ഓണം വരവായ്; അത്തച്ചമയ ഘോഷയാത്രയ്ക്ക് ഒരുങ്ങി തൃപ്പൂണിത്തുറ
കൊച്ചി: ലോകമെമ്പാടുമുള്ള മലയാളികൾ ഓണത്തിരക്കിലാണ്. അത്തം തുടങ്ങുന്നതോടെ ഓണത്തിന് വർണഭമായ തുടക്കമാകും. കേരളത്തിലെ ഔദ്യോഗിക ഓണാഘോഷങ്ങൾക്ക് തുടക്കം കുറിക്കുന്നത് തൃപ്പൂണിത്തുറയിലെ അത്തച്ചമയ ഘോഷയാത്രയോടെയാണ്. ഇന്ന് രാവിലെ 10 മണിക്ക് സ്പീക്കര്‍ എ.എൻ. ഷംസീര്‍ ഘോഷയാത്രയ്ക്ക് ഔപചാരിക തുടക്കം കുറിക്കും.
തൃപ്പൂണിത്തുറ ഗവ. ബോയ്‌സ് ഹൈസ്‌കൂളിലെ അത്തം നഗറില്‍ മന്ത്രി പി. രാജീവ് പതാക ഉയർത്തും. ചടങ്ങിന് കെ. ബാബു എംഎല്‍എ അധ്യക്ഷനായിരിക്കും. ഇന്ന് രാവിലെ 7 മണി മുതല്‍ വൈകിട്ട് 6 മണിവരെ തൃപ്പൂണിത്തുറയില്‍ ഗതാഗത നിയന്ത്രണം ഉണ്ടായിരിക്കുന്നതാണ്.
ഓണം, മലയാളികൾക്കായി ഐശ്വര്യത്തിന്റെയും ഐക്യത്തിന്റെയും ചിഹ്നമാണ്. ജാതി, മത ഭേദമില്ലാതെ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിവസിക്കുന്ന എല്ലാ മലയാളികളും ഒരുപോലെ ഓണാഘോഷത്തിൽ പങ്കുചേരും.മഹാബലിയെ തിരുവോണത്തിന് സ്വീകരിക്കുന്നതിന് വേണ്ടിയുള്ള ഒരുക്കങ്ങൾ അത്തം ദിനത്തിൽ ആരംഭിക്കുന്നു. വിവിധ തരം പൂക്കളും ഇലകളും അടങ്ങിയതാണ് അത്തം മുതൽ തിരുവോണം വരെ ഒരുക്കുന്ന ആഢംബര പൂക്കളങ്ങൾ.