പിന്നാക്ക വിഭാഗത്തിന്റെ ആനുകൂല്യങ്ങള്‍ നല്‍കാത്ത ഉദ്യോഗസ്ഥരെ പിരിച്ചുവിടണം: ചെന്നിത്തല
കോഴിക്കോട്: പട്ടികജാതി, പട്ടിക വര്‍ഗങ്ങള്‍ക്കായ് കാലാകാലങ്ങളായ് സര്‍ക്കാര്‍ ആവിഷ്‌കരിച്ച പദ്ധതികള്‍ നടപ്പാക്കാന്‍ അമാന്തം കാട്ടുകയും ആനുകൂല്യങ്ങള്‍ തടഞ്ഞുവെക്കുകയും ചെയ്യുന്ന ഉദ്യോഗസ്ഥരെ സര്‍വീസില്‍ നിന്ന് പിരിച്ചുവിടണമെന്ന് രമേശ് ചെന്നിത്തല. അവശവിഭാഗങ്ങള്‍ക്ക് നീതികിട്ടുംവരെ തന്റെ പ്രവര്‍ത്തനവും പോരാട്ടവും തുടരുമെന്ന് അദ്ദേഹം വ്യക്തമാക്കി. ചേളന്നൂര്‍ ഞാറക്കാട്ട് കോളനിയില്‍ ഗാന്ധിഗ്രാമം പദ്ധതിയുടെ ഉദ്ഘാടന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
എഴുപത് വര്‍ഷംകൊണ്ട് ആവിഷ്‌കരിച്ച ക്ഷേമ പദ്ധതികള്‍ ഇടനിലക്കാര്‍ കവര്‍ന്നുകൊണ്ടുപോകുന്ന കാഴ്ചയാണ്. രാജീവ്ഗാന്ധിയുടെ കാലത്ത് പിന്നാക്ക വിഭാഗത്തിന് അനുവദിച്ച പെട്രോള്‍ പമ്പുകള്‍ പിന്നീട് ഇടനിലക്കാര്‍ കൈക്കലാക്കി. ഇതിനെതിരെ സമൂഹം ഉണര്‍ന്ന് പ്രതികരിക്കണം. ഈ പശ്ചാത്തലത്തിലാണ് കഴിയാവുന്ന സഹായങ്ങള്‍ നല്‍കാന്‍ ഗാന്ധിഗ്രാമം പദ്ധതിയിലൂടെ ശ്രമിക്കുന്നത്. യുഡിഎഫ് ഭരണകാലത്ത് 13 കോളനികള്‍ക്ക് 13 കോടി വീതം നല്‍കാന്‍ സാധിച്ചിരുന്നു. എന്നാല്‍ ഭരണം മാറിയപ്പോള്‍ അത്തരം സഹായം ലഭിച്ചില്ല. പകരം സുമനസുകളുടെ സഹായത്തിലൂടെയാണ് പദ്ധതി മുന്നോട്ടുപോകുന്നതെന്നും അര്‍ഹമായ ഓരോ കോളനിയിലും തങ്ങള്‍ സര്‍വേ നടത്തിയാണ് പ്രശ്‌നങ്ങള്‍ മനസ്സിലാക്കുന്നതെന്നും ചെന്നിത്തല വ്യക്തമാക്കി.
ഡിസിസി പ്രസിഡന്റ് അഡ്വ. കെ. പ്രവീണ്‍ കുമാര്‍ അധ്യക്ഷത വഹിച്ചു. കെപിസിസി ജനറല്‍ സെക്രട്ടറിമാരായ അഡ്വ. പി.എം നിയാസ്, അഡ്വ.കെ.ജയന്ത്, മുന്‍ ജനറല്‍ സെക്രട്ടറി എന്‍.സുബ്രഹ്മണ്യന്‍, ദളിത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് എ.കെ ശശി, എന്‍എസ്‌യു സെക്രട്ടറി കെ.എം അഭിജിത്ത്, നേതാക്കളായ അഡ്വ. ഐ.മൂസ, കെ.രാമചന്ദ്രന്‍, രമേശ് കാവില്‍, ആര്‍. വത്സലന്‍, മലയിന്‍കീഴ് വേണുഗോപാല്‍, ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് കെ.ശ്രീജിത്ത്, ചേളന്നൂര്‍ മണ്ഡലം പ്രസിഡന്റ് ഖാദര്‍, മഹിളാ കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് ഗൗരി പുതിയോത്ത്, ദളിത് കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് ശീതള്‍രാജ്, പി.ശ്രീധരന്‍ മാസ്റ്റര്‍, സനൂജ് കുരുവട്ടൂര്‍, അജീഷ് മാട്ടൂല്‍ സുധീര്‍, ശ്രീനന്ദ രാജ് ഉള്‍പ്പെടെയുള്ള നിരവധി നേതാക്കള്‍ പെടുത്തു. ചേളന്നൂര്‍ പഞ്ചായത്ത് പ്രസിഡന്റ് പി.പി. നൗഷീര്‍ നന്ദി പറഞ്ഞു.