50 ലക്ഷം പേർക്ക് പെൻഷൻ നേടിക്കൊടുക്കുന്നത് വരെ പ്രതിപക്ഷ പോരാട്ടം തുടരും
തിരുവനന്തപുരം: 50 ലക്ഷം പാവങ്ങൾക്ക് പെൻഷൻ നേടിക്കൊടുക്കുന്നത് വരെ പ്രതിപക്ഷ പോരാട്ടം തുടരുമെന്നു പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. നിയമസഭ ബഹിഷ്‌ക്കരിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു പ്രതിപക്ഷ നേതാവ്. അഞ്ച് മാസമായി മുടങ്ങിയ പെൻഷൻ വിതരണം പുനസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ടാണ് പ്രതിപക്ഷം അടിയന്തിര പ്രമേയത്തിന് നോട്ടീസ് നൽകിയത്. പെൻഷൻ വിഷയം പരിഹരിക്കുന്നതിന് പകരം നവകേരളത്തെ കുറിച്ചും കേരളീയത്തെ കുറിച്ചുമാണ് സർക്കാർ ഇപ്പോഴും സംസാരിക്കുന്നത്. ജനങ്ങളെ ഇനിയും ആത്മഹത്യയിലേക്ക് നയിക്കുന്ന രൂക്ഷമായ പ്രതിസന്ധിയാണ് കേരളത്തിൽ ഉണ്ടാക്കിയിരിക്കുന്നത്. ഉമ്മൻ ചാണ്ടി സർക്കാരിന്റെ കാലത്ത് 18 മാസം പെൻഷൻ മുടങ്ങിയെന്ന പച്ചക്കള്ളവും പ്രതിപക്ഷം നിയമസഭയിൽ പൊളിച്ചു. കഴിഞ്ഞ കുറേക്കാലമായി ഗീബൽസിയൻ രീതിയിൽ പറഞ്ഞു പരത്തിയ കള്ളമാണ് പൊളിഞ്ഞത്.
സർക്കാരിന്റെ മുൻഗണനാക്രമങ്ങൾ മാറുകയും അധികാരത്തിന്റെ അഹങ്കാരവും ധിക്കാരവുമാണ് മന്ത്രിയുടെ വാക്കുകളിലുള്ളത്. മുഖ്യമന്ത്രി നിശബ്ദനായി ഇരിക്കുകയാണ്. അതിൽ പ്രതിഷേധിച്ചാണ് സഭാ നടപടികൾ ബഹിഷ്‌ക്കരിച്ചത്. 50 ലക്ഷം പാവങ്ങളെ ബാധിക്കുന്ന വിഷയത്തിന് പരിഹാരം ഇല്ലാതെ സഭയിൽ ഇരിക്കാനാകില്ല. പെൻഷൻ നേടിയെടുക്കുന്നതു വരെ പ്രതിപക്ഷ പോരാട്ടം തുടരുമെന്നും സതീശൻ പറഞ്ഞു.