻ.ഇ. സുധീറിനോടാണ് എംടി ഇക്കാര്യം വ്യക്തമാക്കിയത്. ഇക്കാര്യങ്ങൾ വിശദീകരിച്ചുകൊണ്ട് സുധീർ ഫേസ്ബുക്കിൽ കുറിപ്പും പങ്കുവെച്ചു. 'എംടി എന്നോട് പറഞ്ഞത് ഇതാണ്ഞാൻ വിമർശിക്കുകയായിരുന്നില്ല. ചില യാഥാർത്ഥ്യം പറയണമെന്നു തോന്നി. പറഞ്ഞു. അത്ര തന്നെ. അത് ആർക്കെങ്കിലും ആത്മവിമർശനത്തിന് വഴിയൊരുക്കിയാൽ അത്രയും നല്ലത്." കാലം അങ്ങയോട് കടപ്പെട്ടിരിക്കുന്നു എന്നും ഇത് മറ്റാരു പറഞ്ഞാലും കേരളം ഇത്രയും ഗൗരവത്തോടെ ഏറ്റെടുക്കുമായിരുന്നില്ലെന്നും പറഞ്ഞാണ് സുധീർ എഫ്ബി പോസ്റ്റ് അവസാനിപ്പിക്കുന്നത്.

എൻ.ഇ. സുധീർ സാമൂഹ്യ മാധ്യമങ്ങളിൽ പങ്കുവെച്ച കുറിപ്പ്

ഇന്നലെ വീട്ടിൽ ചെന്നു കണ്ടപ്പോൾ നാളെ KLF ഉദ്ഘാടന വേദിയിൽ ചിലതു പറയുമെന്നും എല്ലാം വിശദമായി എഴുതി തയ്യാറാക്കി വെച്ചിട്ടുണ്ടെന്നും എംടി പറഞ്ഞിരുന്നു. അതിത്രയും കനപ്പെട്ട ഒരു രാഷ്ട്രീയ വിമർശനമാവുമെന്ന് ഞാനും കരുതിയിരുന്നില്ല. ഇന്ന് വൈകിട്ടു കണ്ടപ്പോൾ ഞങ്ങൾ അതെപ്പറ്റി സംസാരിച്ചു.

എംടി എന്നോട് പറഞ്ഞത് ഇതാണ്.

" ഞാൻ വിമർശിക്കുകയായിരുന്നില്ല . ചില യാഥാർത്ഥ്യം പറയണമെന്നു തോന്നി. പറഞ്ഞു. അത്ര തന്നെ. അത് ആർക്കെങ്കിലും ആത്മവിമർശനത്തിന് വഴിയൊരുക്കിയാൽ അത്രയും നല്ലത്. "

തന്റെ കാലത്തെ രാഷ്ട്രീയയാഥാർത്ഥ്യത്തെ കൃത്യമായി അടയാളപ്പെടുത്തുകയായിരുന്നു
എംടി. കാലം അങ്ങയോട് കടപ്പെട്ടിരിക്കുന്നു.
ഇത് മറ്റാരു പറഞ്ഞാലും കേരളം ഇത്രയും ഗൗരവത്തോടെ ഏറ്റെടുക്കുമായിരുന്നില്ല.

Tags :
featuredkeralaPolitics
Advertisement
Next Article