ഓണ്‍ലൈന്‍ തട്ടിപ്പ്: ടെക്നോപാര്‍ക്ക് ജീവനക്കാരിയില്‍നിന്ന് 14 ലക്ഷം രൂപ തട്ടിയെടുത്തു
തിരുവനന്തപുരം: േൈഹക്കാടതി ജീവനക്കാരനെന്ന വ്യാജേന, കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ അറസ്റ്റ് ചെയ്യുമെന്ന് ഭീഷണിപ്പെടുത്തി ടെക്നോപാര്‍ക്ക് ജീവനക്കാരിയില്‍നിന്ന് 14 ലക്ഷം രൂപ തട്ടിയെടുത്തു.
കള്ളപ്പണം വെളുപ്പിക്കലുമായി ബന്ധപ്പെട്ട കേസ് രജിസ്റ്റര്‍ ചെയ്‌തെന്നും കോടതി മുമ്പാകെ ഹാജരാകണമെന്നും കാട്ടി 38കാരിയായ ടെക്കിക്ക് ഇ-മെയില്‍ വന്നതോടെയാണ് തട്ടിപ്പിന്റെ തുടക്കം. തൊട്ടുപിന്നാലെ ഹൈകോടതി ജീവനക്കാരനാണെന്ന് പറഞ്ഞ് ഒരാള്‍ ഫോണില്‍ ബന്ധപ്പെട്ടു. അറസ്റ്റ് ഒഴിവാക്കാനും ഓഫിസിലും വീട്ടിലും അപമാനിതയാകാതിരിക്കാനും കോടതിയില്‍ ഹാജരാകുന്നതാണ് നല്ലതെന്ന് പറഞ്ഞു.
താന്‍ തെറ്റൊന്നും ചെയ്തിട്ടില്ലെന്ന് സ്ത്രീ അറിയിച്ചു. ഇതോടെ കേസ് രജിസ്റ്റര്‍ ചെയ്തതുസംബന്ധിച്ച എഫ്.ഐ.ആര്‍ ഉള്‍പ്പെടെ രേഖകള്‍ ഇ-മെയിലില്‍ അയച്ചു നല്‍കി. ഹൈകോടതി ജഡ്ജിക്ക് കൈക്കൂലി നല്‍കിയാല്‍ നിയമപരമായ സങ്കീര്‍ണതകള്‍ ഒഴിവാക്കാമെന്ന് ഇയാള്‍ പരാതിക്കാരിയെ വിശ്വസിപ്പിച്ചു. ആദ്യം ഒരു ലക്ഷം രൂപയാണ് ആവശ്യപ്പെട്ടത്. ഇതു നല്‍കിയതോടെ ജഡ്ജിമാര്‍ വഴങ്ങുന്നില്ലെന്ന് പറഞ്ഞ് വീണ്ടും പണം ആവശ്യപ്പെട്ടു. ഇത്തരത്തില്‍ പല തവണയായി 14 ലക്ഷം രൂപ നല്‍കിയെങ്കിലും വീണ്ടും പണം ആവശ്യപ്പെടുകയായിരുന്നു.
ഇതോടെ പരാതിക്കാരി സുഹൃത്തിനോട് പറയുകയും സൈബര്‍ പൊലീസില്‍ പരാതി നല്‍കുകയുമായിരുന്നു. പരാതി നല്‍കാന്‍ വൈകിയതുമൂലം തട്ടിപ്പുകാര്‍ ബാങ്ക് അക്കൗണ്ടില്‍നിന്ന് പണം പിന്‍വലിച്ചെന്നും അന്വേഷണം ആരംഭിച്ചെന്നും പൊലീസ് അറിയിച്ചു.