ഒരു സംശയവും വേണ്ട, പൗരത്വ ഭേദഗതി നിയമം റദ്ദാക്കും: പി. ചിദംബരം
തിരുവനന്തപുരം: ഇന്ത്യാ മുന്നണി കേന്ദ്രത്തിൽ സർക്കാർ രൂപീകരിക്കുമെന്നും ആദ്യ പാർലമെന്റ് സമ്മേളനത്തിൽ തന്നെ പൗരത്വ ഭേദഗതി നിയമം റദ്ദാക്കുമെന്നും കോൺഗ്രസ് പ്രവർത്തക സമിതിയംഗവും പ്രകടന പത്രിക രൂപീകരണ സമിതി ചെയർമാനുമായ പി. ചിദംബരം. പൗരത്വ നിയമ ഭേദഗതിയെക്കുറിച്ച് പ്രകടന പത്രികയിൽ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. രാഹുൽ ഗാന്ധിയും ശശി തരൂരും പ്രിയങ്കാഗാന്ധിയും ഉൾപ്പെടെ കോൺഗ്രസിന്റെ നേതാക്കളല്ലാവരും പൗരത്വ നിയമത്തിനെതിരെ പോരാട്ടം നടത്തുന്നതിന്റെ നിരവധി തെളിവുകൾ ഉണ്ടായിട്ടും കേരളത്തിൽ മുഖ്യമന്ത്രി പിണറായി വിജയനും സിപിഎമ്മും ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണ്. ''യാതൊരു സംശയവും വേണ്ട, അധികാരത്തിലെത്തിയാൽ ആദ്യ പാർലമെന്റ് സമ്മേളനത്തിൽ തന്നെ പൗരത്വ നിയമം റദ്ദാക്കുക തന്നെ ചെയ്യും'' - കെപിസിസി മാധ്യമസമിതിയുടെ മുഖാമുഖം പരമ്പരയിൽ പങ്കെടുക്കവേ പി. ചിദംബരം ആവർത്തിച്ചു. ആദ്യഘട്ട വോട്ടെടുപ്പ് കഴിഞ്ഞപ്പോൾ തന്നെ ഇന്ത്യയുടെ തെരഞ്ഞെടുപ്പ് ചിത്രം വ്യക്തമാണ്. നല്ല ഭൂരിപക്ഷത്തോടെ ഇന്ത്യാ മുന്നണി അധികാരത്തിലെത്തും. കോൺഗ്രസിനെയും രാഹുൽഗാന്ധിയെയും വിമർശിക്കുന്ന സിപിഎമ്മിന് അധികാരത്തിലെത്താൻ കഴിയില്ലെന്നിരിക്കെ, ഇടതുപക്ഷത്തിന് വോട്ട് നൽകിയത് കൊണ്ട് എന്തുഗുണം എന്ന് കേരളത്തിലെ വോട്ടർമാർ ചിന്തിക്കണം.