'ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യന്'; ഇന്ന് ശ്രീനാരായണഗുരു ജയന്തി
കേരള നവോത്ഥാന ചരിത്രത്തിലെ ഒരു സാമൂഹിക പരിഷ്കർത്താവും തത്വചിന്തകനും സന്യാസിയും ആയിരുന്നു ശ്രീനാരായണഗുരു. ജാതി സങ്കല്പത്തെക്കുറിച്ച് വളരെ ശാസ്ത്രീയമായ കാഴ്ചപ്പാടായിരുന്നു ശ്രീനാരായണഗുരുവിന് ഉണ്ടായിരുന്നത്. ജന്മംകൊണ്ട് ജാതി നിശ്ചയിക്കുന്ന രീതി അദ്ദേഹം അംഗീകരിച്ചിരുന്നില്ല.
എല്ലാ മതങ്ങളുടെയും സാരം ഒന്നുതന്നെയാണെന്നും അതുകൊണ്ടുതന്നെ മതം പലതല്ല ഒന്നാണെന്നുമാണ് ഗുരു അനുശാസിച്ചത്. തന്റെ മതദർശനത്തെ 'ഏകമതം' എന്നാണ് അദ്ദേഹം വിശേഷിപ്പിച്ചത്. 'ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യനെ'ന്ന പ്രസക്തമായ ആപ്തവാക്യം തകർന്നു തന്നത് മഹാഗുരുവായ ശ്രീനാരായണഗുരു ആണ്. സമൂഹത്തിൽ നിലനിന്നിരുന്ന എല്ലാത്തരം സാമൂഹ്യ തിന്മകൾക്കും അന്ധവിശ്വാസങ്ങൾക്കും എതിരെ പോരാടിയ നവോത്ഥാന നായകനായി കൂടി 'ഗുരുവിനെ സ്മരിക്കുന്നു.
വിദ്യാഭ്യാസം കൊണ്ട് മാത്രമേ സമൂഹത്തിൽ അവഗണിക്കപ്പെട്ടവരെ മുഖ്യധാരയിലേക്ക് കൊണ്ടുവരാൻ കഴിയൂ എന്ന ആശയം ഉൾക്കൊണ്ടുകൊണ്ട് 'സംഘടിച്ച് ശക്തരാകുക, വിദ്യകൊണ്ട് പ്രബുദ്ധരാകുക ' എന്ന് ആഹ്വാനം ചെയ്തു. അരുവിപ്പുറം പ്രതിഷ്ഠയും കളവംകോടത്തെ കണ്ണാടി പ്രതിഷ്ഠയും കേരള നവോത്ഥാന ചരിത്രത്തിലെ ഉജ്ജ്വല അധ്യായങ്ങളാണ്. ശ്രീനാരായണ ഗുരുവിന്റെ ദർശനങ്ങൾ വരും തലമുറയ്ക്ക് മാർഗ ദീപം ആകാൻ സാധിക്കണം. ഗുരുവിന്റെ ദർശനങ്ങൾ അറിയുകയും മനസ്സിലാക്കുകയും ചെയ്യേണ്ടത് നന്മയുടെ സാരാംശം ഉൾക്കൊള്ളുന്ന ജീവിതത്തിന് അനിവാര്യ ഘടകമാണ്.