മന്ത്രി വീണ ജോര്‍ജിന്റെ ഭര്‍ത്താവിന്റെ ഉടമസ്ഥതയിലുള്ള കെട്ടിടത്തിന് വേണ്ടി ഓടയുടെ ഗതിമാറ്റി: കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സ്ഥലത്ത് കൊടികുത്തി ഹര്‍ത്താല്‍
പത്തനംതിട്ട: മന്ത്രി വീണ ജോര്‍ജിന്റെ ഭര്‍ത്താവ് ജോര്‍ജ് ജോസഫിന്റെ ഉടമസ്ഥതയിലുള്ള കെട്ടിടത്തിന് വേണ്ടി ഏഴംകുളംകൈപ്പട്ടൂര്‍ റോഡിലെ ഓടയുടെ ഗതിമാറ്റിയെന്ന് കോണ്‍ഗ്രസ് ആരോപണം. കൊടുമണ്ണിലെ പഞ്ചായത്ത് സ്റ്റേഡിയത്തിന് മുന്നിലെ ഓട നിര്‍മാണത്തിനെതിരെയാണ് ആരോപണം ഉയര്‍ന്നത്. ഇതേതുടര്‍ന്ന് ഇന്നലെ ഉച്ചയോടെ ഓട നിര്‍മാണം തടഞ്ഞ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സ്ഥലത്ത് കൊടികുത്തി.സംഭവുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് പഞ്ചായത്ത് അംഗങ്ങളായ അജികുമാര്‍ രണ്ടാംകുറ്റി, എ.ജി. ശ്രീകുമാര്‍ അടക്കം ഏഴ് പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. പൊലീസ് നടപടിയില്‍ പ്രതിഷേധിച്ച് കൊടുമണ്‍ പഞ്ചായത്തില്‍ ഇന്ന് രാവിലെ ആറു മുതല്‍ വൈകിട്ട് ആറു വരെ കോണ്‍ഗ്രസ് ഹര്‍ത്താല്‍ പ്രഖ്യാപിച്ചിട്ടുണ്ട്.
റോഡ് കൈയേറി ഓട നിര്‍മിക്കുന്നത് ജോര്‍ജ് ജോസഫിന്റെ കടമുറികള്‍ സംരക്ഷിക്കാനെന്നാണ് കോണ്‍ഗ്രസ് ആരോപണം. ഓട നിര്‍മാണവുമായി ബന്ധപ്പെട്ട് ചൊവ്വാഴ്ച രാവിലെ മുതല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരുമായി തര്‍ക്കമായിരുന്നു. സി.പി.എം ജില്ല സെക്രട്ടറി കെ.പി. ഉദയഭാനു നേരിട്ട് സ്ഥലത്തെത്തി റോഡ് കൈയേറിയുള്ള ഓട പണിക്ക് നിര്‍ദേശം കൊടുത്തതാണ് തര്‍ക്കത്തിന് ഇടയാക്കിയത്.ഇതറിഞ്ഞ് സി.പി.എം ഭരണത്തിലുള്ള പഞ്ചായത്ത് പ്രസിഡന്റ് കെ.കെ. ശ്രീധരന്‍ എത്തി പണികള്‍ തടയുകയും ചെയ്തു. പുറമ്പോക്ക് ഭൂമിയില്‍ കൈയേറ്റമുണ്ടെന്ന് സ്ഥിരീകരിക്കുകയും ചെയ്തു. നേരത്തെ, പഞ്ചായത്ത് തലത്തില്‍ പൊതുമരാമത്ത് വകുപ്പ് ഉഗ്യോഗസ്ഥര്‍ ഉള്‍പ്പെടെയുള്ളവരുടെ സാന്നിധ്യത്തില്‍ യോഗം കൂടി തീരുമാനിച്ചതില്‍ നിന്ന് വ്യത്യസ്തമായാണ് ഇപ്പോള്‍ പണി നടന്നത്.
അതേസമയം, ആരോപണത്തിനെതിരെ മന്ത്രി വീണ ജോര്‍ജിന്റെ ഭര്‍ത്താവ് ജോര്‍ജ് ജോസഫ് രംഗത്തെത്തി. റോഡ് പുറമ്പോക്ക് കൈയേറിയിട്ടില്ലെന്നും കെട്ടിടം നിര്‍മാണത്തിന് മുമ്പാണ് റോഡ് അലൈന്‍മെന്റ് നടത്തിയതെന്നും ജോര്‍ജ് ജോസഫ് പറഞ്ഞു. വികസനത്തിനായി സ്ഥലംവിട്ടുനല്‍കാന്‍ തയാറാണെന്നും അദ്ദേഹം വ്യക്തമാക്കി.അതേസമയം, കിഫ്ബി പദ്ധതിയില്‍ വികസിപ്പിക്കുന്ന ഏഴംകുളം -കൈപ്പട്ടൂര്‍ റോഡ് പണിയില്‍ അപാകതയെന്ന് പരാതി ഉയര്‍ന്നിട്ടുണ്ട്. പലഭാഗത്തും വീതി കുറഞ്ഞുവെന്നാണ് ആക്ഷേപം. 43 കോടി രൂപ മുടക്കി 12 മീറ്റര്‍ വീതിയിലാണ് റോഡ് വികസിപ്പിക്കുന്നത്. ഒമ്പത് മീറ്റര്‍ വീതിയില്‍ ബി.എം.ബി.സി നിലവാരത്തിലാണ് ടാറിങ് നടത്തുന്നത്. എന്നാല്‍, പലയിടത്തും റോഡിന്റെ അലൈന്‍മെന്റ് മാറ്റുന്നതായാണ് പരാതി. പാലങ്ങളുടെയും ഓടകളുടെയും നിര്‍മാണം ശാസ്ത്രീയമല്ലെന്ന് നാട്ടുകാര്‍ പറയുന്നു.
കൊടുമണ്‍ ജങ്ഷന്‍, സ്റ്റേഡിയം ഭാഗം, ചന്ദനപ്പള്ളി ഫെഡറല്‍ ബാങ്കിന് മുന്‍വശം എന്നിവിടങ്ങളില്‍ വീതി കുറവാണന്ന് ആക്ഷേപമുണ്ട്. ഇത് സ്വകാര്യ വ്യക്തികളെ സംരക്ഷിക്കാന്‍ വേണ്ടിയാണന്നാണ് പരാതി. ഭരണകക്ഷി നേതാക്കളും ഇതിനായി ഇടപെട്ടിട്ടുണ്ട്. പുറമ്പോക്ക് ഭൂമി ഉണ്ടായിട്ടും അത് റോഡിനോട് ചേര്‍ക്കാതെ കൈയേറ്റക്കാര്‍ക്ക് വിട്ടുകൊടുക്കുന്ന സമീപനമാണുള്ളതെന്നാണ് നാട്ടുകാരുടെ ആരോപണം. കൊടുമണ്‍ പഴയ പൊലീസ് സ്റ്റേഷന്‍ ജങ്ഷന്‍ മുതല്‍ ഇപ്പോഴത്തെ പൊലീസ് സ്റ്റേഷന്റെ മുന്‍വശം വരെ ഓട റോഡിലേക്ക് ഇറക്കിയാണ് പണിതിട്ടുള്ളത്.
വാഴവിള പാലം മുതല്‍ പഴയ പൊലീസ് സ്റ്റേഷന്‍ ജങ്ഷന്‍ വരെയുള്ള നിര്‍മാണത്തിലെ അപാകത പരിഹരിക്കാന്‍ കഴിഞ്ഞിട്ടില്ല. സ്‌റ്റേഡിയം ഭാഗത്ത് വീതി തീരെയില്ല. പഴയ പൊലീസ് സ്റ്റേഷന്‍, വാഴവിള എന്നിവിടങ്ങളില്‍ പുതിയ പാലങ്ങള്‍ പണിതു. എന്നാല്‍, പാലത്തിന്റെ അടിയിലൂടെ പോകുന്ന കൂറ്റന്‍ ജലവിതരണ പൈപ്പുകള്‍ മഴക്കാലത്ത് തോട്ടിലെ ജലമൊഴുക്ക് തടസ്സപ്പെടുത്തുമെന്ന് ഉറപ്പാണ്. ഇത് വെള്ളപ്പൊക്കത്തിന് ഇടയാക്കും. പൈപ്പുകള്‍ ഉയര്‍ത്തി വെക്കണമെന്നാവശ്യമാണ് വ്യാപാരികള്‍ക്കുള്ളത്. പഴയ പൊലീസ് സ്റ്റേഷന്‍ ജങ്ഷനിലെ ആല്‍മരം റോഡ് വികസനത്തിന്റെ ഭാഗമായാണ് മുറിച്ചുമാറ്റിയത്.
എന്നാല്‍, ടാറിടുന്ന ഭാഗവും ഓടയും കഴിഞ്ഞ് മാറിനിന്ന ആല്‍മരം മുറിച്ചു കളഞ്ഞത് നാട്ടുകാരുടെ വിമര്‍ശനത്തിന് ഇടയാക്കി. ഓട എടുത്തപ്പോള്‍ ആല്‍മരത്തിന്റെ കുറ്റി പിഴുത് മാറ്റിയിട്ടില്ല. ഓട പണിതിരിക്കുന്നതും അശാസ്ത്രീയമായാണ്. കൈയേറ്റഭൂമി തിരിച്ചു പിടിച്ച് ശാസ്ത്രീയമായി റോഡ് വികസനം നടത്തണമെന്ന് നാട്ടുകാര്‍ പറയുന്നു. ഇടത്തിട്ട മുതല്‍ ചന്ദനപ്പള്ളി ജങ്ഷന്‍ വരെ പലഭാഗത്തും ഓട പണിതിട്ടില്ല. വേനല്‍മഴയിലെ കുത്തൊഴുക്കില്‍ റോഡ് കവിഞ്ഞാണ് വെള്ളം ഒഴുകിയത്. റോഡ് ഉയര്‍ത്തിയാലും ഇതുതന്നെയാകും സംഭവിക്കുക. പൊന്നെടുത്താംകുഴി ഭാഗത്ത് ഉറവവെള്ളം കെട്ടിക്കിടക്കുന്നതും ഭീഷണിയാണ്.