പാലക്കാട് ബിജെപി-സിപിഎം കൂട്ടുകെട്ട്; കെ.സി വേണുഗോപാൽ
പാലക്കാട്: യുഡിഎഫ് സ്ഥാനാർത്ഥി രാഹുൽ മാങ്കൂട്ടത്തിൽ മികച്ച ഭൂരിപക്ഷത്തിൽ വിജയിക്കുമെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ എംപി. പാലക്കാട്ടെ എല്ലാ വിഭാഗം ജനങ്ങളും രാഹുലിനെ നെഞ്ചിലേറ്റിയിരിക്കുന്നു. മണ്ഡലത്തിൽ സിപിഎം- ബിജെപി കൂട്ടുകെട്ട് ഉണ്ടെന്നത് യാഥാർത്ഥ്യമാണെന്നും അദ്ദേഹം പാലക്കാട് മാധ്യമങ്ങളോട് പറഞ്ഞു.
കേരളം ഇന്നുവരെ കാണാത്ത ജീർണിച്ച കൂട്ടുകെട്ടാണ് പാലക്കാട് സിപിഎം ബിജെപിയുമായി നടത്തുന്നത്. ബിജെപി ഏതു വിധേനയും വിജയിക്കുന്നതിനുള്ള സാഹചര്യം സിപിഎം ആണ് ഒരുക്കുന്നതെന്നും കെസി കുറ്റപ്പെടുത്തി . ബിജെപി വിരുദ്ധ രാഷ്ട്രീയം പറയാതെ കോൺഗ്രസ് വിരുദ്ധ കാര്യങ്ങളാണ് സിപിഎം മുന്നോട്ട് വെക്കുന്നത്. മണ്ഡലത്തിൽ മുഖ്യമന്ത്രി വന്നിട്ടും പറഞ്ഞത് അത്തരത്തിലുള്ള പ്രസ്താവനകളാണ്. രാജ്യത്ത് മറ്റിടങ്ങളിൽ സിപിഎം ഇന്ത്യ മുന്നണിക്കൊപ്പം ഉറച്ചുനിൽക്കുന്നു. എന്നാൽ പിണറായി വിജയനും കേരളത്തിലെ സിപിഎമ്മും ബിജെപിക്ക് വേണ്ടി നിലകൊള്ളുന്നുവെന്നും അദ്ദേഹം പറഞ്ഞു.
മണിപ്പൂരിലെ ഭീകരമായ സാഹചര്യം രാജ്യം കാണുന്നതാണ്. മണിപ്പൂരിലെ രണ്ട് എംപിമാരും തന്നോട് വിഷമം പങ്കുവെക്കാറുണ്ട്. മണിപ്പൂർ ബിജെപിക്ക് കേവലം വോട്ട് ബാങ്ക് മാത്രമാണ്. അതിനപ്പുറം യാതൊരു ആത്മാർത്ഥതയും അവിടുത്തെ ജനങ്ങളോട് ബിജെപിക്കും സർക്കാരിനും ഇല്ലെന്നും അദ്ദേഹംപറഞ്ഞു. കേരളം മണിപ്പൂരാക്കാനുള്ള കൊട്ടേഷൻ ബിജെപി നൽകി കഴിഞ്ഞു. അതിനുള്ള സാഹചര്യം ഒരുക്കുകയാണ് സിപിഎം. മുനമ്പം വിഷയം ആളിക്കത്തിക്കുവാനുള്ള ശ്രമമാണ് ബിജെപി നടത്തുന്നത്. മുനമ്പം ബിജെപിക്ക് സുവർണ്ണ അവസരമാക്കാനുള്ള സാഹചര്യമാണ് പിണറായി ഒരുക്കുന്നത്. പാണക്കാട് തങ്ങൾ വഖഫ് വിഷയത്തിൽ സമാധാന ഇടപെടൽ നടത്തിയ ഒരാളാണ്. വിഷയത്തിൽ അദ്ദേഹം തീ അണയ്ക്കുവാൻ ശ്രമിച്ചപ്പോൾ ഒറ്റതിരിഞ്ഞ് ആക്രമിക്കുന്ന നിലപാടാണ് പിണറായി വിജയൻ സ്വീകരിക്കുന്നതെന്നും തിരഞ്ഞെടുപ്പ് പ്രചാരണം അവസാനിക്കാനിരിക്കെ മുഖ്യമന്ത്രി തങ്ങളെ ഒറ്റതിരിഞ്ഞ് ആക്രമിക്കുന്നുവെന്നും കെസി വേണുഗോപാൽ കുറ്റപ്പെടുത്തി. .
ഉപതെരഞ്ഞെടുപ്പ് പ്രചാരണം ആരംഭിച്ചപ്പോൾ മുതൽക്കെ കോൺഗ്രസിനെയും യുഡിഎഫിനെയും പ്രതിക്കൂട്ടിൽ ആക്കുവാനാണ് പിണറായി വിജയൻ ശ്രമിക്കുന്നത്. ഇഎംഎസും നയനാരും ഒക്കെ ഉണ്ടായിരുന്നുവെങ്കിൽ ഇത് നടക്കില്ല പിണറായി വിജയൻ കോൺഗ്രസിനെ കുഴിച്ചുമൂടുവാൻ ശ്രമിക്കുന്നത് ബിജെപിക്ക് വേണ്ടിയാണ്. വർഗീയതയുടെ കൊട്ടേഷൻ സിപിഎം ഏറ്റെടുത്തിരിക്കുന്നു. സന്ദീപ് വാര്യർ വിഷയത്തിൽ മുഖ്യമന്ത്രിക്കുള്ള ഏറ്റവും മികച്ച മറുപടി ഒകെ വാസുവിന്റെ കാര്യമാണ്. വർഗീയത ഉപേക്ഷിച്ച് മതേതര നിലപാട് സ്വീകരിക്കുന്നവരെ കോൺഗ്രസ് സ്വീകരിക്കും കെ.സി വേണുഗോപാൽ പറഞ്ഞു. കള്ളപ്പണ ആരോപണം യുഡിഎഫിനെതിരെ ഉന്നയിക്കുന്നത് ചിലരുടെ ഇടപാടുകൾ മറയ്ക്കുവാൻ വേണ്ടിയാണ്. അങ്ങനെ ആരെങ്കിലും ആയി ഡീൽ വെക്കുന്ന പാർട്ടിയല്ല കോൺഗ്രസ്. ആർക്കാണ് അത്തരം ഇടപാടുകൾ എന്ന് എല്ലാവർക്കും അറിയുന്നതാണ്. യുഡിഎഫും ബിജെപിയും തമ്മിലാണ് പാലക്കാട് മത്സരം. ആ മത്സരത്തിൽ വർഗീയതയെ പരാജയപ്പെടുത്തി മതേതര ഐക്യമുന്നണി വിജയിക്കുക തന്നെ ചെയ്യുമെന്നും കെസി വേണുഗോപാൽ വ്യക്തമാക്കി.