കാപ്പ കേസ് പ്രതിയെ മാലയിട്ട് സ്വീകരിച്ച വീണ ജോര്‍ജ് തങ്ങളെ പഠിപ്പിക്കാന്‍ വരേണ്ടെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍
തിരുവനന്തപുരം: കാപ്പ കേസ് പ്രതിയെ മാലയിട്ട് സ്വീകരിച്ച വീണ ജോര്‍ജ് തങ്ങളെ പഠിപ്പിക്കാന്‍ വരേണ്ടെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. നിയമസഭയിലാണ് ആരോഗ്യമന്ത്രിക്കെതിരെ പ്രതിപക്ഷ നേതാവ് രൂക്ഷവിമര്‍ശനം ഉയര്‍ത്തിയത്. ആലപ്പുഴ പൂച്ചാക്കലില്‍ പട്ടാപ്പകല്‍ ദലിത് പെണ്‍കുട്ടിയെ ആക്രമിച്ചവരെ 48 മണിക്കൂര്‍ കഴിഞ്ഞിട്ടും അറസ്റ്റ് ചെയ്യാത്ത പൊലീസ് നടപടിയേയും പ്രതിപക്ഷ നേതാവ് വിമര്‍ശിച്ചു. പ്രതികളെ അറസ്റ്റ് ചെയ്യാത്ത ആ പൊലീസ് സ്റ്റേഷന്‍ ഇനി നമുക്ക് വേണോയെന്നും അദ്ദേഹം ചോദിച്ചു.
സംസ്ഥാനത്ത് സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരായ അക്രമങ്ങള്‍ സഭ നിര്‍ത്തിവെച്ച് ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ടുള്ള യു.ഡി.എഫിന്റെ അടിയന്തര പ്രമേയത്തിനിടെയാണ് വി.ഡി സതീശന്റെ പരാമര്‍ശം. കെ.കെ രമയാണ് യു.ഡി.എഫിനാണ് അടിയന്തര പ്രമേയം അവതരിപ്പിച്ചത്. പുച്ചാക്കലിലെ പ്രതികള്‍ സി.പി.എം നേതാക്കളായതിനാലാണ് അറസ്റ്റ് ചെയ്യാത്തതെന്ന് പ്രതിപക്ഷ നേതാവ് ആരോപിച്ചു.
തനിക്കെതിരെ സൈബര്‍ ആക്രമണം നടത്തിയവര്‍ക്ക് സ്ഥാനക്കയറ്റം നല്‍കിയ പാര്‍ട്ടിയാണ് കോണ്‍ഗ്രസെന്ന് വീണ ജോര്‍ജ് പറഞ്ഞപ്പോഴാണ് കാപ്പ കേസ് പ്രതിക്ക് സ്വീകരണം നല്‍കിയാള്‍ തങ്ങളെ പഠിപ്പിക്കാന്‍ വരേണ്ടെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞത്. വി.ഡി സതീശന്റെ പ്രസംഗത്തിനിടെ ഭരണപക്ഷ ബെഞ്ചുകളില്‍ നിന്നും നിരവധി തവണ ബഹളമുണ്ടായി.
ബി.ജെ.പി അനുഭാവിയും കാപ്പ അടക്കം നിരവധി ക്രിമിനല്‍ കേസുകളിലെ പ്രതിയുമായ യുവാവ് റിമാന്‍ഡ് കാലാവധി കഴിഞ്ഞ് പുറത്തിറങ്ങിയതിന് പിന്നാലെ സി.പി.എമ്മില്‍ ചേര്‍ന്നത് വിവാദമായിരുന്നു. മലയാലപ്പുഴ സ്വദേശി ശരണ്‍ ചന്ദ്രന്റെ പാര്‍ട്ടി പ്രവേശനമാണ് വിവാദത്തിന് കാരണമായത്. ഇയാള്‍ക്ക് സ്വീകരണം നല്‍കുന്ന പരിപാടിയില്‍ മന്ത്രി വീണ ജോര്‍ജ് പങ്കെടുത്തിരുന്നു.