Kerala | ThiruvananthapuramWayanadErnakulamIdukkiThrissur
National
Global | Kuwait
TechnologySportsEducationAgricultureEntertainmentFeatured
Advertisement

സഭയിലെ പ്രതിപക്ഷ പ്രതിഷേധം ഫലം കണ്ടു; ശബരിമലയിൽ നിലപാട് തിരുത്തി സർക്കാർ

06:52 PM Oct 15, 2024 IST | Online Desk
Advertisement

തിരുവനന്തപുരം: സ്പോട്ട് ബുക്കിങ് നിർത്തലാക്കി ശബരിമല തീർത്ഥാടനം അലങ്കോലപ്പെടുത്താനുള്ള സർക്കാർ നീക്കത്തിനെതിരെ നിയമസഭയിൽ പ്രതിപക്ഷമുയർത്തിയ ശക്തമായ പ്രതിഷേധം ഫലം കണ്ടു. ശബരിമലയിൽ വെർച്വൽ ക്യൂ മാത്രം മതിയെന്ന നിലപാടിനാണ് ഇന്നലെ സഭയിൽ മുഖ്യമന്ത്രിയുടെ തിരുത്തുണ്ടായത്. വിഷയം പൊതുസമൂഹത്തിൽ വലിയ പ്രതിഷേധമുണ്ടാക്കിയിട്ടും സ്പോട്ട് ബുക്കിങ് വേണ്ടെന്ന പിടിവാശിയിൽ ഉറച്ചു നിൽക്കുകയായിരുന്നു സർക്കാരും ദേവസ്വം ബോർഡും. ഇത് ബിജെപിക്ക് രാഷ്ട്രീയ നേട്ടം ഉണ്ടാക്കാനുളള സർക്കാരിന്റെ ശ്രമമാണെന്ന് പ്രതിപക്ഷ നേതാവ് ഇന്നലെയും സഭയിൽ ആവർത്തിച്ചു.
ശബരിമലയിൽ സ്പോട്ട് ബുക്കിങ് തുടരുമെന്ന് മുഖ്യമന്ത്രി, സബ്മിഷന് മറുപടിയായി നിയമസഭയെ അറിയിച്ചു. ഓൺലൈനായി ബുക്ക് ചെയ്യാതെ വരുന്നവർക്കും ദർശനത്തിന് സൗകര്യമൊരുക്കും. പ്രതിപക്ഷ നേതാവ് കഴിഞ്ഞ ദിവസം ശബരിമല വിഷയത്തിൽ സബ്മിഷൻ കൊണ്ടുവന്നപ്പോൾ തീരുമാനം മാറ്റില്ലെന്ന് പറഞ്ഞ സർക്കാർ, ജാള്യത മറച്ചുവെയ്ക്കാനായി ഇതേവിഷയത്തിൽ വി. ജോയിയെ കൊണ്ട് സബ്മിഷൻ ഉന്നയിപ്പിച്ച് ഇന്നലെ മറുപടി തിരുത്തുകയായിരുന്നു. തീർഥാടകർക്ക് സൗകര്യപ്രദവും സുരക്ഷിതവുമായ രീതിയിൽ സൗകര്യം ഉറപ്പാക്കാൻ അവലോകന യോഗം തീരുമാനിച്ചതായി മുഖ്യമന്ത്രി പറഞ്ഞു.
ദർശനത്തിന് ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ നടത്താതെയും ഈ സമ്പ്രദായത്തെക്കുറിച്ച് അറിയാതെയും എത്തുന്ന തീര്‍ത്ഥാടകര്‍ക്കും സുഗമമായ ദര്‍ശനത്തിനുള്ള സൗകര്യം സര്‍ക്കാര്‍ ഉറപ്പുവരുത്തും. തീര്‍ത്ഥാടനത്തിനെത്തുന്ന എല്ലാവര്‍ക്കും സന്നിധാനത്തും പമ്പയിലും ഇടത്താവളങ്ങളിലും മെച്ചപ്പെട്ട സൗകര്യങ്ങള്‍ ഉറപ്പുവരുത്തുന്നതിന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്, പോലീസ്, വനം, ആരോഗ്യം, പൊതുമരാമത്ത്, ഫയര്‍ ആന്റ് റസ്ക്യൂ, ലീഗല്‍ മെട്രോളജി, ദുരന്തനിവാരണം, ഭക്ഷ്യ- പൊതുവിതരണം, ഇറിഗേഷന്‍, കെ.എസ്.ഇ.ബി, കെ.എസ്.ആര്‍.ടി.സി, ബി.എസ്.എന്‍.എല്‍, വാട്ടര്‍ അതോറിട്ടി, മലിനീകരണ നിയന്ത്രണ ബോര്‍ഡ് എന്നീ വകുപ്പുകളും സ്ഥാപനങ്ങളും തമ്മിലുള്ള ഏകോപനം മെച്ചപ്പെടുത്താന്‍ ആവശ്യമായ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
വെര്‍ച്ച്വല്‍ ക്യൂ രജിസ്ട്രേഷനിലൂടെ തീര്‍ത്ഥാടകരുടെ വിശദാംശങ്ങള്‍ ഡിജിറ്റല്‍ രേഖയായി ലഭ്യമാകും. ഇത് ശബരി മലയിലെ സുരക്ഷ ഉറപ്പുവരുത്തുന്നതിനും അപകടങ്ങളും കൂട്ടം തെറ്റലുകളും ഉണ്ടായാല്‍ ആളുകളെ കണ്ടെത്തുന്നതിനും സഹായകരമാണ്.  തിരുപ്പതി ഉള്‍പ്പെടെയുള്ള പ്രമുഖ തീര്‍ത്ഥാടന കേന്ദ്രങ്ങളില്‍ കുറ്റമറ്റരീതിയില്‍ വെര്‍ച്ച്വല്‍ ക്യൂ സമ്പ്രദായം നടന്നുവരുന്നു. ഇതേ മാതൃകയിലാണ് 2011 മുതല്‍ ശബരിമലയിലും വെര്‍ച്ച്വല്‍ക്യൂ സംവിധാനം ഏര്‍പ്പെടുത്തിയത്. വെര്‍ച്ച്വല്‍ ക്യൂ കുറ്റമറ്റ രീതിയില്‍ ശക്തിപ്പെടുത്താന്‍ തന്നെയാണ് ഉദ്ദേശിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

Advertisement

Tags :
kerala
Advertisement
Next Article