ചേർത്ത് നിർത്തണം, ശ്രുതിക്ക് സർക്കാർ ജോലി നൽകണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ
തിരുവനന്തപുരം: വയനാട് മുണ്ടക്കൈ ദുരന്തത്തിൽ കുടുംബാംഗങ്ങൾ നഷ്ടമായ ചൂരൽമല സ്വദേശിയായ ശ്രുതിക്ക് സർക്കാർ ജോലി നൽകണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. കഠിനമായ പരീക്ഷണ ഘട്ടത്തിലൂടെ കടന്നുപോകുന്ന ശ്രുതിയെ എല്ലാവരും ചേർത്ത് പിടിക്കണം. ശ്രുതിയുടെ ഭാവി ജീവിതത്തിന് ഒരു ജോലി അനിവാര്യമാണ്. ആവശ്യമായ നടപടികൾ സർക്കാർ സ്വീകരിക്കണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു. ഈ ആവശ്യങ്ങൾ ഉന്നയിച്ച് അദ്ദേഹം മുഖ്യമന്ത്രി പിണറായി വിജയന് കത്തു നൽകി.
ഉരുൾ ദുരന്തത്തിൽ മാതാപിതാക്കളെയും ബന്ധുക്കളെയും നഷ്‌ടമായ ശ്രുതിയുടെ പ്രതിശ്രുത വരൻ ജെൻസൺ കഴിഞ്ഞ ദിവസം മരിച്ചിരുന്നു. വയനാട് വെള്ളാരംകുന്നിൽ ഓംനി വാനും സ്വകാര്യബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഗുരുതരമായി പരിക്കേറ്റതിനെ തുടർന്ന് മേപ്പാടിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ചൊവ്വാഴ്ച വൈകിട്ട് കോഴിക്കോട്-കൊല്ലഗൽ ദേശീയപാതയിൽ വെള്ളാരംകുന്നിന് സമീപത്തായിരുന്നു അപകടം.ചൂരൽമലയിലെ ഉരുൾപൊട്ടലിൽ അച്ഛനെയും അമ്മയെയും സഹോദരിയെയും ശ്രുതിക്ക് നഷ്ടപ്പെട്ട്പ്പോൾ താങ്ങായി കൂടെയുണ്ടായിരുന്നത് ജെൻസൻ മാത്രമായിരുന്നു. ദീർഘനാളായി പ്രണയത്തിൽ ആയിരുന്ന ജെൻസനുമായി ശ്രുതിയുടെ വിവാഹം നിശ്ചയിച്ച് ഒരു മാസത്തിനു ശേഷമാണ് തന്റെ പ്രയപ്പെട്ടവരെ കവർന്നെടുത്ത് ഉരുൾ ഒലിച്ചിറങ്ങിയത്. ഡിസംബറിൽ വിവാഹം നടത്താനായിരുന്നു തീരുമാനം.