ഇനി കേരള കാർഷിക സർവകലാശാല ‘' വയലും വീടും “
തിരുവനന്തപുരം ആകാശവാണിയുടെ 'വയലും വീടും' പരിപാടിയുടെ ബ്രാൻഡ് സ്പോൺസർ ഇനി ഒരു വർഷത്തേക്ക് കേരള കാർഷിക സർവകലാശാലയായിരിക്കും. ഇതുമായി ബന്ധപ്പെട്ട ധാരണ പത്രം കേരള കാർഷിക സർവകലാശാലയും ആകാശവാണി തിരുവനന്തപുരം നിലയവും ഒപ്പുവച്ചു. വിജ്ഞാനവ്യാപന ഡയറക്ടറേറ്റിന്റെയും കമ്മ്യൂണിക്കേഷൻ സെന്ററിന്റെയും നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ഈ പരിപാടിയിൽ ഓരോ മാസവും കൃഷി അനുബന്ധ വിഷയങ്ങളിലുള്ള രണ്ട് സംപ്രേഷണം വീതം ഒരു കൊല്ലത്തേക്ക് ഒരുക്കും. കാർഷിക മേഖലയിലെ നൂതന സാങ്കേതിക വിദ്യകളും ശാസ്ത്രീയ അറിവുകളും കർഷകർക്ക് ഉപകാരപ്രദമാകുന്ന വിധം എത്തിക്കാൻ ഇതുവഴി സാധിക്കുമെന്ന് പ്രതീക്ഷിക്കപ്പെടുന്നു. കേരളത്തിലെ മുഴുവൻ ശ്രോതാക്കൾക്കും കേൾക്കാൻ കഴിയുന്ന വിധത്തിലാണ് പരിപാടി സംപ്രേക്ഷണം ചെയ്യുക. മാർച്ച് ആദ്യവാരം മുതൽ പ്രക്ഷേപണം ചെയ്തു തുടങ്ങുന്ന പരിപാടിയിൽ 'ഭക്ഷ്യ സംസ്കരണത്തിലെ നൂതന പ്രവണതകൾ' എന്ന വിഷയമാണ് ആദ്യം അവതരിപ്പിക്കുക. രണ്ടാഴ്ച ഇടവേളയിൽ സംപ്രേഷണം ചെയ്യപ്പെടുന്ന ഈ പരിപാടിയിൽ കാർഷിക മേഖലയിൽ ഡ്രോണുകളുടെ ഉപയോഗം, സംയോജിത കൃഷി, സൂക്ഷ്മ ജലസേചന മാർഗങ്ങൾ, യന്ത്രവൽക്കരണം, കൃത്യത കൃഷി, സംരംഭകത്വ സാധ്യതകൾ തുടങ്ങിയ നിരവധി വിഷയങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ട്. കാർഷിക സർവകലാശാല വികസിപ്പിക്കുന്ന നൂതന സാങ്കേതികവിദ്യകളും കൃഷി അറിവുകളും കർഷകരിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിക്കുന്ന ഈ ഉദ്യമം കർഷകർക്കും നാടിനും മുതൽക്കൂട്ടാകുമെന്ന് കരുതാം.