Kerala | ThiruvananthapuramWayanadErnakulamIdukkiThrissur
National
Global | Kuwait
TechnologySportsEducationAgricultureEntertainmentFeatured
Advertisement

പാലക്കാട്‌ തോൽവി; ബിജെപിയിൽ കലാപം,നേതൃത്വത്തിനെതിരെ രൂക്ഷ വിമര്‍ശനം

05:23 PM Nov 25, 2024 IST | Online Desk
Advertisement

പാലക്കാട്: ബിജെപിയ്ക്കുള്ളിലെ കലാപം നിയമസഭാ ഉപതെരഞ്ഞെടുപ്പ് കഴിഞ്ഞതോടെ മറനീക്കി പുറത്ത്. നേതൃത്വത്തിനെതിരെ രൂക്ഷമായ വിമര്‍ശനമുന്നയിച്ച് പാലക്കാട് നഗരസഭ കൗണ്‍സിലര്‍മാര്‍ ഉള്‍പ്പെടെയുള്ളവര്‍ രംഗത്തെത്തി. ഇതില്‍ ദേശീയ സമിതി അംഗവും നഗരസഭ ചെയര്‍പേഴ്‌സണും ഉള്‍പ്പടെയുള്ളവര്‍ ഉണ്ട്. ബിജെപി സംസ്ഥാന അധ്യക്ഷനും പാലക്കാട് നിയമസഭയിലേക്ക് മത്സരിച്ച സ്ഥാനാര്‍ത്ഥിക്കും എതിരെയാണ് കടുത്ത ആരോപണം ഉയര്‍ന്നിരിക്കുന്നത്. ഇതോടെ ബിജെപി സംസ്ഥാന നേതൃത്വം തന്നെ വെട്ടിലായി.
പാലക്കാട് നഗരസഭയില്‍ ബിജെപിയുടെ വോട്ട് ചോര്‍ച്ചയ്ക്ക് കാരണം നേതൃതമാണെന്ന് നഗരസഭ ചെയര്‍പേഴ്‌സണ്‍ ഉള്‍പ്പെടെയുള്ളവര്‍ പറഞ്ഞു. സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രനും സ്ഥാനാര്‍ത്ഥി എസ്. കൃഷ്ണകുമാറും തന്നിഷ്ടപ്രകാരമാണ് പ്രവര്‍ത്തിക്കുന്നതെന്ന കടുത്ത ആരോപണമാണ് ഉയര്‍ന്നുവന്നത്. സി. കൃഷ്ണകുമാറിനെ സ്ഥാനാര്‍ത്ഥിയാക്കിയത് പ്രവര്‍ത്തകരുടെ വികാരം മാനിക്കാതെയായിരുന്നുവെന്ന് നഗരസഭാ ചെയര്‍പേഴ്‌സണ്‍ പ്രമീള ശശിധരന്‍ പറഞ്ഞു. ലോകസഭ തെരഞ്ഞെടുപ്പില്‍ തന്നെ കൃഷ്ണകുമാറിനോടുള്ള താല്പര്യക്കുറവ് പ്രവര്‍ത്തകര്‍ അറിയിച്ചിരുന്നതായും ഇത് മുഖവിലയ്ക്ക് എടുക്കാതെയാണ് അദ്ദേഹത്തെ സ്ഥാനാര്‍ഥിയാക്കിയതെന്നും അവര്‍ പറഞ്ഞു. തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ പാര്‍ട്ടിയില്‍ മറ്റൊരാളും ഇല്ലേ എന്നുവരെ പ്രവര്‍ത്തകര്‍ ചോദിക്കുകയുണ്ടായി. എന്നാല്‍ നേതൃത്വത്തിന്റെ നിര്‍ദേശപ്രകാരമാണ് പൂര്‍ണ്ണമനസ്സോടെ തെരഞ്ഞെടുപ്പ് രംഗത്ത് സജീവമായി പ്രവര്‍ത്തിച്ചത്. എന്നിട്ടും തോല്‍വിയുടെ ഉത്തരവാദിത്വം തങ്ങളുടെ തലയില്‍ കെട്ടിവയ്ക്കാനാണ് സ്ഥാനാര്‍ഥി ശ്രമിച്ചത്. ബിജെപിയുടെ 18 കൗണ്‍സിലര്‍മാര്‍ അടക്കം സജീവമായി തെരഞ്ഞെടുപ്പ് പ്രവര്‍ത്തനരംഗത്ത് ഉണ്ടായിരുന്നു. സ്വന്തം കഴിവുകേട് മറച്ചുവെക്കാന്‍ തങ്ങളെ കരുവാക്കാനുള്ള നടപടി അംഗീകരിക്കാനാവില്ലെന്നും ബിജെപി കൗണ്‍സിലര്‍മാര്‍ പറഞ്ഞു.
അതേസമയം ഒരു പടികൂടി ശക്തമായി പ്രതികരിച്ചാണ് ദേശീയ സമിതി അംഗം എന്‍. ശിവരാജന്‍ രംഗത്തെത്തിയത്. പാര്‍ട്ടിക്ക് പിന്നില്‍ സജീവമായി അണിനിരന്നിട്ടും കൃഷ്ണകുമാറിന് വേണ്ടി പ്രവര്‍ത്തിച്ചിട്ടും തങ്ങളെ തള്ളിപ്പറയുകയായിരുന്നു. കഴിഞ്ഞ കുറെ കാലങ്ങളായി നഗരസഭ കൗണ്‍സിലറായി പ്രവര്‍ത്തിക്കുന്ന താന്‍ ധനസമ്പാദനത്തിനുള്ള മാര്‍ഗമായി രാഷ്ട്രീയ പ്രവര്‍ത്തനം കണ്ടിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. കോയമ്പത്തൂരില്‍ ബ്ലേഡ് കമ്പനി നടത്തുകയല്ല ചെയ്യുന്നതെന്നും മുസ്ലിം വോട്ടര്‍മാര്‍ക്ക് ഇടയില്‍ പോലും തനിക്ക് സ്വാധീനമുണ്ടെന്നും ശിവരാജന്‍ വ്യക്തമാക്കി, കൃഷ്ണകുമാറിന്റെ ആസ്തി വെളിപ്പെടുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കെ സുരേന്ദ്രനും കൃഷ്ണകുമാറും രഘുനാഥും ഉള്‍പ്പെടെയുള്ളവരാണ് പ്രചരണ പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ചത്. മണ്ഡലത്തെക്കുറിച്ച് ഒന്നുമറിയാത്ത രഘുനാഥന് സ്വന്തം ജില്ലയില്‍ പോലും കഴിവു തെളിയിക്കാന്‍ കഴിഞ്ഞിട്ടില്ലെന്നും അദ്ദേഹം ആരോപിച്ചു.
നഗരസഭ ഭരണത്തെ ചൊല്ലിയുള്ള ബിജെപിയിലെ കലാപമാണ് തെരഞ്ഞെടുപ്പ് കഴിഞ്ഞതോടെ അതിരൂക്ഷമായി പ്രതിഫലിക്കുന്നത്. നേരത്തെ നഗരസഭ ചെയര്‍പേഴ്‌സന്‍ ആയിരുന്ന പ്രിയ അജയനെ പുറത്താക്കാന്‍ കൃഷ്ണകുമാറും സംഘവും ശ്രമിച്ചിരുന്നതായി മുന്‍പുതന്നെ ആരോപണം ഉയര്‍ന്നിരുന്നു, നഗരസഭാ ഭരണം താറുമാറാക്കാന്‍ ബോധപൂര്‍വ്വമായ ശ്രമവും ഇവര്‍ നടത്തിയിരുന്നു. ഇവര്‍ക്കിടയില്‍ പ്രവര്‍ത്തിക്കാന്‍ പോലും സാധിക്കാതെ ഒതുക്കിയപ്പോഴാണ് വ്യക്തിപരമായ കാരണങ്ങള്‍ കൊണ്ട് രാജിവെക്കുന്നുവെന്ന് പറഞ്ഞു പ്രിയ അജയന്‍ പിന്‍വാങ്ങിയത്, തുടര്‍ന്ന് പ്രമീളാ ശശിധരന്‍ വീണ്ടും ചെയര്‍പേഴ്‌സണ്‍ ആയി ചുമതലയേല്‍ക്കുകയായിരുന്നു.
കൃഷ്ണകുമാറിന്റെ ഭാര്യയായ മിനി ചെയര്‍പേഴ്‌സണ്‍ സ്ഥാനം മോഹിച്ച് പ്രിയ അജയനെ പുറത്താക്കാന്‍ ശ്രമിച്ചിരുന്നതായി ബിജെപി കൗണ്‍സിലര്‍മാര്‍ അന്ന് അടക്കം പറഞ്ഞിരുന്നു. പ്രിയയുടെ രാജിയിലൂടെ ഇത് വ്യക്തമാവുകയും ചെയ്തു. അതേസമയം ഒരുവിഭാഗം കൗണ്‍സിലര്‍മാര്‍ എതിര്‍പ്പുമായി രംഗത്തെത്തിയതാണ് മിനിയുടെ വഴിമുടങ്ങാന്‍ കാരണമായത്.
നിയമസഭാ ഉപതെരഞ്ഞെടുപ്പില്‍ ശോഭാ സുരേന്ദ്രനെ സ്ഥാനാര്‍ത്ഥിയാക്കണമെന്ന് പാലക്കാട്ടെ ഒരു വിഭാഗം ബിജെപി പ്രവര്‍ത്തകര്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ കെ. സുരേന്ദ്രനും മറ്റും ഇതില്‍ എതിര്‍പ്പ് പ്രകടിപ്പിച്ചതാണ് ശോഭയുടെ സ്ഥാനാര്‍ത്ഥിത്വം നഷ്ടപ്പെടാന്‍ ഇടയാക്കിയത്. കേന്ദ്ര സഹമന്ത്രിയായ സുരേഷ് ഗോപി പോലും ശോഭാ സുരേന്ദ്രനെ സ്ഥാനാര്‍ത്ഥിയാക്കണമെന്ന് ആവശ്യപ്പെട്ടതാണ്. ഇതെല്ലാം മറികടന്നാണ് കൃഷ്ണകുമാറിന് സ്ഥാനാര്‍ത്ഥി കുപ്പായം നല്‍കിയത്. തുടക്കത്തില്‍ തന്നെ ഇതില്‍ ബിജെപിയില്‍ പ്രതിഷേധം ഉയര്‍ന്നിരുന്നു. പാലക്കാട് നഗരസഭയ്ക്ക് മുന്നില്‍ സ്ഥാപിച്ചിരുന്ന ശോഭാ സുരേന്ദ്രനെ സ്വാഗതം ചെയ്തുള്ള കട്ടൗട്ടര്‍ രാത്രി നശിപ്പിക്കുകയും ചെയ്തു. ഇതിനെതിരെ പരാതി നല്‍കാന്‍ പോലും നേതൃത്വം തയ്യാറായില്ലെന്നത് ബിജെപിയ്ക്കുള്ളിലെ ചേരിതിരിവാണെന്നത് പ്രകടമാണ്. ഏറ്റവും ഒടുവില്‍ ദേശീയ നേതൃത്വം ഇടപെട്ടാണ് ശോഭാസുരേന്ദ്രനെ കൃഷ്ണകുമാറിന്റെ പ്രചരണത്തിന് പോലും എത്തിച്ചത്.
പാലക്കാട് നഗരസഭയില്‍ ഒരു സമുദായത്തിന്റെ വോട്ട് ബിജെപിയെ തുണച്ചില്ലെന്നത് പകല്‍ പോലെ വ്യക്തമാണ്. നഗരത്തിലെ പ്രബല സമുദായക്കാരെ കൃഷ്ണകുമാറിന്റെ നേതൃത്വത്തില്‍ തഴയുകയായിരുന്നുവെന്ന ആരോപണവും ഉയര്‍ന്നിരുന്നു. ആര്‍എസ്എസ് ഇടപെട്ടിട്ടും നഗരസഭയില്‍ ബിജെപിക്ക് വോട്ട് കുറഞ്ഞത് കൃഷ്ണകുമാറിനോടുള്ള അതൃപ്തി കൊണ്ടാണെന്നാണ് പാര്‍ട്ടി വൃത്തങ്ങള്‍ തന്നെ പറയുന്നത്. ഇതിനിടെ നേതൃത്വത്തിന്റെ ഇടപെടലില്‍ മനം മടുത്ത് ബിജെപി കൗണ്‍സിലര്‍മാര്‍ രാജി സന്നദ്ധതയും അറിയിച്ചിട്ടുണ്ട്.
ഏതായാലും വരും ദിവസങ്ങളില്‍ ബിജെപിക്കുള്ളില്‍ പുതിയൊരു ചേരിതിരിവ് ഉണ്ടാവുമെന്നത് വ്യക്തമാണ്. നഗരസഭ കൗണ്‍സിലര്‍മാര്‍ ഒറ്റക്കെട്ടായി നേതൃത്വത്തിനെതിരെ പടയൊരുക്കം നടത്തുന്നത് ബിജെപിക്കുള്ളില്‍ കടുത്ത പ്രതിസന്ധിയാണ് സൃഷ്ടിക്കുക. നേതൃമാറ്റം കൊണ്ടും ബിജെപിയിലെ കലാപം കെട്ടടങ്ങാന്‍ ഇടയില്ലെന്നതിലേക്കാണ് കാര്യങ്ങള്‍ നീങ്ങുന്നത്.

Advertisement

Tags :
kerala
Advertisement
Next Article