റബ്ബറിന് പി.എം. ഇൻഷുറൻസ്
പ്രധാനമന്ത്രിയുടെ വിള ഇൻഷുറൻസ് സ്കീമിൽ റബ്ബറിനെ ഉൾപ്പെടുത്തുന്നതിന് നിയോഗിച്ച വിദഗ്ധസമിതിയുടെ റിപ്പോർട്ട് റബ്ബർ ബോർഡിന് സമർപ്പിച്ചു. പദ്ധതിക്ക് കേന്ദ്ര വാണിജ്യമന്ത്രാലയം രൂപംനൽകുമ്പോൾ പരിഗണിക്കേണ്ട വിഷയങ്ങളാണ് റിപ്പോർട്ടിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഓരോ ജില്ലകളിലുമുള്ള പ്രാദേശികമായ കാലാവസ്ഥാപ്രശ്നങ്ങളിൽ ഉണ്ടാകാവുന്ന കാർഷികനഷ്ടം പരിഗണിക്കണമെന്നതാണ് മുഖ്യനിർദേശം. ഡിസംബർ 10-ന് കേന്ദ്ര വാണിജ്യമന്ത്രാലയത്തിന്റെ മാർഗ്ഗനിർദേശങ്ങളോടെ നടക്കുന്ന യോഗത്തിൽ അന്തിമതീരുമാനമാകും.
ഇൻഷുറൻസ് കമ്പനികൾ സീസൺ അധിഷ്ഠിതമായി കാര്യങ്ങളെ കാണുന്ന രീതിയിൽ മാറ്റംവരുത്തണം. കാലാവസ്ഥാവ്യതിയാനം വന്നതോടെ വേനൽക്കാലത്തും അപ്രതീക്ഷിത വെള്ളപ്പൊക്കം, മഴക്കാലത്തെ അപ്രതീക്ഷിത വരൾച്ച തുടങ്ങിയ പ്രതിഭാസങ്ങൾ ഉണ്ടാകുന്നു. മണ്ണിടിച്ചിൽ, ഉരുൾപൊട്ടൽ, വെള്ളപ്പൊക്കം, കീടബാധ, രോഗങ്ങൾ എന്നിവയെല്ലാം നഷ്ടപരിഹാരത്തിന് പരിഗണിക്കണം.
• എല്ലാ ചെറുകിട, നാമമാത്ര കർഷകർക്കും പ്രയോജനം കിട്ടണം. മുൻപുണ്ടായിരുന്ന ചില ഇൻഷുറൻസ് പദ്ധതികൾ പ്രീമിയത്തിലെ പ്രശ്നങ്ങൾ കാരണം നിലച്ചുപോയി. എല്ലാവർക്കും പ്രയോജനപ്പെടാൻ പ്രീമിയം തുക കുറയ്ക്കണം.
• ഒരു ഹെക്ടറിന് 1500 രൂപ പ്രീമിയം എന്ന് കർഷകരുടെ പ്രതിനിധികൾ ആവശ്യപ്പെട്ടു. പ്രീമിയം എത്ര കുറയുന്നോ അത്രയും പ്രാതിനിധ്യം വർധിക്കും.
• രണ്ട് കമ്പനികളാണ് താത്പര്യം പ്രകടിപ്പിച്ചത്. ഇവരുടെ ടേംഷീറ്റ് ചർച്ചചെയ്തിരുന്നു. കഴിഞ്ഞദിവസം നടന്ന യോഗത്തിൽ പ്രീമിയത്തിൽ ഇനിയും ചർച്ചയാകാമെന്ന് അവർ അറിയിച്ചിരുന്നു.
• അതത് പഞ്ചായത്തുമായി ബന്ധപ്പെട്ട കാലാവസ്ഥാനിലയത്തിൽ ഇൻഷുറൻസ് കാലയളവിൽ രേഖപ്പെടുത്തുന്ന കാലാവസ്ഥാ ഡേറ്റ അനുസരിച്ചാകണം നഷ്ടപരിഹാരം നൽകേണ്ടത്.
• 72 മണിക്കൂറിനുള്ളിൽ നാശവിവരം കൃഷിക്കാർ ഇൻഷുറൻസ് കമ്പനിയെ അല്ലെങ്കിൽ സംസ്ഥാനത്ത് ഇത് നടപ്പാക്കുന്ന ഏജൻസിയെ അറിയിക്കണം. ഇൻഷുറൻസ് കമ്പനി പ്രതിനിധി നഷ്ടം തിട്ടപ്പെടുത്തും
• അഗ്രിക്കൾച്ചറൽ ഇൻഷുറൻസ് കമ്പനി തയ്യാറാക്കിയ നിബന്ധനകൾ കേരളത്തിന് യോജ്യമാണെന്ന് സംസ്ഥാന കൃഷിവകുപ്പ് അറിയിച്ചു. കമ്പനിയുടെ ടേം ഷീറ്റും അംഗീകരിച്ചിട്ടുണ്ട്.