കാഫിർ സ്ക്രീൻഷോട്ടിന്റെ പ്രിന്റഡ് വേർഷനാണ് ഇന്ന് പാലക്കാട് സിപിഎം ഇറക്കിയിരിക്കുന്നത്; രാഹുൽ മാങ്കൂട്ടത്തിൽ
പാലക്കാട്: എൽഡിഎഫിന്റെ വിവാദ വർഗീയ പത്ര പരസ്യത്തിൽ രൂക്ഷവിമർശനവുമായി യുഡിഎഫ് സ്ഥാനാർത്ഥി രാഹുൽ മാങ്കൂട്ടത്തിൽ. എന്തിണ് രണ്ടു പത്രങ്ങളിൽ മാത്രം ഒരു പരസ്യം നൽകിയത്. അതിൽ നിന്ന് തന്നെ ദുരുദ്ദേശം വ്യക്തമാണ്. മതന്യൂനപക്ഷങ്ങളെ പറ്റിയുള്ള സിപിഎമ്മിന്റെ ധാരണ എന്താണ്. ഏതെങ്കിലും ഒരു പത്രവാർത്തയുടെ പേരിൽ അതി വൈകാരികമായി പ്രതികരിക്കുന്ന വിഭാഗമാണ് അവരെന്ന ധാരണയാണോ സിപിഎമ്മിനെന്നും രാഹുൽ ചോദിച്ചു. അവരുടെ രാഷ്ട്രീയ വിദ്യാഭ്യാസത്തെ സിപിഎം ചോദ്യം ചെയ്യുകയാണോ. ഒരാൾ സംഘപരിവാർ വിട്ട് മതേതര ചേരിയിൽ ഭാഗമായതിൽ സിപിഎമ്മിന് എന്തിനാണ് അസ്വസ്ഥത രാഹുൽ ചോദിച്ചു. ഒകെ വാസു സംഘപരിവാർവിട്ട് സിപിഎമ്മിൽ ചേർന്നപ്പോൾ ഇങ്ങനെയായിരുന്നോ അവരുടെ സമീപനം. ഒരു വർഗീയ പ്രസ്ഥാനം വിട്ടു മതേതര ചേരിയുടെ ഭാഗമായി ഒരാൾ മാറുന്നതിൽ സന്തോഷിക്കുകയല്ലേ വേണ്ടത്. അതിൽ ദുഃഖിക്കുന്നവർ സംഘപരിവാറുകാരാണ്. സംഘപരിവാർ മനസ്സാണ് കേരളത്തിലെ സിപിഎമ്മിനെന്നും. അതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് ഈ പരസ്യം രാഹുൽ ആരോപിച്ചു.
ആ പരസ്യത്തിലെ പ്രധാനപ്പെട്ട ഒരു ഭാഗം പൗരത്വ ഭേദഗതിയുമായി ബന്ധപ്പെട്ടതാണ്. രാജ്യത്ത് പൗരത്വ ഭേദഗതിക്കെതിരെ സമരം നടന്നതുമായി ബന്ധപ്പെട്ട് കേസെടുക്കപ്പെട്ട, ഇപ്പോഴും നിയമനടപടികൾ തുടരുന്ന രണ്ട് സംസ്ഥാനങ്ങളാണ്പ്രധാനമായും ഉള്ളത്. അതിൽ ഒന്നിന്റെ മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, രണ്ടാമത്തേത് പിണറായി വിജയനാണ്. പൗരത്വ ഭേദഗതിയുമായി ബന്ധപ്പെട്ട കേസുകൾ എടുത്തിട്ട് ചില്ലറ ഉളുപ്പൊന്നുമല്ല സിപിഎമ്മിന് ഇപ്പോൾ ഇങ്ങനെ പ്രതികരിക്കുവാൻ ഉള്ളത്. മലപ്പുറം മേഖലയിൽ സിപിഎം പച്ചക്കൊടി ഉപയോഗിക്കാറുണ്ട്. എന്തൊരു ജീർണിച്ച മനസ്സാണ് കേരളത്തിലെ സിപിഎമ്മിനെ നയിക്കുന്നതെന്നും രാഹുൽ ചോദിച്ചു. മുസ്ലിം ജനവിഭാഗങ്ങളുടെ രാഷ്ട്രീയ വിദ്യാഭ്യാസത്തെ സംബന്ധിച്ച ധാരണ ഇപ്പോഴും സിപിഎമ്മിന് ഇല്ല. ഇവരുടെ ഏതു പ്രീണനത്തിനും ഈ നാട്ടിലെ ജനങ്ങൾ നിന്നു കൊടുക്കുകയില്ല. കാഫിർ സ്ക്രീൻഷോട്ടിന്റെ പ്രിന്റഡ് വേർഷനാണ് ഇന്ന് പാലക്കാട് സിപിഎം ഇറക്കിയിരിക്കുന്നതെന്നും രാഹുൽ പറഞ്ഞു.
എട്ടുവർഷമായി ഭരണത്തിലുള്ള സർക്കാരിന് യാതൊരു വികസന നേട്ടങ്ങളും ഉയർത്തിക്കാട്ടുവാനില്ല. മറിച്ച് പച്ചയ്ക്ക് വർഗീയത പറയുവാനാണ് സിപിഎം ശ്രമിക്കുന്നത്. പാലക്കാട് പിണറായി വിജയൻ വന്നത് ബിജെപിയെ തോൽപ്പിക്കുവാൻ അല്ല, മറിച്ച് പാണക്കാട്ടെ തങ്ങൾക്കെതിരെ സംസാരിക്കാനാണ്. മറ്റുപത്രങ്ങളിൽ നൽകിയ പരസ്യവും ഈ പരസ്യങ്ങളുമായി വ്യത്യാസമുണ്ട്. ഇതിൽ നിന്നുതന്നെ ദുരുദ്ദേശം വ്യക്തമാണ്. ഇതെല്ലാം പാലക്കാട് ജനത കൃത്യമായി വിലയിരുത്തും. സന്ദീപ് കോൺഗ്രസിലേക്ക് വന്നതിൽ ഈ നാട്ടിലെ ന്യൂനപക്ഷങ്ങൾക്ക് യാതൊരു ആശങ്കയുമില്ല. ആശങ്ക ഉള്ളത് കെ സുരേന്ദ്രനും സിപിഎമ്മിനും മാത്രമാണ്. ആർഎസ്എസ് ശക്തിപ്പെടണമെന്ന് സുരേന്ദ്രൻ ആഗ്രഹിക്കുന്നതിൽ തെറ്റില്ല. എന്നാൽ സിപിഎം നേതാക്കൾ എന്തിനാണ് ആഗ്രഹിക്കുന്നതെന്നും രാഹുൽ ചോദിച്ചു.