പാലക്കാട്ടെ തോല്‍വി: അദ്ധ്യക്ഷ പദവി ഒഴിയാന്‍ സന്നദ്ധത അറിയിച്ച് കെ സുരേന്ദ്രന്‍
കോഴിക്കോട്: പാലക്കാട്ടെ തോല്‍വിയുടെയും വോട്ട് ചോര്‍ച്ചയുടെയും ഉത്തരവാദിത്വം ഏറ്റെടുത്ത് ബി.ജെ.പി സ്ഥാന അധ്യക്ഷ സ്ഥാനം ഒഴിയാന്‍ കെ. സുരേന്ദ്രന്‍ സന്നദ്ധത അറിയിച്ചായി സൂചന. ദേശീയ പ്രസിഡന്റ് ജെപി നദ്ധ, സംഘടന ജനറല്‍ സെക്രട്ടറി ബി.എല്‍. സന്തോഷ് എന്നിവരെയാണ് രാജി സന്നദ്ധത അറിയിച്ചത്. പരാജയത്തിന്റെ ധാര്‍മിക ഉത്തരവാദിത്വം ഏറ്റെടുക്കുന്നു എന്ന് കേന്ദ്ര നേതൃത്വത്തെ കെ. സുരേന്ദ്രന്‍ അറിയിച്ചിരിക്കയാണ്. പാലക്കാട് ഉപതെരഞ്ഞെടുപ്പിലെ പരാജയ കാരണം നേരിട്ട് അന്വേഷിക്കണമെന്നാണ് ദേശീയ നേതൃത്വത്തോട് സുരേന്ദ്രന്‍ ആവശ്യപ്പെട്ടിരിക്കുന്നത്.
വിജയം ഉറപ്പിച്ച പാലക്കാട് പരാജയത്തിന് പുറമേ വോട്ട് കുറഞ്ഞതും ബി.ജെ.പി കേന്ദ്രങ്ങളില്‍ ഞെട്ടലുണ്ടാക്കിയിരിക്കുകയാണ്. 2021ലെ നിയമസഭാ തിരഞ്ഞെടുപ്പ് വെച്ച് താരതമ്യം ചെയ്യുമ്പോള്‍ 7066 വോട്ടുകളാണ് പാലക്കാട് നഗരസഭയില്‍ ബി.ജെ.പിക്ക് കുറഞ്ഞത്. ബി.ജെ.പി ഭരിക്കുന്ന പാലക്കാട് നഗരസഭയിലും ബി.ജെ.പിക്ക് വോട്ട് കുറഞ്ഞിരുന്നു.
പാലക്കാട് ഉപതെരഞ്ഞെടുപ്പിലെ തോല്‍വിയുടെ പേരില്‍ ബി.ജെ.പിയില്‍ കെ. സുരേന്ദ്രനെതിരെ പടയൊരുക്കം ആരംഭിച്ചിരിക്കുകയാണ്. അടിയന്തര കോര്‍കമ്മിറ്റി വിളിക്കണമെന്ന് ആവശ്യപ്പെട്ട് പി.കെ. കൃഷ്ണദാസ് പക്ഷവും രംഗത്തെത്തിയിരുന്നു. പരാജയത്തില്‍ കെ. സുരേന്ദ്രനെ, വി. മുരളീധരനും കൈവിട്ടിരുന്നു. കെ. സുരേന്ദ്രനും വി. മുരളീധരനും തമ്മില്‍ കുറച്ചുനാളായി അകല്‍ച്ചയിലാണ്.
സുരേന്ദ്രനെതിരായ നീക്കങ്ങള്‍ക്ക് വി. മുരളീധരന്‍ നിശബ്ദ പിന്തുണ നല്‍കുന്നതായാണ് സൂചന. തനിക്കെതിരെയുണ്ടാകാനിടയുള്ള ചര്‍ച്ചകള്‍ അവസാനിപ്പിക്കാനാണ് സുരേന്ദ്രന്‍ രാജി സന്നദ്ധത അറിയിച്ചതിന് പിന്നിലെന്ന് പറയുന്നവരും ഏറെയാണ്. ശോഭാസുരേന്ദ്രനും അനുകൂലികളും പാലക്കാട് പാലം വലിച്ചതായാണ് സുരേന്ദ്രന്‍ വിഭാഗം മുന്നോട്ട് വെക്കുന്നത്.
പാലക്കാട്ടെ പരാജയത്തിന് പിന്നില്‍ സംസ്ഥാന അധ്യക്ഷനെതിരായ നീക്കം കൂടിയാണെന്ന വാദമാണ് സുരേന്ദ്രന്‍ പക്ഷപാതികള്‍ പറയുന്നത്. പാലക്കാട്ടെ തോല്‍വി ബി.ജെ.പി കേരള ഘടകത്തില്‍ നാളിതുവരെ ഇല്ലാത്ത തര്‍ക്കത്തിന് തിരികൊളുത്തി കഴിഞ്ഞു.