സിദ്ധാർഥിന്റെ കൊലപാതകം:
ഒരാൾ കൂടി അറസ്റ്റിൽ
കൽപ്പറ്റ: പൂക്കോട് വെറ്ററിനറി സർവകലാശാലയിലെ വിദ്യാർത്ഥി സിദ്ധാർത്ഥന്റെ ആത്മഹത്യയിൽ ഒരാൾ കൂടി പിടിയിൽ. പ്രധാന പ്രതി അഖിൽ ആണു പിടിയിലായത്. ഇന്ന് വൈകുന്നേരത്തോടെ അറസ്റ്റ് രേഖപ്പെടുത്തും. ഇയാൾക്കെതിരേ നേരത്തേയും റാഗിംഗ് കേസുകളുണ്ട്.പ്രതിപ്പട്ടികയിലുൾപ്പെട്ട പതിനെട്ടു പേർക്ക് പുറമെ അഞ്ചുപേരെ കൂടി പോലീസ് ചോദ്യം ചെയ്യുന്നുണ്ട്. ഇതിൽ രണ്ട് പേർ ഗൂഢാലോചനയിൽ ഉൾപ്പെടെ പങ്കെടുത്തതായാണ് പൊലീസിന്റെ സംശയം. സിദ്ധാർത്ഥിനെ മർദിക്കുന്നതിന് മുൻപ് കൃത്യമായ ഗൂഢാലോചന നടന്നെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം. ഫെബ്രുവരി 15 ന് വീട്ടിലേക്കു പോയ സിദ്ധാർത്ഥിനെ വിളിച്ചു വരുത്തിയ സഹപാഠി രഹൻ ബിനോയ് ഉൾപ്പെടെ ഇന്നലെ അറസ്റ്റിലായിരുന്നു.
രഹനെ വിശ്വസിച്ച് ക്യാമ്പസിലേക്ക് തിരിച്ചെത്തിയ വിദ്യാർത്ഥിയെ എസ് എഫ് ഐ നേതാക്കൾ ഉൾപ്പെടെ സംഘം ചേർന്ന് മർദിക്കുകയായിരുന്നു. ക്യാമ്പസ് യൂണിയൻ നേതാക്കൾ ഉൾപ്പെടെ അറസ്റ്റിലായ കേസിൽ കൂടുതൽ അന്വേഷണം വേണമെന്നാവശ്യപ്പെട്ട് കെ എസ് യു ഇന്ന് സർവകലാശാലയ്ക്ക് മുന്നിൽ ഉപവാസ സമരം നടത്തും.