എല്ലാ താരങ്ങള്‍ക്കും ഓരോ ബി.എം.ഡബ്ല്യു കാര്‍, ടീമിന് ഒരു കോടിയും: വമ്പന്‍ ഓഫറുമായി ക്രിക്കറ്റ് അസോസിയേഷന്‍ തലവന്‍ ജഗന്‍ മോഹന്‍ റാവു
ഹൈദരാബാദ്: എല്ലാ താരങ്ങള്‍ക്കും ഓരോ ബി.എം.ഡബ്ല്യു കാര്‍, ടീമിന് ഒരു കോടിയും. അടുത്ത മൂന്നു വര്‍ഷത്തിനുള്ളില്‍ രഞ്ജി ട്രോഫി കിരീടം നേടിയാല്‍ ഹൈദരാബാദ് ക്രിക്കറ്റ് ടീം അംഗങ്ങളെ കാത്തിരിക്കുന്ന സമ്മാനമാണിത്. ഹൈദരാബാദ് ക്രിക്കറ്റ് അസോസിയേഷന്‍ തലവന്‍ ജഗന്‍ മോഹന്‍ റാവുവാണ് താരങ്ങള്‍ക്ക് ഈ വാഗ്ദാനം നല്‍കിയിരിക്കുന്നത്.
ക്രിക്കറ്റ് താരങ്ങളെ പ്രചോദിപ്പിക്കാന്‍ വേണ്ടിയാണ് ഇത്തരമൊരു ഓഫര്‍. കൂടാതെ, രഞ്ജി ട്രോഫി പ്ലേറ്റ് ലീഗില്‍ ജേതാക്കളായ ടീമിന് 10 ലക്ഷം രൂപയും പ്രഖ്യാപിച്ചു. ഫൈനലില്‍ മേഘാലയയെ തോല്‍പിച്ചാണ് ഹൈദരാബാദ് പ്ലേറ്റ് ലീഗ് ജേതാക്കളായത്. മത്സരശേഷം ടീം നായകന്‍ തിലക് വര്‍മക്ക് ട്രോഫി സമ്മാനിക്കുന്നതിനിടെയാണ് മൂന്നു വര്‍ഷത്തിനിടെ രഞ്ജി ട്രോഫി എലീറ്റ് ലീഗില്‍ ചാമ്പ്യന്മാരായാല്‍ ടീം അംഗങ്ങള്‍ക്ക് ബി.എം.ഡബ്ല്യു കാറും ടീമിന് ഒരു കോടി രൂപയും അദ്ദേഹം വാഗ്ദാനം ചെയ്തത്.
'അടുത്ത സീസണില്‍ തന്നെ ലക്ഷ്യത്തിലെത്തുകയെന്നതു ശരിക്കും നടക്കാന്‍ സാധ്യതയില്ലാത്ത കാര്യമാണ്. അതുകൊണ്ടാണ് മൂന്നു വര്‍ഷത്തെ സമയം അവര്‍ക്ക് അനുവദിച്ചത്. ക്രിക്കറ്റിലെ സമഗ്രമായ മാറ്റത്തിനാണ് ഹൈദരാബാദ് ക്രിക്കറ്റ് അസോസിയേഷന്‍ ലക്ഷ്യമിടുന്നത്. നിലവില്‍ ജിംഖാന ഗ്രൗണ്ടില്‍ ഹൈദരാബാദ് ക്രിക്കറ്റ് അക്കാദമി ഓഫ് എക്‌സലന്‍സ് പ്രവര്‍ത്തിക്കുന്നുണ്ട്. പുതിയ താരങ്ങള്‍ക്ക് വേണ്ട സൗകര്യങ്ങള്‍ അവരുടെ പ്രദേശത്തു തന്നെ ലഭ്യമാക്കുക ലക്ഷ്യമിട്ട് നാല് സാറ്റലൈറ്റ് അക്കാദമികള്‍ ആരംഭിക്കാനും പദ്ധതിയുണ്ട്' -ജഗന്‍ മോഹന്‍ വ്യക്തമാക്കി.
രഞ്ജി ട്രോഫിയില്‍ (പ്ലേറ്റ് ലീഗ്) നേടിയ വിജയത്തിന് അംഗീകാരമായി ഹൈദരാബാദ് ടീമിന് 10 ലക്ഷം രൂപയും മികച്ച പ്രകടനം നടത്തിയവര്‍ക്ക് 50,000 രൂപയും പാരിതോഷികം പ്രഖ്യാപിക്കുന്നതില്‍ അതിയായ സന്തോഷമുണ്ടെന്നും അദ്ദേഹം പറഞ്ഞു. രഞ്ജി ട്രോഫിയുടെ ചരിത്രത്തില്‍ രണ്ടു തവണ മാത്രമാണ് ഹൈദരാബാദ് കിരീടം നേടിയത്. 193738, 198687 സീസണുകളിലായിരുന്നു കിരീട നേട്ടം.കഴിഞ്ഞ സീസണില്‍ എലീറ്റ് ഗ്രൂപ്പില്‍ അവസാനം ഫിനിഷ് ചെയ്തതോടെയാണ് ഹൈദരാബാദ് പ്ലേറ്റ് ഗ്രൂപ്പിലേക്കു തരംതാഴ്ത്തപ്പെട്ടത്. ഇത്തവണ പ്ലേറ്റ് ഗ്രൂപ്പ് ജേതാക്കളായതോടെ അടുത്ത സീസണില്‍ എലീറ്റ് ഗ്രൂപ്പ് യോഗ്യതയും നേടി.