നഴ്‌സിംഗ് വിദ്യാർഥിനിയുടെ മരണം; അറസ്റ്റിലായ മൂന്ന് സഹപാഠികളെയും റിമാൻഡു ചെയ്‌തു
പത്തനംതിട്ട: നഴ്‌സിംഗ് വിദ്യാർഥിനി അമ്മു സജീവന്റെ മരണത്തിൽ അറസ്റ്റിലായ മൂന്ന് സഹപാഠികളെയും റിമാൻഡു ചെയ്‌തു. പത്തനാപുരം കുണ്ടയം സ്വദേശി അലീന ദിലീപ്, ചങ്ങനാശേരി സ്വദേശി എ.ടി അക്ഷിത, കോട്ടയം അയർക്കുന്നം സ്വദേശി അഞ്ജന മധു എന്നിവ രെയാണ് 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തത്. പ്രതികളുടെ മൊബൈൽ ഫോണിൽ തെളിവുകളുണ്ടെന്നും ജാമ്യം നൽകിയാൽ അത് നശിപ്പിക്കപ്പെടുമെന്നും അന്വേഷണ ഉദ്യോഗസ്ഥൻ കോടതിയിൽ വാദിച്ചു. കോളജിൽ നിന്ന് കാണാതായെന്ന് പറയുന്ന പ്രതികളിൽ ഒരാളായ വിദ്യാർഥിനിയുടെ ലോഗ് ബുക്ക് കണ്ടെത്തേണ്ടതുണ്ടെന്നും പോലീസ് പറഞ്ഞു.
ഈ സാഹചര്യത്തിൽ പ്രതികളെ കസ്റ്റഡിയിൽ വേണമെന്നും പോലീസ് ആവശ്യപ്പെട്ടു. അറസ്റ്റിലായവരുടെ മാനസിക പീഡനം മൂലമാണ് അമ്മു ജീവനൊടുക്കിയതെന്ന് കുടുംബം പരാതി നൽകിയിരുന്നു. അതേസമയം അമ്മുവിൻ്റെ മരണത്തിലെ ദുരൂഹത നീക്കാൻ ഉന്നതതല അന്വേഷണം ആവശ്യപ്പെട്ട് കുടുംബം സർക്കാരിനെ സമീപിക്കും.