നടി തൃഷയ്ക്കെതിരേ അധിക്ഷേപം: വനിതാ കമ്മിഷൻ കേസെടുത്തു
ചെന്നൈ: നടി തൃഷയ്‌ക്കെതിരെ നടത്തിയ മോശം പരാമർശത്തിൽ നടൻ മൻസൂർ അലി ഖാനെതിരെ സ്വമേധായ കേസെടുത്ത് ദേശീയ വനിതാ കമ്മീഷൻ. 'സ്ത്രീയുടെ മാന്യതയെ അപമാനിക്കുന്ന നടപടി' അടക്കമുള്ള വകുപ്പുകൾ ചുമത്തി കേസെടുക്കനാണ് വനിതാ കമ്മീഷൻ ഡിജിപിയ്ക്ക് നിർദേശം നൽകിയത്. മൻസൂർ അലി ഖാന്റെ പരാമർശത്തിനെതിരെ തമിഴ് താര സംഘടനയായ നടികർ സംഘവും രംഗത്തെത്തി.
പരാമർശത്തിൽ മൻസൂർ അപലപിക്കണമെന്നും മാധ്യമങ്ങൾക്ക് മുന്നിൽ നിരുപാധികവും ആത്മാർത്ഥവുമായ മാപ്പ് പറയണമെന്നും അസോസിയേഷൻ ആവശ്യപ്പെട്ടു. മൻസൂർ അലിഖാന്റെ പരാമർശം തങ്ങളെ ഞെട്ടിച്ചെന്നും നടന്റെ അംഗത്വം താൽകാലികമായി സസ്‌പെൻഡ് ചെയ്യാനുള്ള കാര്യം പരിഗണനയിൽ ആണെന്നും അസോസിയേഷൻ പറയുന്നു. ഈ വിഷയത്തിൽ ഇരയായ നടിമാർക്കൊപ്പം അസോസിയേഷൻ നിലകൊള്ളും. ഉത്തരവാദിത്തത്തോടെ സംസാരിക്കാൻ മൻസൂർ പഠിക്കേണ്ടതുണ്ടെന്നും സംഘടന വ്യക്തമാക്കി. ഒരു സെലിബ്രിറ്റി എന്ന നിലയിലുള്ള തന്റെ ഉത്തരവാദിത്വത്തെ കുറിച്ച് മൻസൂർ ശ്രദ്ധിക്കേണ്ടതാണ്. ഭാവിയിൽ ഇത്തരം പെരുമാറ്റം ഉണ്ടായാൽ ഗുരുതരമായ പ്രത്യാഘാതങ്ങൾ ഉണ്ടാകുമെന്നും അസോസിയേഷൻ അറിയിച്ചു.