Kerala | ThiruvananthapuramWayanadErnakulamIdukkiThrissur
National
Global | Kuwait
TechnologySportsEducationAgricultureEntertainmentFeatured
Advertisement

അന്ന് ഉമ്മൻ ചാണ്ടി, ഇന്ന് കൊടിക്കുന്നിൽ:
വിജയരഥമുരുട്ടി യൂസഫലി ഖാൻ

11:17 AM Apr 13, 2024 IST | Online Desk
Advertisement
Advertisement

കൊട്ടാരക്കര: വിജയ സാരഥികൾക്കൊപ്പം യൂസഫലി ഖാനിത് എട്ടാമത്തെ പൊതു തെരഞ്ഞെടുപ്പാണ്. കഴിഞ്ഞ 7 തെരഞ്ഞെടുപ്പിലും വിജയ 'സാരഥിയായിരുന്നു യൂസഫലി. തെരഞ്ഞെടുപ്പിൽ ഒഴിച്ചുകൂടാനാവാത്ത ഒന്നാണ് തുറന്ന ജീപ്പിലുള്ള പര്യടനം. ഇതിൽ ജീപ്പ് ഓടിക്കുന്ന ഡ്രൈവറുടെ പരിചയസമ്പത്തും 'രാശിയും'പ്രധാനഘടകമാണ്. ഈരാറ്റുപേട്ട തെക്കേക്കര സ്വദേശി യൂസഫലി ഖാൻ എന്ന അറുപത്തിരണ്ടുകാരൻ ഇത് രണ്ടും തികഞ്ഞ ഡ്രൈവറാണ്.

1983ലാണ് യൂസഫലി പര്യടന വാഹനത്തിന്റെ മുൻ സീറ്റിലെത്തുന്നത്. പൂഞ്ഞാറിലായിരുന്നു ആദ്യ രണ്ടു തവണ തുറന്ന ജീപ്പ് ഓടിച്ചത്. പിന്നീട്  പുതുപ്പള്ളിയിൽ ഉമ്മൻചാണ്ടിയുടെ തെരഞ്ഞെടുപ്പ് കാലത്തെ തുറന്ന ജീപ്പിന്റെ പതിവ് സാരഥിയായി. ഇക്കുറി മാവേലിക്കര പാർലമെന്റ് നിയോജക മണ്ഡലത്തിൽ മത്സരിക്കുന്ന യുഡിഎഫ് സ്ഥാനാർഥി കൊടിക്കുന്നിൽ സുരേഷിനെയും കൂട്ടി സഞ്ചരിക്കാനാണ് യൂസഫലിയുടെ നിയോഗം.

മറ്റു വാഹനങ്ങൾ ഓടിക്കുന്നതുപോലെ എളുപ്പമല്ല തുറന്ന ജീപ്പിൽ സ്ഥാനാർഥിയെയും പ്രവർത്തകരെയുമായി പോകുന്നതെന്ന് യൂസഫലി പറയുന്നു. സ്ഥാനാർഥിക്ക് വേണ്ട വെള്ളവും ലഘു ഭക്ഷണവും വണ്ടിയിൽ ഉണ്ടെന്ന് ഉറപ്പാക്കേണ്ടതും  സമയക്രമം പാലിക്കേണ്ടതിന്റെയും ചുമതല ഡ്രൈവർക്കാണ്. ഉമ്മൻചാണ്ടി സാറിനോടൊപ്പം ജോലി ചെയ്തതു വലിയ അനുഭവമാണെന്ന് യൂസഫലി പറയുന്നു. അതിരാവിലെ തുടങ്ങുന്ന പര്യടനം രാത്രി വൈകിയും തുടരും. ജീപ്പ് നിറയെ പ്രവർത്തകരുണ്ടാകും. ഉച്ചഭക്ഷണത്തിന് അല്പനേരം നിർത്തുന്നത് കൂടെയുള്ളവർക്ക് വേണ്ടിയാണ്. എത്ര തിരക്കിൽ ആണെങ്കിലും കൂടെ ഉള്ളവരുടെ വലുപ്പച്ചെറുപ്പം നോക്കാതെ കുഞ്ഞൂഞ്ഞ് കാര്യങ്ങൾ അന്വേഷിക്കും.

 കൊടിക്കുന്നിൽ സുരേഷും ഉമ്മൻചാണ്ടിയും തമ്മിൽ ഇങ്ങനെയുള്ള കാര്യങ്ങളിൽ ഒരുപാട് സമാനതകളുണ്ട്. ഇരുവരും മടിയും ക്ഷീണവും ഇല്ലാതെ എത്ര നേരം വേണമെങ്കിലും ജീപ്പിൽ നിൽക്കും. ഭക്ഷണം കഴിക്കുന്ന സ്ഥലത്ത് എത്തിയാൽ ആദ്യം അന്വേഷിക്കുന്നത് നമ്മളെ ആകും. ഒരുമിച്ചിരുന്നാണ് ഭക്ഷണം കഴിക്കുന്നത്. ക്ഷമ നശിക്കില്ല, ആരോടും ദേഷ്യപ്പെടില്ല. ഉമ്മൻചാണ്ടിയെ കുറിച്ച് പറഞ്ഞപ്പോൾ യൂസഫലിയുടെ ശബ്ദമൊന്നിടറി. കൊട്ടിക്കലാശം കഴിഞ്ഞ്  യൂസഫലി ഈരാറ്റുപേട്ടയ്ക്ക് മടങ്ങും. അവിടെ വാടകയ്ക്ക് എടുത്ത ഓട്ടോ ഓടിച്ചാണ് യൂസഫലി കഴിയുന്നത്. ഭാര്യയും രണ്ട് പെൺമക്കളുമുണ്ട്. സ്വന്തമായി ഒരു ഓട്ടോ എന്നത് യൂസഫലിക്ക് ഇപ്പോഴും വിദൂര സ്വപ്നമാണ്.

Advertisement
Next Article