Kerala | ThiruvananthapuramWayanadErnakulamIdukkiThrissur
National
Global | Kuwait
TechnologySportsEducationAgricultureEntertainmentFeatured
Advertisement

പാലക്കാട് വാഹനാപകടം: അമിത വേഗതയിലായിരുന്ന കാറില്‍ നിന്നും മദ്യക്കുപ്പികള്‍ കണ്ടെടുത്തതായി പൊലീസ്

11:22 AM Oct 23, 2024 IST | Online Desk
Advertisement

പാലക്കാട്: പാലക്കാട് കല്ലടിക്കോട് കാറും ലോറിയും കൂട്ടിയിടിച്ച് അഞ്ച് പേര്‍ മരിച്ച സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. അപകടത്തില്‍പ്പെട്ട കാര്‍ അമിത വേഗതയിലായിരുന്നുവെന്ന് കല്ലടിക്കോട് സിഐ എം. ഷഹീര്‍. തെറ്റായ ദിശയിലെത്തി കാര്‍ ലോറിയില്‍ ഇടിച്ചു കയറുകയായിരുന്നു. കാറില്‍ നിന്ന് മദ്യക്കുപ്പികള്‍ കണ്ടെടുത്തതായും അന്വേഷണം തുടങ്ങിയതായും സിഐ വ്യക്തമാക്കി. കാര്‍ യാത്രികര്‍ മദ്യപിച്ചിരുന്നോ എന്ന കാര്യം പരിശോധിക്കുമെന്നും എം.ഷഹീര്‍ പറഞ്ഞു.കാറിന്റെ അമിത വേഗതയാണ് അപകടത്തിന് കാരണമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.

Advertisement

എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. സിസിടിവി ദൃശ്യങ്ങള്‍ ഉള്‍പ്പെടെ പരിശോധിച്ചാലെ അപകടത്തിന്റെ യഥാര്‍ത്ഥ കാരണം വ്യക്തമാകുകയുള്ളു. അപകടത്തില്‍പ്പെട്ട ലോറിയുടെ ഡ്രൈവറെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. സിസിടിവി ദൃശ്യങ്ങള്‍ ഉള്‍പ്പെടെ ശേഖരിച്ച് വരുകയാണ്. കാറില്‍ നിന്ന് മദ്യമുള്ള കുപ്പികളും ഒഴിഞ്ഞ കുപ്പികളും കണ്ടെടുത്തിട്ടുണ്ട്. ഫയര്‍ഫോഴ്‌സും പൊലീസും ചേര്‍ന്ന് ഏറെ ശ്രമകരമായാണ് കാര്‍ വലിച്ച് പുറത്തെടുത്തത്. രാവിലെയോടെ ഇന്‍ക്വസ്റ്റ് നടപടികള്‍ ആരംഭിക്കുമെന്നും സിഐ പറഞ്ഞു.

അതേസമയം, അപകടത്തില്‍പ്പെട്ടവരില്‍ ഒരാള്‍ മടിയില്‍ കിടന്നാണ് മരിച്ചതെന്ന് രക്ഷാപ്രവര്‍ത്തനം നടത്തിയ യുവാക്കള്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. കല്ലടിക്കോട് നിന്ന് പൊലീസ് ജീപ്പില്‍ ആശുപത്രിയിലെത്തിക്കവേ മുണ്ടൂര്‍ കഴിഞ്ഞാണ് ഇയാള്‍ മരിച്ചതെന്നും രക്ഷാപ്രവര്‍ത്തനത്തില്‍ നാട്ടുകാരും ആ വഴി കടന്നുപോയ കെഎസ്ആര്‍ടിസി ബസിലെ യാത്രക്കാരുമെല്ലാം പങ്കാളികളായെന്നും ഏറെ ശ്രമകരമായാണ് കാറില്‍ നിന്ന് അപകടത്തില്‍പ്പെട്ടവരെ പുറത്തെടുത്തതെന്നും രക്ഷാപ്രവര്‍ത്തനം നടത്തിയ യുവാക്കള്‍ വ്യക്തമാക്കി.

ഇന്നലെ രാത്രി 10.30ഓടെയാണ് പാലക്കാട് കല്ലടിക്കോട് വെച്ച് ലോറിയിലേക്ക് കാര്‍ ഇടിച്ചുകയറി അപകടമുണ്ടായത്. അയ്യപ്പന്‍കാവിന് സമീപം കോഴിക്കോട് നിന്ന് ചെന്നൈയിലേക്ക് പോകുകയായിരുന്ന ലോറിയിലേക്ക് ഇടിച്ചുകയറുകയായിരുന്നു. അപകടത്തില്‍ മരിച്ച അഞ്ചുപേരെയും തിരിച്ചറിഞ്ഞു. ഇന്നലെ നാലുപേരെയാണ് തിരിച്ചറിഞ്ഞത്. പാലക്കാട് തച്ചമ്പാറ സ്വദേശി മഹേഷ് ആണ് മരിച്ച അഞ്ചാമത്തെയാള്‍. കോങ്ങാട് സ്വദേശികളായ വിഷ്ണു, വിജീഷ്, രമേഷ്, മണിക്കശ്ശേരി സ്വദേശി മുഹമ്മദ് അഫ്‌സല്‍ എന്നിവരാണ് മരിച്ച മറ്റു നാലുപേര്‍.

മൃതദേഹം ജില്ലാ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. ലോറി ഡ്രൈവര്‍ വിഗ്‌നേഷിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. അപകടത്തില്‍ പൂര്‍ണമായും തകര്‍ന്ന കാര്‍ വെട്ടിപ്പൊളിച്ചാണ് യാത്രക്കാരെ പുറത്തെടുത്തത്. കാര്‍ അമിത വേ?ഗത്തിലായിരുന്നുവെന്നാണ് ദൃക്‌സാക്ഷികള്‍ പറയുന്നത്. ലോറിയിലേക്ക് കാര്‍ വന്ന് ഇടിക്കുകയായിരുന്നുവെന്നും സംഭവം കണ്ടവര്‍ വിശദീകരിക്കുന്നുണ്ട്. കെ എല്‍ 55 എച്ച് 3465 എന്ന മാരുതി സ്വിഫ്റ്റ് കാറാണ് അപകടത്തില്‍പ്പെട്ടത്. മൃതദേഹങ്ങള്‍ പാലക്കാട്ട് ജില്ലാ ആശുപത്രി മോര്‍ച്ചറിയിലാണ്. കല്ലടിക്കോട് വാഹന അപകടത്തിന്റെ പശ്ചാത്തലത്തില്‍ യുഡിഎഫും എല്‍ഡിഎഫും തെരഞ്ഞെടുപ്പ് പരിപാടികള്‍ ഇന്ന് ഉച്ചവരെ റദ്ദാക്കിയിട്ടുണ്ട്.

Tags :
keralanews
Advertisement
Next Article