പെയ്ഡ് ന്യൂസ് സമ്പ്രദായം സജീവം:
ചെറിയാൻ ഫിലിപ്പ്
തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പു വന്നതോടെ പെയ്ഡ് ന്യൂസ് സമ്പ്രദായം കേരളത്തിൽ സജീവമാണെന്ന് കെ.പി.സി.സി മാധ്യമ സമിതി അദ്ധ്യക്ഷൻ ചെറിയാൻ ഫിലിപ്പ്
തെരഞ്ഞെടുപ്പ് കമ്മീഷൻ നിബന്ധനകൾ ലംഘിച്ചു കൊണ്ടാണ് രാഷ്ട്രീയ കക്ഷികൾ, സ്ഥാനാർത്ഥികൾ എന്നിവരുടെ കയ്യിൽ നിന്നും പണം വാങ്ങി ചില മാധ്യമങ്ങൾ വ്യാജ വാർത്തകൾ പ്രചരിപ്പിക്കുന്നത്. സ്ഥാനാർത്ഥികളുടെ വിജയ പരാജയങ്ങൾ പ്രവചിക്കുന്ന വാർത്തകൾ ചില മാധ്യമങ്ങൾ തുടർച്ചയായി നൽകി വരുന്നത് തെരഞ്ഞെടുപ്പ് അഴിമതിയാണ്. സർവേകളിൽ പലതും പെയ്ഡ് ന്യൂസിന്റെ ഭാഗമാണ്.
ചില സാമൂഹ്യ മാധ്യമങ്ങൾ പണം നൽകിയ സ്ഥാനാർത്ഥികളെ പ്രകീർത്തിക്കുകയും എതിരാളികളെ അപകീർത്തിപ്പെടുത്തുന്ന കള്ളക്കഥകൾ പ്രചരിപ്പിക്കുകയും ചെയ്യുന്നത് സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരമാണ്. വ്യാജ വാർത്തകൾ നൽകുന്ന മാധ്യമങ്ങൾക്കെതിരെ നിയമ നടപടികൾ സ്വീകരിക്കും.
തെഞ്ഞെടുപ്പ് പ്രഖ്യാപന ദിവസം വരെ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ വൻ തുക മുടക്കി മാധ്യമങ്ങളിലൂടെ പരസ്യങ്ങൾ മുഖേന സർക്കാർ അനുകൂല പ്രചരണം നടത്തിയിരുന്നു. മാനദണ്ഡ രഹിതമായാണ് തങ്ങളെ അനുകൂലിക്കുന്ന മാധ്യമങ്ങൾക്ക് കേന്ദ്ര-സംസ്ഥാന സർക്കാരുകൾ കൂടുതൽ പരസ്യങ്ങൾ നൽകിയത്. ദൂരദർശനും ആകാശവാണിയും ബി.ജെ.പി അനുകൂല വാർത്തകളാണ് ഇപ്പോഴും നൽകുന്നത്.
എൻ.ഡി എഫ് സർക്കാരിന്റെ നേട്ടങ്ങൾ വിവരിക്കുന്ന പി.ആർ.ഡി ലഘുലേഖകളും , മുഖ്യമന്തിയുടെ പ്രസംഗസമാഹാരവും വോട്ടർമാർക്കിടയിൽ ഇപ്പോഴും വിതരണം ചെയ്തു കൊണ്ടിരിക്കുന്നത് ഭരണ ദുർവിനിയോഗമാണ്