For the best experience, open
https://m.veekshanam.com
on your mobile browser.
Advertisement

വന്യജീവി ആക്രമണത്തിൽ സർക്കാരിന് നിസംഗത; നിയമസഭയിൽ പ്രതിപക്ഷ പ്രതിഷേധം, വാക്കൗട്ട്, വേണ്ടത് യോഗങ്ങളല്ല, നടപടികളാണെന്ന് ടി. സിദ്ധീഖ്

05:08 PM Feb 12, 2024 IST | Online Desk
വന്യജീവി ആക്രമണത്തിൽ സർക്കാരിന് നിസംഗത  നിയമസഭയിൽ പ്രതിപക്ഷ പ്രതിഷേധം  വാക്കൗട്ട്  വേണ്ടത് യോഗങ്ങളല്ല  നടപടികളാണെന്ന് ടി  സിദ്ധീഖ്
Advertisement

തിരുവനന്തപുരം: സംസ്ഥാനത്ത് വന്യജീവി ആക്രമണങ്ങളിൽ തുടർച്ചയായി
 മനുഷ്യജീവനുകൾ പൊലിയുമ്പോഴും പ്രശ്നത്തിന് ശാശ്വത പരിഹാരമുണ്ടാക്കാതെ സർക്കാർ അലംഭാവം കാട്ടുന്നതിനെതിരെ നിയമസഭയിൽ ആഞ്ഞടിച്ച് പ്രതിപക്ഷം. വയനാട്ടില്‍ വീട്ടുമുറ്റത്ത് കാട്ടാനയുടെ ആക്രമണത്തില്‍ അജീഷ് എന്നയാളുടെ ജീവന്‍  പൊലിയാനിടയായ സാഹചര്യത്തില്‍ ജനങ്ങളുടെ ആശങ്ക സഭ നിര്‍ത്തിവച്ച്  ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം നൽകിയ അടിയന്തര പ്രമേയത്തിന് സ്പീക്കർ അനുമതി നിഷേധിച്ചതിൽ പ്രതിഷേധിച്ച് പ്രതിപക്ഷാംഗങ്ങൾ ഇറങ്ങിപ്പോയി. കോൺഗ്രസ് അംഗം ടി. സിദ്ധീഖാണ് അടിയന്തര പ്രമേയ നോട്ടീസിലൂടെ വിഷയം സഭയുടെ ശ്രദ്ധയിൽക്കൊണ്ടുവന്നത്.
നോട്ടീസിന് മറുപടി നൽകിയ വനംമന്ത്രി എ.കെ ശശീന്ദ്രൻ, ഏറെ പരിഗണന അർഹിക്കുന്ന വിഷയമാണെങ്കിലും ഈ ഘട്ടത്തിൽ സഭ നിർത്തിവെച്ച് ചർച്ച ചെയ്യുന്നത് ഗുണം ചെയ്യില്ലെന്ന് ചൂണ്ടിക്കാട്ടി. വനം വകുപ്പ് മന്ത്രിയുടെ നിയമപരമായ ചുമതല വനത്തിനും വന്യജീവികൾക്കും സംരക്ഷണമൊരുക്കുകയെന്നതാണ്. എന്നാൽ, സർക്കാരെന്ന നിലയിൽ ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകേണ്ടതുണ്ട്. ഇതിന് രണ്ടിനും ഇടയിലുള്ള അവസ്ഥ മനസിലാക്കണമെന്ന്  മന്ത്രി വ്യക്തമാക്കി. ജനുവരി 30ന് കർണാടക സർക്കാർ മയക്കുവെടി വെച്ച് പിടികൂടിയ ആനയാണ് കേരളത്തിന്റെ വനമേഖലയിലും പിന്നീട് കൊല്ലപ്പെട്ടയാളുടെ വീട്ടുമുറ്റത്തും എത്തിയത്. ആനയുടെ ശരീരത്തിൽ ഘടിപ്പിച്ചിരുന്ന റേഡിയോ കോളറിൽ നിന്നുള്ള സിഗ്നലുകൾ യഥാസമയം ലഭിക്കാതിരുന്നതാണ് മുൻകരുതൽ നടപടികൾ വൈകാനുള്ള കാരണമെന്നും മന്ത്രി വിശദീകരിച്ചു. വയനാട് വന്യമൃഗ ഭീഷണി നിലനിൽക്കുന്ന സാഹചര്യത്തിൽ ചീഫ് വൈൽഡ് വാർഡന്റെ നേതൃത്വത്തിൽ അന്തർസംസ്ഥാന ഏകോപന സമിതി രൂപീകരിച്ചുവെന്നും രണ്ട് സ്പെഷ്യൽ ആർ.ആർ.ടി ഉൾപ്പെടെ  170 ബീറ്റ് ഓഫീസർമാരെ നിയമിക്കുമെന്നും പൊലീസ് കൺട്രോൾ റൂം പ്രവർത്തനം ആരംഭിച്ചെന്നും മന്ത്രി മറുപടി നൽകി.
വന്യജീവികളുടെ സംരക്ഷണമാണ് നിയമപരമായ ചുമതലയെന്ന മന്ത്രിയുടെ പ്രസ്താവനയെ ടി. സിദ്ധീഖ് എതിർത്തു. കാട്ടിൽ നിന്ന് വീട്ടുമുറ്റത്ത് എത്തുന്ന വന്യമൃഗങ്ങൾക്കല്ല, മനുഷ്യർക്കാണ് സംരക്ഷണം നൽകേണ്ടതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. വന്യമൃഗ ആക്രമണം ഭയന്ന് പകലുപോലും പുറത്തിറങ്ങാൻ കഴിയാത്തത്ര ആശങ്കയിലാണ് ജനങ്ങൾ. എട്ടുവർഷത്തിനിടെ 909 പേർ വന്യജീവി ആക്രമണങ്ങളിൽ കൊല്ലപ്പെട്ടിട്ടും സർക്കാർ അനാസ്ഥ തുടരുകയാണെന്നും ടി. സിദ്ധീഖ് കുറ്റപ്പെടുത്തി. വയനാട്ടിൽ മാത്രം 54 പേരാണ് കൊല്ലപ്പെട്ടത്. കൽപ്പറ്റയിൽ അഞ്ചുപേരും മരിച്ചു. രണ്ടാഴ്ചയ്ക്കിടെ രണ്ടാമത്തെയാളാണ് കൊല്ലപ്പെടുന്നത്. വയനാട്ടിൽ സാമൂഹിക ജീവിതം താറുമാറായി. കടുവ, പുലി, കാട്ടാന, കാട്ടുപോത്ത് എന്നിവ വലിയ ഭീഷണിയുയർത്തുന്നു. കടുവ ആക്രമിച്ചു കൊന്നയാളുടെ വീടൊന്ന് സന്ദർശിക്കാൻ പോലും വയനാടിന്റെ ചുമതലയുള്ള മന്ത്രി തയാറാകാത്തത് പ്രതിഷേധാർഹമാണെന്ന് സിദ്ധീഖ് പറഞ്ഞു.
ഓരോ ആക്രമണങ്ങളുണ്ടാകുമ്പോഴും യോഗം ചേരുന്നതല്ലാതെ തീരുമാനങ്ങളില്ല. ഇനി വയനാടിന് വേണ്ടത് യോഗങ്ങളല്ല, നടപടികളാണ്. നിയമം നൽകിയിരിക്കുന്ന അധികാര പ്രകാരം ജില്ലാ കളക്ടർക്ക് വേഗത്തിൽ നടപടിയെടുക്കാമെന്നിരിക്കെ കാട്ടാനയെ മയക്കുവെടി വെയ്ക്കുന്നത് സംബന്ധിച്ച് തീരുമാനമെടുക്കാൻ മൂന്നുദിവസം കാത്തുനിൽക്കേണ്ട അവസ്ഥയാണ്. വന്യമൃഗങ്ങൾ നാട്ടിലിറങ്ങുന്നത് സംബന്ധിച്ച് വിവരം ലഭിച്ചാലും മുൻകൂട്ടി ജാഗ്രതാ നടപടികളെടുക്കുന്നില്ല. കാട്ടാന ആക്രമണത്തിൽ അജീഷ് മരിക്കാനിടയായ സംഭവത്തിൽ സർക്കാരാണ് ഒന്നാംപ്രതിയെന്ന് സിദ്ധീഖ് ആരോപിച്ചു.
വന്യജീവി ആക്രമണം തടയാനായി നിലവിൽ തയാറാക്കിയിരിക്കുന്ന സംവിധാനങ്ങളിലൂടെ ശാശ്വത പരിഹാരമുണ്ടാക്കാനാവില്ലെന്ന് ഭരണകക്ഷി എംഎൽഎ ഒ.ആർ കേളുവും സഭയെ അറിയിച്ചു. ഫെൻസിങ്, ആന ട്രഞ്ച് എന്നിവ ഉണ്ടെങ്കിലും കേന്ദ്രസർക്കാരുമായി ചർച്ച ചെയ്ത് പ്രശ്നത്തിന് പരിഹാരമുണ്ടാക്കുകയാണ് വേണ്ടതെന്നും അദ്ദേഹം നിർദ്ദേശിച്ചു.
വന്യമൃഗശല്യം തടയാനായി നല്ലനിലയിലുള്ള പ്രവർത്തനങ്ങളാണ് സർക്കാർ നടത്തുന്നതെന്ന് മന്ത്രി ആവർത്തിച്ചു. മരിച്ച അജീഷിന്റെ കുടുംബത്തിന് പത്തുലക്ഷം രൂപ നൽകിയതിന് പുറമേ കുടുംബാംഗത്തിന് ജോലി സാധ്യതയെക്കുറിച്ചും പരിശോധിക്കുന്നുണ്ട്. സംഭവ സ്ഥലത്തെത്തിയ ജില്ലാ കളക്ടറെയും ജില്ലാ പോലീസ് സൂപ്രണ്ടിനെയും തടഞ്ഞുവെച്ച്  പ്രകോപനമുണ്ടാക്കി പ്രതിഷേധത്തെ മറ്റൊരു തരത്തിലേക്ക് കൊണ്ടുപോകാനുള്ള ശ്രമമാണ് നടക്കുന്നതെന്നും മന്ത്രി ചൂണ്ടിക്കാട്ടി.
മന്ത്രിയുടെ മറുപടിയുടെ അടിസ്ഥാനത്തിൽ അടിയന്തര പ്രമേയത്തിന് സ്പീക്കർ എ.എൻ ഷംസീർ അനുമതി നിഷേധിച്ചു. ഇതിൽ പ്രതിഷേധിച്ച് പ്രതിപക്ഷം സഭ വിട്ടു.
വയനാട്ടിലെ ജനങ്ങളുടെ ആശങ്ക പരിഹരിക്കുന്നതിൽ സർക്കാർ സമ്പൂർണ പരാജയമാണെന്ന് വാക്കൗട്ട് പ്രസംഗത്തിൽ പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ ആരോപണമുയർത്തി. ബോധമില്ലാത്ത ആനയല്ല, കഴിവുകെട്ട സർക്കാരാണ് അജീഷിന്റെ മരണത്തിൽ ഒന്നാം പ്രതിയെന്നും അദ്ദേഹം പറഞ്ഞു. പ്രതിഷേധം മറ്റൊരു തരത്തിൽ കൊണ്ടുപോകാനുള്ള ശ്രമമുണ്ടായെന്ന മന്ത്രിയുടെ പരാമർശത്തെ പ്രതിപക്ഷ നേതാവ് ചോദ്യം ചെയ്തു. മരണഭയത്തിന് ഇടയില്‍ നില്‍ക്കുന്നവര്‍ വൈകാരികമായി പെരുമാറുമെന്നും  അല്ലാതെ ആരും ഇളക്കി വിടുന്നതല്ലെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. മാവോയിസ്റ്റുകളാണ് തീവ്രവാദികളാണ് എന്നൊക്കെ പറഞ്ഞ് അവരുടെ മെക്കിട്ട് കയറാന്‍ പോകേണ്ട. ജീവിക്കാന്‍ നിവൃത്തിയില്ലാത്ത പാവങ്ങളാണ്, അവരെ വെറുതെ വിടണമെന്നും അദ്ദേഹം മന്ത്രിയോട് അഭ്യർത്ഥിച്ചു. വയനാട്ടില്‍ മാത്രമല്ല വനാതിര്‍ത്തിയിലെ ജനങ്ങളാകെ ഭീതിയിലാണ്. വന്യജീവികളെ ഭയന്ന് കുട്ടികള്‍ക്കും സ്ത്രീകള്‍ക്കും വീടിന് പുറത്തിറങ്ങാനാകാത്ത അവസ്ഥയാണെന്നും പ്രതിപക്ഷ നേതാവ് ചൂണ്ടിക്കാട്ടി.

Advertisement

Tags :
Author Image

Online Desk

View all posts

Advertisement

.