തിരിച്ചടിക്കുമെന്ന് ആവര്‍ത്തിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍
കോഴിക്കോട്: കെ.എസ്.യു- യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ മര്‍ദിച്ച ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ക്കെതിരേയും മുഖ്യമന്ത്രിയുടെ സുരക്ഷാ ഉദ്യോഗസ്ഥര്‍ക്കെതിരേയും നടപടിയുണ്ടായില്ലെങ്കില്‍ തിരിച്ചടിക്കുമെന്ന നിലപാടിലുറച്ച് പ്രതിപക്ഷനേതാവ് വി.ഡി. സതീശന്‍. കെ.എസ്.യുക്കാരേയും യൂത്ത് കോണ്‍ഗ്രസുകാരേയും അടിച്ചാല്‍ ആരും ചോദിക്കില്ലെന്നാണ് ധാരണയെങ്കില്‍ ആ ധാരണ തെറ്റാണെന്ന് വി.ഡി. സതീശന്‍ പറഞ്ഞു. അടിച്ചാല്‍ തിരിച്ചടിക്കുകതന്നെ ചെയ്യും. പോലീസ് നിഷ്പക്ഷമായി കേസെടുത്തില്ലെങ്കില്‍ വേറെ മാര്‍ഗമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
നവകേരള സദസുമായി ബന്ധപ്പെട്ട് നടന്ന മുഴുവന്‍ അക്രമങ്ങളുടേയും ഉത്തരവാദി മുഖ്യമന്ത്രിയാണ്. വധശ്രമത്തിന് പോലീസ് കേസെടുത്ത അക്രമ സംഭവം മാതൃകാ പ്രവര്‍ത്തനം ആയിരുന്നെന്നും അത് ഇനിയും തുടരണമെന്നും പറഞ്ഞത് കേരളത്തിന്റെ മുഖ്യമന്ത്രിയാണ്. കലാപത്തിന് ആഹ്വാനം ചെയ്തതിന് കേസില്‍ പ്രതിയാകേണ്ടയാളാണ് പിണറായി വിജയന്‍. സഹികെട്ടപ്പോഴാണ് അടിച്ചാല്‍ തിരിച്ചടിക്കുമെന്ന് പറഞ്ഞത്. എസ്.എഫ്.ഐക്കാരോടുള്ള സമീപനമല്ല പോലീസിന് കെ.എസ്.യുവിനോട്. 2000 പോലീസുകാരുടേയും 150 വാഹനങ്ങളുടേയും പാര്‍ട്ടി ഗുണ്ടകളുടേയും ക്രിമിനലുകളുടേയും അകമ്പടിയില്‍ നടക്കുന്ന മുഖ്യമന്ത്രി ഭീരുവാണെന്നാണ് ഞാന്‍ പറഞ്ഞത്. സുധാകരനോട് ചോദിക്കൂ എന്നാണ് അതിന് മുഖ്യമന്ത്രിയുടെ മറുപടി. പിണറായി വിജയന്‍ ഭീരുവാണെന്നാണ് കെ. സുധാകരനോട് ചോദിച്ചപ്പോള്‍ മറുപടി പറഞ്ഞതെന്നും വി.ഡി. സതീശന്‍ തിരിച്ചടിച്ചു.