പാലാ നഗരസഭ സ്റ്റേഡിയത്തിലെ സിന്തറ്റിക് ട്രാക്കിന് ഏഴുകോടി അനുവദിച്ചു
കോട്ടയം: പാലാ നഗരസഭ സ്റ്റേഡിയത്തിലെ സിന്തറ്റിക് ട്രാക്ക് നവീകരണത്തിനായി ഏഴുകോടി രൂപ അനുവദിച്ചതായി മാണി സി.കാപ്പൻ എംഎൽഎ. നൂറുക്കണക്കിന് കായികതാരങ്ങളെ വളർത്തിയ നഗരസഭ സ്റ്റേഡിയത്തിന്റെ നവീകരണം ആവശ്യപ്പെട്ടുകൊണ്ട് മുഖ്യമന്ത്രിയുടെ നവകേരള സദസിൽ ഉൾപ്പെടെ നിരവധി പരാതി നൽകുകയും ജില്ലാ കളക്ടറെ രേഖാമൂലം അറിയിച്ചതിനെയും തുടർന്നാണ് നഗരസഭാ സ്റ്റേഡിയത്തിന്റെ ശോചനീയാവസ്ഥയിൽ നിന്നും മോചനം ലഭിച്ചത്.
കായികരംഗത്ത് അനന്ത സാദ്ധ്യതകളുള്ള ഈ പ്രദേശത്തു നിന്ന് പ്രഗത്ഭരായ താരങ്ങൾ വളർന്നു വരുന്നതിനുള്ള സാഹചര്യമൊരുക്കുന്നതിനാണ് സിന്തറ്റിക് ട്രാക്ക് പുനരുദ്ധാരണത്തിന് ശുപാർശ നൽകിയതെന്ന് മാണി സി.കാപ്പൻ എംഎൽഎ പറഞ്ഞു. കോട്ടയം ജില്ലയിലെ ഏക സിന്തറ്റിക് ട്രാക്ക് പ്രളയത്തിൽ നശിച്ചു പോയിരുന്നു . ശരിയായ രീതിയിൽ പരിപാലിക്കാത്തതിനാൽ സ്റ്റേഡിയം നശിക്കുന്നത് സംബന്ധിച്ചും പ്രതിഷേധമുയർന്നിരുന്നു. സിന്തറ്റിക് ട്രാക്കിൻ്റെ നവീകരണത്തിന് മുൻകൈ എടുത്ത എം.എൽ.എയെ വിവിധ കായിക സംഘടനാ ഭാരവാഹികൾ അഭിനന്ദിച്ചു.