പി.വി. അന്‍വറിന്റെ ആരോപണം: മുഖ്യമന്ത്രി ഡി.ജി.പിയുമായി കൂടിക്കാഴ്ച നടത്തി
കോട്ടയം: പി.വി. അന്‍വര്‍ എം.എല്‍.എ പൊലീസിനെതിരെ ഉന്നയിച്ച ഗുരുതര ആരോപണങ്ങളുടെ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഡി.ജി.പി ഷെയ്ഖ് ദര്‍വേശ് സാഹിബുമായി കൂടിക്കാഴ്ച നടത്തി. കോട്ടയം നാട്ടകം ഗസ്റ്റ്ഹൗസില്‍വെച്ചാണ് ഡി.ജി.പി മുഖ്യമന്ത്രിയെ കണ്ടത്. ആരോപണങ്ങളുടെ പശ്ചാത്തലത്തില്‍ എന്ത് നടപടിയുണ്ടാകുമെന്നാണ് രാഷ്ട്രീയ കേന്ദ്രങ്ങള്‍ ഉറ്റുനോക്കുന്നത്.
പൊലീസ് സേനയിലെ ഉന്നതരെക്കുറിച്ചുള്ള പി.വി. അന്‍വര്‍ എം.എല്‍.എ.യുടെ വെളിപ്പെടുത്തലുകള്‍ക്ക് പിന്നാലെ ഇന്നലെ തന്നെ മുഖ്യമന്ത്രി ഡി.ജി.പിയോട് റിപ്പോര്‍ട്ട് തേടിയതായി സൂചനയുണ്ടായിരുന്നു. ഞായറാഴ്ച വൈകീട്ട് ചേര്‍ന്ന ഐ.പി.എസ് ഉദ്യോഗസ്ഥരുടെ അടിയന്തര യോഗത്തില്‍ മുഖ്യമന്ത്രിക്ക് നല്‍കേണ്ട റിപ്പോര്‍ട്ടിനെക്കുറിച്ച് ചര്‍ച്ച നടന്നതായാണ് സൂചന.
മലപ്പുറം ജില്ല പൊലീസ് മേധാവിയില്‍ തുടങ്ങി, സംസ്ഥാന പൊലീസ് സേനയുടെ അത്യുന്നതങ്ങളേയും ആഭ്യന്തര വകുപ്പ് നിയന്ത്രിക്കുന്ന മുഖ്യമന്ത്രിയുടെ ഓഫിസിനെയും ഗുരുതര ആരോപണത്തില്‍ ഞെട്ടിച്ചാണ് പി.വി അന്‍വറിന്റെ അസാധാരണ നീക്കമുണ്ടായത്. പൊലീസ് എ.ഡി.ജി.പി അജിത് കുമാറിനെതിരെ കൊലപാതകമടക്കമുള്ള അതീവ ഗുരുതര കുറ്റങ്ങള്‍ ആരോപിച്ച അന്‍വര്‍, എ.ഡി.ജി.പിയെ നിയന്ത്രിക്കുന്നതില്‍ മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി.ശശി പരാജയമാണെന്നും വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചതോടെ സംസ്ഥാന സര്‍ക്കാറും സി.പി.എമ്മും അമ്പരപ്പിലായിരുന്നു.
സംസ്ഥാന പൊലീസ് സംവിധാനത്തെ നിരീക്ഷിച്ച് വിലയിരുത്തി വേണ്ട നടപടി സ്വീകരിക്കേണ്ട ചുമതലയുള്ള ശശി വലിയ പരാജയം നേരിട്ടെന്നാണ് അന്‍വറിന്റെ പ്രധാന ആരോപണം. പരാതികളില്ലാതെ ചുമതല നിര്‍വഹിക്കാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് പാര്‍ട്ടി ശശിയെ പൊളിറ്റിക്കല്‍ സെക്രട്ടറിയായി നിയോഗിച്ചതെന്നും എന്നിട്ടും പരാജയപ്പെട്ടിട്ടുണ്ടെങ്കില്‍ പാര്‍ട്ടി വിലയിരുത്തി നടപടിയെടുക്കട്ടേയെന്നും അന്‍വര്‍ പറഞ്ഞു. മുഖ്യമന്ത്രിയെ താന്‍ പിതാവിന്റെ സ്ഥാനത്താണ് താന്‍ കാണുന്നതെന്നും അദ്ദേഹത്തിന് പാരവെക്കാനുള്ള ശ്രമം നടക്കുന്നുണ്ടെന്നും മകനെന്ന നിലയില്‍ അത് തടയാന്‍ താന്‍ ബാധ്യതനാണെന്നും എം.എല്‍.എ പറയുന്നു.
എസ്.പിയായിരിക്കെ ഔദ്യോഗിക വസതിയിലെ ഓഫിസില്‍നിന്ന് മരങ്ങള്‍ മുറിച്ചുകടത്തിയെന്ന തനിക്കെതിരായ പരാതി പിന്‍വലിക്കണമെന്ന് ആവശ്യപ്പെടുന്ന പത്തനംതിട്ട എസ്.പി സുജിത് ദാസിന്റെ ഫോണ്‍ സംഭാഷണത്തിലെ കൂടുതല്‍ ഭാഗങ്ങള്‍ പുറത്തുവിട്ടാണ് അന്‍വര്‍ ഇന്നലെ ആരോപണങ്ങള്‍ ഉന്നയിച്ചത്. ''നിലവില്‍ മുഖ്യമന്ത്രിയോട് ഒന്നും നേരിട്ട് പറഞ്ഞിട്ടില്ല. എല്ലാം കലങ്ങി തെളിയുമ്പോള്‍ നേരിട്ടെത്തി വിശദവിവരങ്ങള്‍ ധരിപ്പിക്കും. പ്രത്യേക സംഘത്തെ നിയോഗിച്ച് അന്വേഷിക്കാന്‍ ആവശ്യപ്പെടും'' -അന്‍വര്‍ പറഞ്ഞു.