ഓർമകളിൽ ഒരേയൊരു ഉമ്മൻ ചാണ്ടി; ഇന്ന് ഒന്നാം ചരമ വാർഷികം
കേരള രാഷ്ട്രീയത്തിൽ സമാനതകളില്ലാത്ത ജനനായകൻ വിട വാങ്ങിയിട്ട് ഇന്ന് ഒരാണ്ട് തികയുന്നു. ജനാധിപത്യ കേരളം ഒരേയൊരു ഉമ്മൻചാണ്ടിയെ ഇന്നും നഷ്ടബോധത്തോടെ ഓർക്കുന്നു. അദ്ദേഹത്തെപ്പോലെ ഒരു ജന സമ്പർക്ക നേതാവ് രാഷ്ട്രീയ രംഗത്ത് ഇല്ലെന്ന് തന്നെ പറയാം. ഉമ്മൻ ചാണ്ടിയുടെ ജനസമ്പർക്ക പരിപാടി ജനോപകാരപ്രദമായ മഹത്തായ പദ്ധതിയെന്ന രീതിയിലാണ് വിലയിരുത്തപ്പെട്ടത്. 11 ലക്ഷത്തിൽപ്പരം പേർ പങ്കെടുത്ത ആ മാമാങ്കം ലോകത്ത് തന്നെ ഒരു ഭരണാധികാരിയുടെ ഏറ്റവും വലിയ മഹാ അദാലത്തായിരുന്നു. 2011 മുതൽ 3 വർഷം 3 ഘട്ടമായി ജില്ലകളിൽ നടത്തിയ ജനസമ്പർക്ക പരിപാടികളിൽ ദിവസങ്ങളോളം 12 മുതൽ 19 മണിക്കൂർ വരെ ഉമ്മൻ ചാണ്ടി ഒറ്റ നിൽപ്പു നിന്ന് ജനത്തെ കണ്ടു. ജലപാനം പോലുമില്ലാതെ മണിക്കൂറുകൾ. മൊത്തം 242 കോടിയുടെ ധനസഹായമാണ് നൽകിയത്. ചുവപ്പു നാട ഇല്ലാതെ മിനിറ്റുകൾകൊണ്ട് ഫയൽ തീർപ്പാക്കൽ. ഒരു വില്ലേജ് ഓഫിസിൽ പോലും ധൈര്യത്തോടെ കടന്നുചെല്ലാൻ കഴിവില്ലാത്തവരുടെ അടുത്തേക്ക് മുഖ്യമന്ത്രി ഇറങ്ങിച്ചെന്നു. അതിന്, ഐക്യരാഷ്ട്രസംഘടനയുടെ പൊതുജനസേവനത്തിനുള്ള അവാർഡ് 2013ൽ ഉമ്മൻ ചാണ്ടിയെ തേടിയെത്തി. മൊത്തം 242 കോടിയുടെ ധനസഹായമാണ് നൽകിയത്. ചുവപ്പു നാട ഇല്ലാതെ മിനിറ്റുകൾകൊണ്ട് ഫയൽ തീർപ്പാക്കൽ. ഒരു വില്ലേജ് ഓഫിസിൽ പോലും ധൈര്യത്തോടെ കടന്നുചെല്ലാൻ കഴിവില്ലാത്തവരുടെ അടുത്തേക്ക് മുഖ്യമന്ത്രി ഇറങ്ങിച്ചെന്നു. അതിന്, ഐക്യരാഷ്ട്രസംഘടനയുടെ പൊതുജനസേവനത്തിനുള്ള അവാർഡ് 2013ൽ ഉമ്മൻ ചാണ്ടിയെ തേടിയെത്തി.
പരാജയമെന്തെന്നറിയാതെ കോട്ടയത്തെ പുതുപ്പള്ളി നിയോജക മണ്ഡലത്തിൽ തുടർച്ചയായ പതിനൊന്നു വിജയങ്ങൾ നേടിയ ഉമ്മൻചാണ്ടി തന്റെ നിയമസഭാ പ്രവർത്തനത്തിൽ അരനൂറ്റാണ്ടിലേറെ പൂർത്തിയാക്കിയ നേതാവാണ്. ഈ അത്യപൂർവ നേട്ടം സ്വന്തമാക്കുന്ന, ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ ഇന്ത്യയിലെതന്നെ ആദ്യത്തെ എം.എൽ.എ എന്ന ബഹുമതിയും കുഞ്ഞൂഞ്ഞെന്ന ഓമനപ്പേരിൽ പുതുപ്പള്ളിക്കാർ വിളിക്കുന്ന ഉമ്മൻചാണ്ടിക്ക് മാത്രമായിരുന്നു സ്വന്തം. തുടർച്ചയായ 13 വിജയവും 52 വർഷത്തെ നിയമസഭാംഗത്വവും നിലനിറുത്തി പാലാ മണ്ഡലത്തിൽ റെക്കാഡിട്ട പരേതനായ കെ.എം.മാണിയാണ് കേരളത്തിൽ മുമ്പ് ഈ നേട്ടം കരസ്ഥമാക്കിയ ഒരേയൊരു ജനപ്രതിനിധി. ജനങ്ങൾക്കിടയിൽ ജീവിക്കുന്ന നേതാവെന്നതാണ് മലയാളികളുടെ മനസിൽ ഉമ്മൻചാണ്ടിക്കുള്ള വേറിട്ട സ്ഥാനം. കക്ഷിരാഷ്ട്രീയ ഭേദമന്യേ ജനങ്ങൾ ഇഷ്ടപ്പെടുന്നതാണ് ഉമ്മൻചാണ്ടിയുടെ വ്യക്തിത്വവും പ്രവർത്തനശൈലിയും. കാന്തികശക്തിയാലെന്ന പോലെ ജനങ്ങളെ തന്നിലേക്ക് ആകർഷിക്കുന്നതായിരുന്നു അദ്ദേഹത്തിന്റെ പ്രകൃതം. അത് കൃത്രിമമായി സൃഷ്ടിച്ചെടുത്ത ഒന്നല്ല. ജനങ്ങളുടെ സങ്കടങ്ങൾ ശ്രദ്ധാപൂർവം കേൾക്കാനും, അവയ്ക്ക് തന്നാൽക്കഴിയും വിധം പരിഹാരം കാണാനും അദ്ദേഹം നടത്തിയ നിതാന്ത പ്രവർത്തനങ്ങളുടെ ഫലമാണ്. മുഖ്യമന്ത്രിയായിരിക്കുമ്പോൾ പോലും ജനങ്ങളുമായി സംവദിക്കാൻ അധികാരത്തിന്റെ പ്രോട്ടോക്കോൾ ഉമ്മൻചാണ്ടിക്ക് തടസമായിട്ടില്ല. ഏറ്റവും സാധാരണക്കാരനായ ഒരാൾക്കു പോലും അനായസേന സമീപിക്കാവുന്ന മുഖ്യമന്ത്രിയായിരുന്നു അദ്ദേഹം. ജനങ്ങളുടെ മനസറിഞ്ഞ് അവരുടെ ആവശ്യങ്ങൾ യാഥാർത്ഥ്യമാക്കാനായി അക്ഷീണം പ്രയത്നിക്കാൻ ഒരു മടിയുമില്ലാത്ത നേതാവായിരുന്നു അദ്ദേഹം. ജനാധിപത്യ കേരളത്തിന്റെ അന്തരീക്ഷത്തിലേക്ക് 'ഇല്ല ഇല്ല മരിക്കുന്നില്ല, ഉമ്മൻചാണ്ടി മരിക്കുന്നില്ല' എന്ന ഇടറുന്ന മുദ്രാവാക്യം ഉയർന്ന് കേട്ടിട്ട് നാളെ ഒരാണ്ട് തികയുന്നു. ഇത്രമേൽ അവിസ്മരണീയമായ യാത്രയയപ്പ് ഒരു നേതാവിനും കേരള ജനത നൽകിയിട്ടുണ്ടാകില്ല. വിങ്ങിപ്പൊട്ടിയ മനസ്സുമായി, നിറഞ്ഞ ഹൃദയവേദനയോടെ പതിനായിരങ്ങളാണ് അവരുടെ പ്രിയപ്പെട്ട കുഞ്ഞൂഞ്ഞിനെ അവസാനമായി ഒരു നോക്ക് കാണുവാൻ ഒഴുകിയെത്തിയത്. ജീവിച്ചിരിക്കുമ്പോൾ എല്ലായിപ്പോഴും ജനങ്ങൾക്കിടയിൽ ജീവിച്ചിരുന്ന നേതാവിന്റെ അന്ത്യയാത്രയും ജനസമ്പർക്കത്തെ അനുസ്മരിക്കും വിധം തന്നെയായിരുന്നു. തിരുവനന്തപുരത്തുനിന്ന് പുലർച്ചെ ആരംഭിച്ച അദ്ദേഹത്തിന്റെ ഭൗതികശരീരം വഹിച്ചുകൊണ്ടുള്ള യാത്ര അടുത്തദിവസം പുലർച്ചയാണ് കോട്ടയത്തേക്ക് എത്തുന്നത്. കൊച്ചുകുട്ടികൾ മുതൽ പ്രായാദൈർഘ്യം വരെയുള്ളവർ റോഡിന്റെ ഇരുവശവും അന്ത്യാഞ്ജലി സമർപ്പിക്കുവാൻ എത്തിയ കാഴ്ച കേരള ജനത മുമ്പ് ഒരിക്കലും കണ്ടിട്ടില്ല. അന്തി യാത്രയിൽ അന്ത്യയാത്രയിൽ പോലും തടിച്ചുകൂടിയ ജനതയ്ക്ക് ഉമ്മൻചാണ്ടി എന്ന ജനകീയ പിതാവിന്റെ ഇടപെടലുകളെ പറ്റി എന്തെങ്കിലും ഒക്കെ സാക്ഷ്യങ്ങൾ പറയുവാൻ ഉണ്ടായിരുന്നു. കേരള ജനത അവരുടെ പ്രിയപ്പെട്ട കുഞ്ഞൂഞ്ഞിന്റെ നഷ്ടം ആഴത്തിൽ മനസ്സിലാക്കുന്ന ഒരു കാലം കൂടിയാണിതെന്ന് നിസ്സംശയം പറയാം.