അശ്ലീല ആഗ്യം: ക്രിസ്റ്റ്യാനോ റൊണാള്‍ഡോക്ക് വിലക്കും പിഴയും
റിയാദ്: സൗദി പ്രോ ലീഗ് മത്സരത്തിനിടെ അശ്ലീല ആംഗ്യം കാണിച്ചതിന് അല്‍ നസ്‌റിന്റെ പോര്‍ചുഗീസ് സൂപ്പര്‍താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോക്ക് വിലക്ക്. വ്യാഴാഴ്ച അല്‍ നസ്‌റിന്റെ മൈതാനത്ത് അല്‍ ഹസ്മിനെതിരെ നടക്കുന്ന മത്സരത്തിലാണ് സൗദി അറേബ്യന്‍ ഫുട്ബാള്‍ ഫെഡറേഷന്റെ (എസ്.എ.എഫ്.എഫ്) ഡിസിപ്ലിനറി ആന്‍ഡ് എത്തിക്‌സ് കമ്മിറ്റി വലിക്കേര്‍പ്പെടുത്തിയത്.
കൂടാതെ, 30,000 സൗദി റിയാല്‍ പിഴയും ചുമത്തി. ഞായറാഴ്ച രാത്രി അല്‍ ഷബാബിനെ കീഴടക്കി വിജയാഹ്ലാദം പ്രകടിപ്പിക്കവെയാണ് ക്രിസ്റ്റ്യാനോ ഗാലറിയിലേക്ക് നോക്കി അശ്ലീല ആംഗ്യം കാണിച്ചത്. ഷബാബിന്റെ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ രണ്ടിനെതിരെ മൂന്ന് ഗോളുകള്‍ക്ക് അല്‍ നസ്‌റിന്റെ ജയിച്ചിരുന്നു. ക്രിസ്റ്റ്യാനോ ഒരു ഗോള്‍ നേടിയപ്പോള്‍ ബ്രസിലീയന്‍ താരം ടലിസ്‌ക ഇരട്ടഗോളുകള്‍ നേടി. മത്സരത്തിന്റെ തുടക്കത്തില്‍തന്നെ മെസ്സി, മെസ്സി വിളികളുമായി ഷബാബ് ആരാധകര്‍ ക്രിസ്റ്റ്യനോയെ പ്രകോപിപ്പിച്ചിരുന്നു.
പിന്നാലെയാണ് മത്സര ശേഷം ആരാധകരെ നോക്കി താരം കൈ കൊണ്ട് അശ്ലീല ആംഗ്യം കാണിക്കുന്നത്. പിഴ തുകയില്‍ 20,000 റിയാല്‍ അല്‍ ഷബാബ് ക്ലബിനും ബാക്കി അച്ചടക്ക സമിതിക്കും നല്‍കണം. സമൂഹമാധ്യമത്തിലൂടെയാണ് താരത്തിനെതിരെ അച്ചടക്ക നടപടിയെടുത്ത കാര്യം സൗദി ഫുഡ്ബാള്‍ ഫെഡറേഷന്‍ അറിയിച്ചത്. ക്രിസ്റ്റ്യാനോക്ക് അപ്പീല്‍ നല്‍കാനുള്ള അവസരം ഇല്ലെന്നും സമിതി വ്യക്തമാക്കിയിട്ടുണ്ട്.
പ്രൊ ലീഗ് സീസണില്‍ 22 ഗോളുകളുമായി ഗോള്‍ വേട്ടക്കാരില്‍ ഒന്നാമനാണ് ക്രിസ്റ്റ്യാനോ. 39 കാരനായ റൊണാള്‍ഡോ മുമ്പും സമാനമായ വിമര്‍ശനങ്ങള്‍ നേരിട്ടിരുന്നു. കഴിഞ്ഞ വര്‍ഷം ഏപ്രിലില്‍, അല്‍ ഹിലാലിനെതിരായ പരാജയത്തിന് ശേഷം ഡഗൗട്ടിലേക്കുള്ള യാത്രക്കിടെ ജനനേന്ദ്രിയത്തില്‍ പിടിക്കുന്ന തരത്തില്‍ ആംഗ്യം കാണിച്ചിരുന്നു.
റിയാദ് സീസണ്‍ കപ്പ് ഫൈനലില്‍ അല്‍ നസ്ര്‍ പരാജയപ്പെട്ട് മടങ്ങുമ്പോള്‍ സ്റ്റാന്‍ഡില്‍നിന്ന് എറിഞ്ഞ അല്‍ ഹിലാല്‍ സ്‌കാര്‍ഫ് തന്റെ ഷോര്‍ട്ട്‌സില്‍ ഇട്ടു വലിച്ചെറിയുന്നതിന്റെ ദൃശ്യങ്ങളും പുറത്തുവന്നിരുന്നു