ഓണ്‍ലൈന്‍ പാസ്‌പോര്‍ട്ട് സേവനങ്ങള്‍ അഞ്ച് ദിവസത്തേക്ക് തടസപ്പെടുമെന്ന് കേന്ദ്രസര്‍ക്കാര്‍
ന്യൂഡല്‍ഹി: ഓണ്‍ലൈന്‍ പാസ്‌പോര്‍ട്ട് സേവനങ്ങള്‍ അഞ്ച് ദിവസത്തേക്ക് തടസപ്പെടുമെന്ന് കേന്ദ്രസര്‍ക്കാര്‍. പാസ്‌പോര്‍ട്ട് അപേക്ഷകള്‍ നല്‍കാനുള്ള പോര്‍ട്ടലില്‍ അറ്റകൂറ്റപ്പണി നടക്കുന്നതിനാലാണ് സേവനങ്ങള്‍ തടസ്സപ്പെടുക. ഈ സമയത്ത് പുതിയ അപേക്ഷകള്‍ നല്‍കാനാവില്ല. നിലവിലുള്ള അപ്പോയിന്‍മെന്റുകള്‍ മറ്റൊരു ദിവസത്തേക്ക് മാറ്റാനും തീരുമാനിച്ചിട്ടുണ്ട്.
ആഗസ്റ്റ് 29 വ്യാഴാഴ്ച രാത്രി എട്ട് മണിമുതല്‍ സെപ്റ്റംബര്‍ രണ്ട് തിങ്കളാഴ്ച രാവിലെ ആറ് മണി വരെയാണ് സേവനങ്ങള്‍ തടസപ്പെടുക. സൈറ്റിന് എപ്പോഴും നടത്തുന്ന അറ്റകൂറ്റപ്പണികളുടെ ഭാഗമായാണ് ഇക്കുറിയും സേവനങ്ങള്‍ തടസപ്പെടുന്നതെന്ന് കേന്ദ്ര വിദേശകാര്യമന്ത്രാലയം അറിയിച്ചു.
നേരത്തെ തന്നെ പാസ്‌പോര്‍ട്ട് സേവ കേന്ദ്രങ്ങള്‍ക്ക് അറ്റകൂറ്റപ്പണി സംബന്ധിച്ച് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഇതിന് അനുസരിച്ചുള്ള ക്രമീകരണം അവര്‍ ഒരുക്കും. അതിനാല്‍ പൊതുജനങ്ങള്‍ക്ക് ഇതുകൊണ്ട് ബുദ്ധിമുട്ടുണ്ടാവില്ലെന്നാണ് പ്രതീക്ഷിക്കുന്നതന്നും വിദേശകാര്യമന്ത്രാലയം അറിയിച്ചു.
അപ്പോയിന്‍മെന്റുകള്‍ എടുക്കുന്നതിനും പുതിയ പാസ്‌പോര്‍ട്ടിന് അപേക്ഷ സമര്‍പ്പിക്കുന്നതിനും നിലവിലുള്ളവ പുതുക്കുന്നതിനുമാണ് ഓണ്‍ലൈന്‍ പാസ്‌പോര്‍ട്ട് പോര്‍ട്ടല്‍ ഉപയോഗിക്കുന്നത്. സാധാരണ 30 ദിവസം മുതല്‍ 45 വരെ ദിവസമെടുത്താണ് പാസ്‌പോര്‍ട്ട് നല്‍കുന്നത്.