പരാതി കിട്ടി രണ്ടാംനാള്‍ ദുരന്തമുഖത്ത് എത്തിയ എംപി;
11 -ാം ദിവസം ഷോ വര്‍ക്കുമായെത്തിയ മന്ത്രി റിയാസ്
കോഴിക്കോട്: കര്‍ണാടകയിലെ ഷിരൂരില്‍ മണ്ണിടിച്ചിലില്‍ കാണാതായ അര്‍ജുന്റെ കുടുംബം കഴിഞ്ഞ 18 നാണ് എം.കെ രാഘവന്‍ എംപിയുടെ ഓഫിസില്‍ ഇതു സംബന്ധിച്ച് പരാതി നല്‍കിയത്. പരാതി കിട്ടി രണ്ടാം നാള്‍ ഷിരൂരില്‍ എത്തിയ എം.കെ രാഘവന്‍ രാപകല്‍ ഭേദമില്ലാതെ അവിടെ ക്യാമ്പ് ചെയ്ത് രക്ഷാപ്രവര്‍ത്തനം ഏകോപിപ്പിക്കുകയും ഭരണകൂടവുമായും അര്‍ജുന്റെ കുടുംബവുമായും നിരന്തരം ആശയവിനിമയം നടത്തുകയും ചെയ്തു. കാര്‍വാര്‍ എംഎല്‍എയും കോണ്‍ഗ്രസ് നേതാവുമായ സതീഷ് കൃഷ്ണ സെയിലും പ്രതിപക്ഷ നേതാവ് വി.ഡി സതീശന്റെ നിര്‍ദേശ പ്രകാരം മഞ്ചേശ്വരം എംഎല്‍എയും ലീഗ് നേതാവുമായ എ.കെ.എം അഷ്‌റഫും സ്ഥലത്ത് ക്യാമ്പ് ചെയ്തു.
എന്‍എസ്‌യു ദേശീയ സെക്രട്ടറി കെ.എം അഭിജിത്തും എം.കെ രാഘവനൊപ്പം ഷിരൂരില്‍ നിലയുറപ്പിച്ചിരുന്നു. പ്രതികൂല കാലാവസ്ഥയിലും നാവിക സേനയുടെ തെരച്ചില്‍ വരെയുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് അനുമതി നേടിയെടുക്കാന്‍ ശക്തമായ് ഇടപെട്ടത് അവിടെ ക്യാമ്പ് ചെയ്ത ജനപ്രതിനിധികളും കര്‍ണാടക സര്‍ക്കാറുമാണ്. എന്നാല്‍ അന്നൊന്നും കേരളത്തില്‍ നിന്ന് ഭരണപക്ഷത്തെ ഒരു ജനപ്രതിനിധിയും മന്ത്രിമാരും സ്ഥലത്തേക്ക് തിരിഞ്ഞു നോക്കിയില്ലെന്ന് മാത്രമല്ല ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനും കര്‍ണാടക സര്‍ക്കാറിനെ പരിഹസിക്കാനുമാണ് സമയം ചെലവിട്ടത്.
രക്ഷാ ദൗത്യം പത്ത് ദിവസം പിന്നിട്ടപ്പോള്‍ മാത്രമാണ് ഷോ വര്‍ക്കുമായ് സിപിഎം എംഎല്‍എമാരായ സച്ചിന്‍ദേവും ലിന്റോ ജോസഫും സ്ഥലത്ത് എത്തിയത്. ഡിവൈഎഫ്‌ഐ നേതാവ് വി. വസീഫാകട്ടെ പ്രദേശത്ത് എത്തിയ ശേഷം ഫോട്ടോയെടുത്ത് സമൂഹമാധ്യമത്തില്‍ പോസ്റ്റ് ചെയ്ത് തിരിച്ച് പോരുകയും ചെയ്തു. ഇത്രയും നിരുത്തരവാദ സമീപനം സ്വീകരിച്ച എല്‍ഡിഎഫിനെതിരെ ജനരോഷം ഉയരുന്നതിനിടയിലാണ് രക്ഷാ പ്രവര്‍ത്തനം ഏകോപിപ്പിക്കാന്‍ എന്ന പേരില്‍ മന്ത്രി പി.എ മുഹമ്മദ് റിയാസ് പതിനൊന്നാം ദിവസം ഷിരൂരിലെത്തിയത്. അര്‍ജുനെ കാണാതായിട്ട് പത്ത് ദിവസം കഴിഞ്ഞപ്പോഴാണ് കോഴിക്കോട്ടുകാരനായ മന്ത്രിക്ക് അര്‍ജുന്റെ വീട് സന്ദര്‍ശിക്കാന്‍ പോലും 'സമയം' കിട്ടിയത്. പിന്നാലെ കോഴിക്കോട്ടുകാരനായ മന്ത്രി എ.കെ ശശീന്ദ്രനും എത്തി. മരുമകൻ റിയാസ് സ്ഥലത്തെത്തി പന്ത്രണ്ടാം നാൾ മാത്രമാണ് ദുരന്തം സംബന്ധിച്ച് കേരള മുഖ്യമന്ത്രി കേന്ദ്രത്തിന് ഒരു കത്ത് എഴുതുന്നത്.
കേരളത്തിലുള്‍പ്പെടെ ഉരുള്‍പൊട്ടലും മണ്ണിടിച്ചിലും ഉണ്ടായപ്പോള്‍ പല മനുഷ്യ ജീവനുകളെയും കണ്ടെത്താന്‍ സാധിക്കാത്ത അനുഭവങ്ങളുണ്ട്. കവളപ്പാറയിലുള്‍പ്പെടെ എന്ത് സംഭവിച്ചുവെന്ന് മലയാളിക്ക് ഉത്തമബോധ്യവുമുണ്ട്. കോഴിക്കോട് 2018-ൽ ഉരുൾപൊട്ടൽ ദുരന്തമുണ്ടായ് 14 പേർ കൊല്ലപ്പെട്ട കരിഞ്ചോല മലയിൽ ഇന്നേ വരെ മുഖ്യമന്ത്രി പിണറായി വിജയൻ ഒന്ന് വന്ന് നോക്കിയത് പോലുമില്ല.
അതെല്ലാം മറച്ചുവെച്ചാണ് എല്‍ഡിഎഫും ബിജെപിയും കര്‍ണാടക സര്‍ക്കാറിനെതിരെ പ്രചാരണം നടത്തിയത്. എന്നാല്‍ കര്‍ണാടക മുഖ്യമന്ത്രിയും ഉപമുഖ്യമന്ത്രിയും പൊലീസ് മേധാവിയും ആവശ്യമായ സഹായങ്ങള്‍ നല്‍കിയിരുന്നുവെന്ന് എം.കെ രാഘവന്‍ എംപി ചൂണ്ടിക്കാട്ടുന്നു. ദുരന്തമുഖത്ത് പോലും രാഷ്ട്രീയ മുതലെടുപ്പ് നടത്തുകയും മാനുഷിക പരിഗണന പോലും നല്‍കാതിരിക്കുകയും ചെയ്ത രാഷ്ട്രീയ സംവിധാനത്തിന്റെ പ്രതിനിധിയായാണ് മന്ത്രി റിയാസ് ഷിരൂരിലെത്തിയതെന്ന് സോഷ്യല്‍ മീഡിയയും കുറ്റപ്പെടുത്തുന്നു.