ഗതാഗത നിയമങ്ങൾ ലംഘിച്ച് ഓവർടേക്കിങ്; മുഖ്യമന്ത്രിയുടെ അകമ്പടി വാഹനങ്ങൾ കൂട്ടിയിടിച്ചു
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ അകമ്പടി വാഹനങ്ങൾ കൂട്ടിയിടിച്ചു. തിരുവനന്തപുരം വാമനപുരം പാർക്ക് ജംഗ്ഷനിലാണ് അപകടമുണ്ടായത്. അഞ്ച് അകമ്പടി വാഹനങ്ങളാണ് കൂട്ടിയിടിച്ചത്. ഇന്ന് വൈകുന്നേരമാണ് അപകമുണ്ടായത്. കോട്ടയത്ത് നിന്ന് തിരുവനന്തപുരത്തേക്ക് വരികയായിരുന്നു മുഖ്യമന്ത്രി. വാമനപുരം പാർക്ക് ജംഗ്ഷനിൽ ഓവർടേക്കിന് നിരോധനമുള്ള ഇരട്ട മഞ്ഞ ലൈനുകളുള്ള വളവിൽ നിയമം ലംഘിച്ചു മുഖ്യമന്ത്രിയുടെ അകമ്പടി വാഹനം മുന്നിലുള്ള വാഹനങ്ങളെ മറികടക്കാൻ ശ്രമിക്കുന്നതിനിടെ സ്‌കൂട്ടർ യാത്രക്കാരിയെ ഇടിക്കാതിരിക്കാൻ ഉടൻ ബ്രേക്ക് ചെയ്തപ്പോഴാണ് അപകടമുണ്ടായത്. സ്‌കൂട്ടർ യാത്രക്കാരി എംസി റോഡിൽ നിന്നും ക്രോസ് ചെയ്ത് ആറ്റിങ്ങലിലേക്ക് തിരിയുമ്പോഴായിരുന്നു സംഭവം. ഇവരെ ഇടിക്കാതിരിക്കാൻ ഒരു എസ്കോർട്ട് വാഹനം പെട്ടെന്ന് നിർത്തുകയായിരുന്നു. ഇതോടെ പിറകിൽ വന്ന വാഹങ്ങളും കൂട്ടിയിടിച്ചു.ഈ വാഹനങ്ങൾ മുഖ്യമന്ത്രിയുടെ വാഹനത്തിന്റെ പിറകിലും ഇടിച്ചു. എന്നാൽ മുഖ്യമന്ത്രി പുറത്തേക്ക് ഇറങ്ങിയില്ല. അതേസമയം, അപകടത്തിൽ ആർക്കും പരിക്കില്ലെന്നാണ് വിവരം. മുഖ്യമന്ത്രി തിരുവനന്തപുരത്തേക്ക് യാത്ര തുടരുകയും ചെയ്തു.